കെപിസിസി പുനസംഘടിപ്പിച്ചപ്പോള്‍ കോട്ടയത്തിന് നേട്ടം. പാര്‍ട്ടിയില്‍ കരുത്തനായി ജോസഫ് വാഴയ്ക്കന്‍ ! ടോമി കല്ലാനി അരനൂറ്റാണ്ടിനിടെ ജനറല്‍ സെക്രട്ടറി പദവി കിട്ടുന്ന ആദ്യ മുന്‍ ഡിസിസി പ്രസിഡന്‍റുമായി, വനിതാ/ദളിത്‌ പ്രാതിനിത്യവുമായി ഡോ. പി. ആര്‍ സോണയും

ന്യൂസ് ബ്യൂറോ, കോട്ടയം
Friday, January 24, 2020

കോട്ടയം:  കെപിസിസി പുനസംഘടനയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാപ്പോള്‍ കോട്ടയം ഡിസിസിക്കും അഭിമാനിക്കാന്‍ വകയേറെ ! കോട്ടയത്തെ മുന്‍ ഡിസിസി പ്രസിഡന്‍റുമാരില്‍ അഡ്വ. ടോമി കല്ലാനി ജനറല്‍ സെക്രട്ടറിയായപ്പോള്‍ കോട്ടയത്തെ കോണ്‍ഗ്രസ് നേതാക്കളില്‍ പ്രധാനിയായിരുന്ന ജോസഫ് വാഴയ്ക്കന്‍ വൈസ് പ്രസിഡന്‍റുമായി.

ഇതോടെ കെപിസിസി ഭാരവാഹിത്വം വഹിക്കുന്ന ഐ ഗ്രൂപ്പ് നേതാക്കളില്‍ ഏറ്റവും പ്രമുഖൻ ആയി വാഴയ്ക്കന്‍ മാറുകയാണ്. പാര്‍ട്ടിയില്‍ ഇനി ഐ ഗ്രൂപ്പിന്‍റെ കടിഞ്ഞാല്‍ രമേശ് ചെന്നിത്തലയുടെ ഏറ്റവും വിശ്വസ്തനായ വാഴയ്ക്കനിലെത്തുകയാണ് .

അതേസമയം ടോമി കല്ലാനിയുടെ ഭാരവാഹിത്വത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അരനൂറ്റാണ്ടിനിടെ കോട്ടയം ഡിസിസി പ്രസിഡന്‍റ് പദവിയിലിരുന്ന ശേഷം സംസ്ഥാന ജനറല്‍ സെക്രട്ടറിയാകുന്ന ആദ്യ മുന്‍ ഡിസിസി പ്രസിഡന്‍റായി കല്ലാനി മാറുകയാണ്.

തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ജോസഫ് വാഴയ്ക്കനും ജനറല്‍ സെക്രട്ടറിമാരായിരുന്നിട്ടുണ്ടെങ്കിലും അവര്‍ ഡിസിസി പ്രസിഡന്‍റുമാരായിരുന്നില്ല. ആന്‍റോ ആന്‍റണിയും കുര്യന്‍ ജോയിയും ഡിസിസി പ്രസിഡന്‍റുമാരായിരുന്നെങ്കിലും അവര്‍ കെപിസിസി ജനറല്‍ സെക്രട്ടറിമാരായിട്ടില്ല.

അതിനുമുമ്പ് പി എസ് ജോൺ, ജോർജ് ജോസഫ് പൊടിപ്പാറ , എം പി ഗോവിന്ദൻ നായർ, വി കെ കുര്യൻ , പാലാ കെ എം മാത്യു, കെ സി ജോസഫ് എന്നിവരൊക്കെ ഡിസിസി അധ്യക്ഷൻ ആയിരുന്നെങ്കിലും അവർക്ക് കെപിസിസി ജനറൽ സെക്രട്ടറി പദവി ലഭിച്ചിട്ടില്ല .

ഗ്രൂപ്പ് നോമിനിയാകാതെ ഗ്രൂപ്പില്ലാത്തവരുടെ ലിസ്റ്റിലാണ് ടോമി കല്ലാനി കെപിസിസിയിലേയ്ക്ക് പരിഗണിക്കപ്പെട്ടത്. എങ്കിലും അടുത്തകാലത്തായി ഉമ്മൻചാണ്ടിയുമായി അടുത്ത ബന്ധമാണ് കല്ലാനിയ്ക്ക് ഉള്ളത്. അതിനാല്‍ തന്നെ കല്ലാനിയെ ഭാരവാഹിത്വത്തിലേയ്ക്ക് പരിഗണിക്കുന്നതില്‍ ഉമ്മൻചാണ്ടിയുടെ ഇടപെടല്‍ ഗുണം ചെയ്തു.

കോട്ടയം ഡിസിസി അധ്യക്ഷനായിരിക്കെ മൂന്നു തവണ മികച്ച ഡിസിസി അധ്യക്ഷനുള്ള എഐസിസിയുടെ ബഹുമതി നേടിയ നേതാവ് കൂടിയായിരുന്നു ടോമി കല്ലാനി.

കോട്ടയം ജില്ലക്കാർ എന്നതിലുപരി പാലാക്കാരുംകൂടിയായ ജോസഫ് വാഴയ്ക്കനും ടോമി കല്ലാനിയും കെപിസിസിയുടെ നേതൃനിരയിലേക്ക് പരിഗണിക്കപ്പെട്ടതോടെ കോട്ടയത്തെ കോൺഗ്രസ് ഘടകവും ഇനി സജീവമായി ഉയർത്തെഴുന്നേൽക്കും എന്ന പ്രതീക്ഷയോടെയാണ് ഇവിടുത്തെ സാധാരണ പ്രവര്‍ത്തകര്‍.

ഇവര്‍ക്കൊപ്പം കോട്ടയം നഗരസഭാ ചെയർപേഴ്സൺ കൂടിയായ ഡോ. പി ആര്‍ സോണയും കോട്ടയത്തുനിന്നു പുതിയ ജനറൽ സെക്രട്ടറി ആവുകയാണ്.

×