കടുത്തുരുത്തിയില്‍ കക്കയിറച്ചി കച്ചവടത്തിനു ശേഷം വീട്ടിലേക്ക് പോകാന്‍ ബസ് കാത്തു നിന്ന അമ്മയെയും മകളെയും യുവാവ് കയ്യേറ്റം ചെയ്തു ; അറസ്റ്റിലായ യുവാവിനെ ദുര്‍ബല വകുപ്പുകള്‍ മാത്രം ചുമത്തി പൊലീസ് വിട്ടയച്ചു

ന്യൂസ് ബ്യൂറോ, കോട്ടയം
Saturday, December 7, 2019

കടുത്തുരുത്തി : വീട്ടിലേക്കു പോകുവാൻ രാത്രി ബസ് കാത്തു നിന്ന അമ്മയെയും മകളെയും മദ്യലഹരിയിൽ യുവാവ് കയ്യേറ്റം ചെയ്തു. സംഭവത്തിൽ അറസ്റ്റിലായ കാണക്കാരി വട്ടുകുളം പട്ടമല രഞ്ജിത്തിനെ (33) ദുർബല വകുപ്പുകൾ ചേർത്ത് കേസ് എടുത്തതിനുശേഷം വിട്ടയച്ചതായി പരാതി.

കടുത്തുരുത്തി പൊലീസിനെതിരെ അമ്മയും മകളും വൈക്കം എഎസ്പിക്കു പരാതി നൽകി. തുടർന്നു യുവാവിനെതിരെ ഇന്നലെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു.

30നു രാത്രി 10 മണിയോടെ കോതനല്ലൂർ ജംക്‌ഷനിലാണ് സംഭവം. കക്കയിറച്ചി കച്ചവടത്തിനു ശേഷം മിക്ക ദിവസവും രാത്രി 8.30നാണ് ഇവർ വീട്ടിലേക്കു പോകുന്നത്.സംഭവദിവസം ഇവർക്കു സമയത്തു ബസ് കിട്ടിയില്ല. ഇതിനിടെ മദ്യലഹരിയിൽ എത്തിയ രഞ്ജിത്ത് ഇരുവരോടും മോശമായി പെരുമാറി. ഇത് ചോദ്യം ചെയ്ത അമ്മയെ ഇയാൾ തള്ളി നിലത്തിട്ടു.

ഇതോടെ യുവതി രഞ്ജിത്തിന്റെ കവിളത്തടിച്ചു. പിന്നീടാണ് ഇയാൾ യുവതിയെ മർദിച്ചത്. നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ രഞ്ജിത്ത് അടുത്തുള്ള ബാറിലേക്ക് പോയി. അമ്മയും മകളും അറിയിച്ചതിനെ തുടർന്ന് പൊലീസ് രാത്രി തന്നെ ബാറിൽ നിന്നും ഇയാളെ കസ്റ്റഡിയിൽ എടുത്തിരുന്നു.

എന്നാൽ പിറ്റേന്നു പൊലീസ് യുവാവിനെ താക്കീതു ചെയ്തു വിട്ടയച്ചു.30നു സ്റ്റേഷനിലെത്തിയ അമ്മയും മകളും കേസ് വേണ്ടെന്ന് പറഞ്ഞെങ്കിലും പൊതു സ്ഥലത്ത് മദ്യപിച്ച് ആക്രമണം നടത്തിയതിന് കേസെടുത്താണ് പ്രതിയെ വിട്ടയച്ചതെന്ന് കടുത്തുരുത്തി പൊലീസ് അറിയിച്ചു.

ഇരുവരെയും രഞ്ജിത്ത് ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ കടയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഇതിലെ ദൃശ്യങ്ങൾ അടക്കമാണ് എഎസ്പിക്കു പരാതി നൽകിയത്.

×