Advertisment

ഇർഷാദ് കൊലക്കേസും ദീപക്കിന്റെ തിരോധാനവും തമ്മിൽ എന്താണ് ബന്ധം? ദീപക്കാണെന്ന് കരുതി സംസ്കരിച്ച ഇർഷാദിനെ കൊന്നതാര്? സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊന്നതോ? തെളിയിക്കാൻ ഇന്റ‌ർപോളിന്റെ സഹായം തേടി ക്രൈംബ്രാഞ്ച്

New Update

കോഴിക്കോട്: കോഴിക്കോട് മേപ്പയൂരിൽ നിന്ന് കാണാതായ ദീപക്കിനെ തിരികെ നാട്ടിലെത്തിച്ചെങ്കിലും ദീപക്കാണെന്ന പേരിൽ സംസ്‌കരിച്ച പന്തിരിക്കര സ്വദേശി ഇർഷാദിന്റെ കൊലയുടെ ചുരുളഴിയുന്നില്ല. തന്റെ തിരോധാനവുമായി ഇർഷാദിന്റെ കൊലയ്ക്ക് ബന്ധമില്ലെന്ന് ദീപക് പറയുമ്പോഴും ഇർഷാദിന്റെ കൊലപാതകികളിലെത്താതെ അന്വേഷണ സംഘം കുഴയുകയാണ്.

Advertisment

publive-image

ദീപക്കാണെന്ന് വരുത്തി ഇർഷാദിന്റെ മൃതദേഹം സംസ്‌കരിക്കാൻ അന്വേഷണസംഘം ധൃതികാണിച്ചെന്നും യാഥാർത്ഥ്യം വെളിപ്പെടാൻ സി.ബി.ഐ അന്വേഷണം വേണമെന്നും ഇർഷാദിന്റെ കുടുംബം ആവശ്യപ്പെട്ടു. ഡി.എൻ.എ ഫലം കിട്ടും മുമ്പ് മൃതദേഹം സംസ്‌കരിക്കാൻ അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ഇർഷാദിന്റെ മാതാവും പിതാവും ഇന്നലെ റൂറൽ എസ്‌.പിക്ക് പരാതി നൽകി. അതേസമയം ഇർഷാദ് കൊലക്കേസും ദീപക്കിന്റെ തിരോധാനവും തമ്മിൽ ഒരു ബന്ധവുമില്ലെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

ഗോവയിൽ നിന്നും തിരിച്ചെത്തിച്ച ദീപക്കിനെ ഹേബിയസ് കോർപസ് ഹർജി നിലവിലുള്ളതിനാൽ ഇന്ന് വീഡിയോ കോൺഫറൻസ് മുഖേന ഹൈക്കോടതി മുമ്പാകെ ക്രൈംബ്രാഞ്ച് ഹാജരാക്കും. അതിനുശേഷമാകും ബന്ധുക്കൾക്കൊപ്പം വിട്ടയയ്ക്കുക. ഏഴു മാസം മുമ്പ് കാണാതായ ദീപക്കിനെ ബുധനാഴ്ചയാണ് ക്രൈംബ്രാഞ്ച് സംഘം നാട്ടിൽ തിരിച്ചെത്തിച്ചത്.

താൻ നേരത്തെയും നാട് വിട്ട് പോയിട്ടുണ്ടെന്നും സാമനമായ രീതിയിൽ കഴിഞ്ഞ ജൂണിൽ വീട്ടിൽ നിന്ന് പോവുകയായിരുന്നെന്നാണ് ഇയാളുടെ മൊഴി. തന്റെ മൃതദേഹമാണെന്ന ധാരണയിൽ ബന്ധുക്കൾ പന്തിരിക്കര സ്വദേശി ഇർഷാദിന്റെ മൃതദേഹം സംസ്‌കരിച്ചതോ തുടർന്നുണ്ടായ പൊലീസ് അന്വേഷണമോ ഒന്നും അറിഞ്ഞിരുന്നില്ലെന്നും ദീപക് പറയുന്നു. ഡി.എൻ.എ പരിശോധനയിൽ മരിച്ചത് ദീപക്കല്ലെന്നും സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇർഷാദാണെന്നും തിരിച്ചറിഞ്ഞതോടെയാണ് ദീപക്കിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.

ദീപക്കിന്റെ അമ്മ നൽകിയ ഹേബിയസ് കോർപസ് ഹർജി പരിഗണിച്ച് കേസ്, ക്രൈംബ്രാഞ്ചിന് കൈമാറി. ഏറെക്കാലം നീണ്ട അന്വേഷണത്തിലും ദീപക്കിനെ കണ്ടെത്താനായില്ല. ഇതിനിടെ, കഴിഞ്ഞ ദിവസം അമ്മയുടെ ഫോണിലേക്ക് ദീപക് വിളിച്ചതോടെയാണ് ഗോവയിലുണ്ടെന്ന വിവരം അന്വേഷണ സംഘത്തിന് കിട്ടിയത്. സഞ്ചാരപാതയടക്കം പരിശോധിച്ചതിലൂടെ പന്തിരിക്കര ഇർഷാദ് കൊലക്കേസുമായി ദീപക്കിന് ബന്ധമില്ലെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

എന്നാൽ മാസങ്ങൾക്ക് ശേഷം ദീപക് തിരിച്ചെത്തുമ്പോൾ ഇർഷാദിന് സംഭവിച്ചതെന്തെന്നും പിന്നിലെ സ്വർണക്കള്ളക്കടത്ത് സംഘം ആരൊക്കെയാണെന്നും കണ്ടെത്തുക അന്വേഷണസംഘത്തിന് വലിയ വെല്ലുവിളിയാവും. ഒന്നാം പ്രതിയടക്കം കേസിലെ മൂന്ന് പ്രതികളും വിദേശത്താണ്.

ഇവരെ ഇന്റർപോളിന്റെ സഹായത്തോടെ നാട്ടിലെത്തിച്ചാലേ കേസിന് വല്ല തുമ്പും കിട്ടുകയുള്ളൂ. കേസിൽ സ്വർണക്കള്ളക്കടത്ത് ക്വട്ടേഷൻ സംഘങ്ങളായ 12പേരെ പ്രതിചേർത്ത് പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. പ്രധാന പ്രതികൾ വിദേശത്തായതാണ് അന്വേഷണസംഘത്തെ കുഴയ്ക്കുന്നത്.

കള്ളക്കടത്ത് സ്വർണം മറിച്ചുവിറ്റെന്നാരോപിച്ചാണ് പന്തിരിക്കര കോഴിക്കുന്നുമ്മൽ ഇർഷാദിനെ 2022 ജൂലായ് മൂന്നിന് സ്വർണകള്ളക്കടത്തു സംഘം തട്ടിക്കൊണ്ടുപോകുന്നത്. 17ന് ഇർഷാദിന്റെ മൃതദേഹം തിക്കോടി കോടിക്കൽ കടപ്പുറത്ത് കണ്ടെത്തി. എന്നാൽ ഈ മൃതദേഹം മേപ്പയ്യൂർ വടക്കേക്കണ്ടി ദീപക്കിന്റേതാണെന്ന് കരുതി ബന്ധുക്കൾ സംസ്‌കരിക്കുകയായിരുന്നു.

ഇർഷാദിനെ കാണാതായ സംഭവത്തിൽ നിലവിൽ അറസ്റ്റിലായവർ ജൂലായ് 15ന് രാത്രി പുറക്കാട്ടേരി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയെന്നാണ് മൊഴി നൽകിയത്. മൃതദേഹം കണ്ടെത്തുമ്പോൾ ദീപക്കിനെ കാണാതായ പരാതിയുമുണ്ടായിരുന്നു. തിരക്കിട്ട് ഇർഷാദിന്റെ മൃതദേഹം ദീപക്കിന്റേതാണെന്ന് പറഞ്ഞ് സംസ്‌കരിച്ചതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇപ്പോൾ ബന്ധുക്കൾ ആരോപിക്കുന്നു.

Advertisment