കോട്ടയം : പാലാ നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍ അമര്‍ഷവും സങ്കടവുംകൊണ്ട് പൊട്ടിത്തെറിക്കുകയാണ്; ഒരു മാസം മുമ്പ് പാലാ തൊടുപുഴ ഹൈവേയില്‍ മുണ്ടാങ്കല്‍ നഗരസഭ അതിര്‍ത്തിയില്‍ സ്ഥാപിച്ച മനോഹരമായ ''ഐ ലവ് പാലാ'' ബോര്‍ഡിനെ മറച്ചുകൊണ്ട് സ്വകാര്യ ഹോട്ടല്‍ ഉടമ അയാളുടെ ഹോട്ടലിന്റെ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നു, എന്നതാണ് ബൈജുവിനെ ചൊടിപ്പിച്ചത്.
രണ്ട് ലക്ഷം രൂപയോളം ചെലവഴിച്ച് നാലടി ഉയരത്തിലാണ് പാലാ നഗരസഭ അതിര്‍ത്തി കവാടത്തില്‍ "ഐ ലവ് പാലാ " ബോര്‍ഡ് സ്ഥാപിച്ചത്.
നഗരസഭ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കരയും ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പിലും ജോസ് കെ. മാണി എം.പി. മുഖാന്തിരം നിരന്തരം പരിശ്രമം നടത്തിയതിനെ തുടര്‍ന്നാണ് ഹൈവേയുടെ ഓരം ചേര്‍ന്ന് ഇങ്ങനെയൊരു ബോര്‍ഡ് സ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പ് അനുവാദം കൊടുത്തത്.
ആറുമാസത്തെ നിരന്തര പരിശ്രമത്തിനൊടുവിലാണ് മനോഹരമായ കവാട ബോര്‍ഡ് പാലാ നഗരസഭയുടെ അതിര്‍ത്തിയില്‍ ഉയര്‍ന്നത്. കഴിഞ്ഞ മാസം ആഘോഷപൂർവ്വം ഉദ്ഘാടനവും നടത്തി.
മുണ്ടാങ്കലിൽ കവാട ബോർഡിനു മുന്നിലൂടെ കടന്നുപോകുന്നവരില്‍ മിക്കവരും വാഹനം നിര്‍ത്തി ഫോട്ടോ എടുത്തേ പോകാറുണ്ടായിരുന്നുള്ളൂ. രാത്രിയില്‍ എല്‍.ഇ.ഡി. ബള്‍ബുകളുടെ തിളക്കത്തില്‍ ബോര്‍ഡ് കൂടുതല്‍ മനോഹരവുമായിരുന്നു.
ഇതിനെയെല്ലാം മറച്ചുകൊണ്ടണ് ഇതിന് തൊട്ടുമുന്നില്‍ എട്ടടി ഉയരത്തില്‍ സ്വകാര്യ ഹോട്ടല്‍ ഉടമ ബോര്‍ഡ് സ്ഥാപിച്ചത് എന്നാണാക്ഷേപം. ഈ ബോര്‍ഡിന്റെ പണി ആരംഭിച്ചപ്പോള്‍ തന്നെ നഗരസഭ എഞ്ചിനീയറിംഗ് വിഭാഗം നിര്‍മ്മാണ അനുമതി നിഷേധിച്ചെങ്കിലും ഇതൊന്നും കൂസാതെ ഹോട്ടല്‍ ഉടമ ബോര്‍ഡ് പണിതുയര്‍ത്തുകയായിരുന്നുവെന്നും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കുറ്റപ്പെടുത്തി.
ഇന്നലെ ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ മുന്‍ ചെയര്‍പേഴ്‌സണ്‍ കൂടിയായ ബിജി ജോജോ കുടക്കച്ചിറയാണ് ഈ അനീതി കൗണ്‍സിവിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. തുടര്‍ന്ന് സ്വകാര്യ ഹോട്ടല്‍ ഉടമ സ്ഥാപിച്ച ബോര്‍ഡ് എത്രയും വേഗം നീക്കണമെന്ന് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പിലും ആവശ്യപ്പെട്ടു.
ഇത് കൗണ്‍സിലിന്റെ പൊതുവികാരമാണെന്നും എത്രയും വേഗം ബോര്‍ഡ് നീക്കാന്‍ സ്വകാര്യ ഹോട്ടല്‍ ഉടമയ്ക്ക് നോട്ടീസ് നല്‍കുമെന്നും ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര കൗൺസിലിൽ വ്യക്തമാക്കി.