കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവത്തിന് കോഴിക്കോട്ട് തിരശീല ഉയരാൻ ഇനി അഞ്ചു നാളുകൾ മാത്രം. 61ാമത് സംസ്ഥാന കലോത്സവത്തിന് കോഴിക്കോട് ഒരുങ്ങിക്കഴിഞ്ഞു. സാമൂതിരിയുടെ തട്ടകത്തിൽ ഇനി രാപകൽ കലാ വസന്തമായിരിക്കും. 24വേദികൾ, 239 ഇനങ്ങൾ, 14000ത്തോളം മത്സരാർഥികൾ.
21 സബ് കമ്മിറ്റികളിലൂടെ അധ്യാപകസംഘടനാ പ്രതിനിധികളും ജനപ്രതിനിധികളും നാട്ടുകാരും രാപകലില്ലാതെ പ്രയത്‌നിച്ചാണ് കൗമാര പ്രതിഭകളെ അരങ്ങിലേക്ക് ആനയിക്കുന്നത്. കലോത്സവത്തനായുള്ള ഒരുക്കങ്ങളെല്ലാം അവസാനഘട്ടത്തിലാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി കോഴിക്കോട്ട് പറഞ്ഞു.
പരാതിരഹിതകലോത്സമായി മാറ്റാനാണ് തീരുമാനമെന്നും പരാതികളും പരിഭവങ്ങളുമുണ്ടായാൽ അപ്പപ്പോൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. മത്സരം കുട്ടികൾതമ്മിലാണെന്ന് എല്ലാവരും മനസിലാക്കണം. അവർക്കുവേണ്ടിയാണ് ഇക്കാണുന്ന ഒരുക്കങ്ങളെല്ലാം.
രക്ഷിതാക്കളും സ്‌കൂളുകളും അധ്യാപകരും മത്സരിക്കേണ്ടതില്ലെന്നും മന്ത്രി. കൊറോണയുടെ ചലനങ്ങൾ വീണ്ടും കണ്ടുതുടങ്ങിയ സാഹചര്യത്തിൽ മാസ്‌കും സാനിറ്റൈസറും കരുതണം. മാസ്‌ക് നിർബന്ധമാക്കുകയും മാസികില്ലാത്തവരെ പിടികൂടുകയുമല്ല ഉദ്ദേശം. മറിച്ച് ജാഗ്രതയാണ് ലക്ഷ്യം.
ജനുവരി മൂന്നിന് രാവിലെ 8.30 ന് വെസ്റ്റ് ഹിലിലെ ക്യാപ്റ്റൻ വിക്രം മൈതാനത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു.കെ. പതാക ഉയർത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമാവുക. കലോത്സവത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ മുഖ്യ പ്രഭാഷണം നടത്തും.
പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, വനം മന്ത്രി എ. കെ. ശശീന്ദ്രൻ,തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഒന്നാം വേദിയിൽ ഹൈസ്‌കുൾ വിഭാഗം കുട്ടികളുടെ മോഹിനിയാട്ടം മത്സരം ആരംഭിക്കും. ആദ്യദിവസം 23 വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്.
ഉദ്ഘാടന ദിവസം എല്ലാ വേദികളിലും മത്സരം രാവിലെ 11നാണ് തുടങ്ങുന്നതെങ്കിൽ തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ ഒമ്പതിനുതന്നെ മത്സരങ്ങൾ ആരംഭിക്കും. ജനുവരി 7ന് വൈകന്നേരം നാലുമണിക്ക് സമാപന സമ്മേളനം പ്രതിപക്ഷെ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.
സംഘാടക സമിതി ചെയർമാൻകൂടിയായ മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. റവന്യൂ മന്ത്രി കെ.രാജൻ സുവനീർ പ്രകാശനം നിർവഹിക്കും. വിജയികൾക്കുള്ള സമ്മാനദാനം വിദ്യാഭ്യാസ മന്ത്രി നിർവഹിക്കും. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കൃഷ്ണൻകുട്ടി, ആന്റണി രാജു എന്നിവർ വിശിഷ്ടാതിഥികളാവും.