കോട്ടയം

ബെവ്കൊ കൊള്ള – മുണ്ടക്കയം ബിവറേജസ് ഔട്ട് ലെറ്റിലെ മുഴുവൻ ജീവനക്കാർക്കുമെതിരെയും നടപടി ! ഷോപ്പ് മാനേജർക്ക് സസ്പെൻഷൻ. മൂന്നു സ്ഥിരം ജീവനക്കാർക്ക് സ്ഥലംമാറ്റം. മദ്യം കടത്തിയ മൂന്നു താൽക്കാലിക ജീവനക്കാരെ പിരിച്ചും വിട്ടു ! ലോക്ഡൗണിൽ ജീവനക്കാർ ബിവറേജിൽ നിന്നും കടത്തിയത് 100 കെയ്സിലേറെ മദ്യം. പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാർ കൂടുതൽ തട്ടിപ്പു നടത്തിയെന്ന് സംശയം

ന്യൂസ് ബ്യൂറോ, കോട്ടയം
Monday, June 21, 2021

കോട്ടയം : ലോക് ഡൗണിൻ്റെ മറവിൽ മുണ്ടക്കയം ബിവറേജസ് ഔട്ട്ലറ്റിൽ നിന്നും വിദേശമദ്യം കടത്തിയ സംഭവത്തിൽ മുഴുവൻ ജീവനക്കാർക്കുമെതിരെ ബെവ്കോയുടെ നടപടി. ഷോപ്പ് ഇൻ ചാർജിനെ സസ്പെൻഡ് ചെയ്തു. മൂന്നു താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു.

ഷോപ്പ് ഇൻചാർജ് സൂരജ് സുരേന്ദ്രനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. മദ്യം കടത്തലിൽ പങ്കാളികളായ താൽകാലിക ജീവനക്കാരായ ഡോൺ മാത്യു, ശിവജി ,സനൽ എന്നിവരെയാണ് ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. ഷോപ്പ് അസിസ്റ്റൻ്റ് വിഷ്ണു അടക്കം മറ്റു രണ്ടു ജീവനക്കാരെയും സ്ഥലം മാറ്റിയിട്ടുണ്ട്.

പുതിയ ജീവനക്കാർ എത്തുംവരെ സ്ഥലം മാറ്റിയവർ ഇവിടെ തുടരും.ലോക്ഡൗൺ കാലത്ത് ജീവനക്കാരുടെ നേതൃത്വത്തിൽ 100 കെയ്സിലേറെ മദ്യമാണ് ഇവിടെ നിന്നും കടത്തിയത്. 10 ലക്ഷത്തിലേറെ രൂപയുടെ മദ്യം വരും ഇത്.

ലോക് ഡൗൺ കാലത്ത് ഔട്ട്ലറ്റിൽ നിന്നും മദ്യം കടത്തുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജൂൺ ഒന്നിന് എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ എ സുൽഫിക്കറുടെ നിർദ്ദേശ പ്രകാരം ഔട്ട്ലെറ്റിൽ പ്രാഥമിക പരിശോധന നടത്തി സീൽ ചെയ്യുകയായിരുന്നു. തുടർന്ന് ബെവ് കോ ഓഡിറ്റ് വിഭാഗവും എക്സൈസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ നൂറു കെയ്സ് മദ്യത്തിൻ്റെ കുറവു കണ്ടെത്തുകയായിരുന്നു.

പത്തു ലക്ഷത്തോളം രൂപയുടെ കുറവാണ് കണ്ടെത്തിയത്. ഔട്ട്ലെറ്റിലെ കുറവുള്ള മദ്യവും വെയർ ഹൗസിലെ കണക്കുകളും തമ്മിൽ ഒത്തുനോക്കിയതിൽ ക്രമക്കേട് നടന്നതായി ബോധ്യപെടുകയായിരുന്നു. ലോക്ഡൗൺ കാലത്ത് ബിവറേജസിൽ നിന്നും കടത്തിയ മദ്യം വിറ്റ് ഇവർ കാൽകോടിയിലേറെ രൂപ നേടിയിരുന്നു.

×