അമ്മയുടെ 10 പവൻ സ്വർണാഭരണങ്ങൾ മകൾ മോഷ്ടിച്ചു, 5 പവൻ മുക്കുപണ്ടം പകരം വച്ചു; മകളും മരുമകനും അറസ്റ്റില്‍

New Update

ഏറ്റുമാനൂർ:  അമ്മയുടെ 10 പവൻ സ്വർണാഭരണങ്ങൾ മകൾ മോഷ്ടിച്ച് 5 പവൻ മുക്കുപണ്ടം പകരം വച്ച കേസിൽ മകളും മരുമകനും അറസ്റ്റിലായി.  തിരുവനന്തപുരം കരമന കുന്നിൻപുറം വീട്ടിൽ താമസിക്കുന്ന ഐശ്വര്യ (22), ഭർത്താവ് കിരൺരാജ് (26) എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisment

publive-image

ഐശ്വര്യയുടെ കുടുംബവീടായ പേരൂരിലെ വീട്ടിൽ ഓണാവധിക്കാലത്താണു മോഷണം നടന്നത്. ഐശ്വര്യ ഓണത്തിന് ഇവിടെ എത്തിയ അവസരത്തിൽ അമ്മ പാലക്കാട്ട് ജോലിക്കു പോയിരിക്കുകയായിരുന്നു. ഈ സമയത്ത് ഐശ്വര്യ സ്വർണവുമായി തിരുവനന്തപുരത്തേക്കു പോയെന്നാണു കേസ്. അമ്മ തിരികെ എത്തിയപ്പോഴാണു സ്വർണം കാണാതായ വിവരം അറിയുന്നത്. തുടർന്ന് അമ്മ ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

സ്വർണം മോഷ്ടിച്ചതു മകളാണെന്നു കണ്ടെത്തി. പൊലീസ് ഐശ്വര്യയുടെ ഭർത്താവിന്റെ വീട്ടിൽ നിന്നു 10 പവൻ കണ്ടെടുത്തു. തുടർന്നു നടത്തിയ പരിശോധനയിലാണ് ഇതിലെ 5 പവൻ മുക്കുപണ്ടമാണെന്നു വ്യക്തമായത്.

മോഷ്ടിച്ച സമയത്തുണ്ടായിരുന്ന സ്വർണത്തിൽനിന്ന് 5 പവൻ മാലയെടുത്തു പണയം വയ്ക്കുകയും പകരമായി ഇതേ തൂക്കത്തിൽ മുക്കുപണ്ടം വയ്ക്കുകയുമായിരുന്നു. ഇളയ മകളുടെ വിവാഹ ആവശ്യത്തിനായി അമ്മ കരുതിയിരുന്നതാണു സ്വർണാഭരണങ്ങൾ.

ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. സ്റ്റേഷൻ എസ്എച്ച്ഒ സി.ആർ.രാജേഷ്കുമാർ, എസ്ഐ സ്റ്റാൻലി, എഎസ്ഐ അംബിക, സിവിൽ പൊലീസ് ഓഫിസർമാരായ പി.സി.സജി, സൈഫുദ്ദീൻ, കെ.പി.മനോജ്, സുഭാഷ് വാസു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇരുവരെയും ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി.

Advertisment