കോഴിക്കോട്: ഒളവണ്ണയിലെ റെസ്‌റ്റോറൻ്റ് ഉടമ തിരൂർ സ്വദേശി സിദ്ദിഖിനെ(58) കൊന്ന് മൃതദേഹം കഷണങ്ങളാക്കി അട്ടപ്പാടിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വച്ചാണ് കൊലപാതകം നടത്തിയത്. കഷ്ണങ്ങളാക്കി ട്രോളി ബാഗിൽ അടച്ച് അട്ടപ്പാടിയിലെ അഗളിയിൽ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ സിദ്ദിഖിന്റെ ഒളവണ്ണയിലെ ഹോട്ടലിലെ ജീവനക്കാരനായ ഷിബിലിയും ഇയാളുടെ പെൺസുഹൃത്ത് ഫർഹാന എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
/sathyam/media/post_attachments/GUQz2qzouqQS0VsItc59.webp)
ഇവരെ ചെന്നൈയിൽ വച്ച് തമിഴ്നാട് പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ കേരളാ പൊലീസ് സംഘം ചെന്നൈയിലെത്തി കസ്റ്റഡിയിൽ വാങ്ങിയ ശേഷം മലപ്പുറത്തേക്ക് കൊണ്ടുവരുമെന്നാണ് റിപ്പോർട്ടുകൾ. ചെർപ്പുളശേരി സ്വദേശിയാണ് ശിബിലി. പ്രതികൾ ഇന്നലെ മുതൽ ഒളിവിൽ ആയിരുന്നു.
ഷിബിലിന് 22 ഉം ഫർഹാനയ്ക്ക് 18 വയസുമാണ് പ്രായമെന്ന് പൊലീസ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽ പിടിയിലായ ഫർഹാനയുടെ സഹോദരൻ ഗഫൂറിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. ഫർഹാനയെ ചൊവ്വാഴ്‌ച മുതൽ കാണാതായിരുന്നു. തുടർന്ന് വീട്ടുകാർ ചെർപ്പുളശേരി പൊലീസിൽ ബുധനാഴ്‌ച പരാതി നൽകിയതായാണ് വിവരം.
.
സിദ്ദിഖിനെ കാണാനില്ലെന്ന് പറഞ്ഞ് മകൻ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിദ്ദിഖിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായതായി കണ്ടെത്തി. പിന്നിട് നടത്തിയ അന്വേഷണത്തിലാണ് ഹോട്ടലിൽ വച്ച് കൊലപാതകം നടന്നെന്ന് വ്യക്തമായത്.
അതേസമയം ഫർഹാനയ്‌ക്കൊപ്പം പിടിയിലായ ഹോട്ടൽ ജീവനക്കാരൻ ഷിബിലി ഹോട്ടലിൽ ജോലി ചെയ്‌തത് 15 ദിവസം മാത്രമാണെന്ന് കൂടെ ജോലി ചെയ്‌ത യൂസഫ് വ്യക്തമാക്കിയിട്ടുണ്ട്. പെരുമാറ്റ ദൂഷ്യം കാരണം വ്യാഴാഴ്‌ചയോടെ ഷിബിലിയെ പുറത്താക്കിയെന്നുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്.