ചികിത്സാ ആവശ്യങ്ങൾക്കും മറ്റുമായി അമ്മ സ്ഥിരമായി പണം ആവശ്യപ്പെട്ടിരുന്നു; വീട്ടിൽ നിൽക്കരുതെന്നും ജോലി സ്ഥലത്തേക്കു തിരികെ പോകണമെന്നും പറഞ്ഞു; നിതിന്റെ വെളിപ്പെടുത്തല്‍

ന്യൂസ് ബ്യൂറോ, കോട്ടയം
Monday, June 1, 2020

ചങ്ങനാശേരി : തൃക്കൊടിത്താനം അമര കന്യാകോണിൽ (വാക്കയിൽ) കുഞ്ഞന്നാമ്മ (55) വെട്ടേറ്റു മരിച്ച കേസിൽ അറസ്റ്റിലായ മകൻ നിതിനെ ഇന്നലെ രാവിലെ വീട്ടിലെത്തിച്ചു തെളിവെടുത്തു. മൃതദേഹം വീട്ടിൽ നിന്നു മാറ്റിയ ശേഷമാണു നിതിനെ എത്തിച്ചത്.

കൊലപാതക രീതിയെക്കുറിച്ചു നിതിൻ പൊലീസിനോടു വിവരിച്ചു. നേരത്തേ തൊഴിലുറപ്പു പണിക്കു പോയിരുന്ന കുഞ്ഞന്നാമ്മ ഹൃദയസംബന്ധമായ രോഗങ്ങളെത്തുടർന്നു കുറച്ചു കാലമായി ജോലിക്കു പോയിരുന്നില്ല. വർഷങ്ങൾക്കു മുൻപു വിവാഹബന്ധം വേർപെടുത്തി അമരയിലെ വീട്ടിൽ തനിച്ചു കഴിയുകയായിരുന്നു. ഭർത്താവിനൊപ്പം കഴിഞ്ഞിരുന്ന 2 മക്കളും അദ്ദേഹത്തിന്റെ മരണശേഷമാണ് അമ്മയുടെ അടുത്തേക്കു വന്നതെന്നു ബന്ധുക്കൾ പറഞ്ഞു.

വിദേശത്തായിരുന്ന നിതിൻ ഫെബ്രുവരി 12നാണു നാട്ടിൽ എത്തിയത്. ചികിത്സാ ആവശ്യങ്ങൾക്കും മറ്റുമായി അമ്മ സ്ഥിരമായി പണം ആവശ്യപ്പെട്ടിരുന്നതായി നിതിൻ പറഞ്ഞു. വീട്ടിൽ നിൽക്കരുതെന്നും ജോലി സ്ഥലത്തേക്കു തിരികെ പോകണമെന്നും ആവശ്യപ്പെട്ടതായും പറഞ്ഞു. ഇരുവരും തമ്മിൽ സ്ഥിരം കലഹിച്ചിരുന്നതായി അയൽക്കാർ പൊലീസിനോടു പറഞ്ഞു. ചങ്ങനാശേരി ഡിവൈഎസ്പി എസ്.സുരേഷ് കുമാർ, തൃക്കൊടിത്താനം എസ്എച്ച്ഒ അനൂപ് കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

×