കോഴിക്കോട്: രാഷ്ട്രീയ എതിരാളികളെ തേജോവധം ചെയ്യാന്‍ സിപിഎം ഏതു ഹീനമാര്‍ഗവും ഉപയോഗിക്കുന്നുവെന്ന് കെ മുരളീധരന്‍ എംപി. കുറ്റപത്രത്തില്‍ പോലും പേരില്ലാത്ത കെപിസിസി പ്രസിഡന്റിനെതിരെയാണ് പോക്‌സോ കേസില്‍ ഇപ്പോള്‍ എംവി ഗോവിന്ദന്‍ ആരോപണം ഉന്നയിക്കുന്നത്.
വിധി വന്ന കേസാണിത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മോന്‍സന്‍ മാവുങ്കലിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചതാണ്. ആ കേസിലാണ് ഇന്ന വ്യക്തി കൂടി ഉണ്ടായിരുന്നു തരത്തില്‍ ഗോവിന്ദന്‍ മാഷ് പ്രതികരിച്ചത്.
പീഡനക്കേസ് ഉണ്ടാകുന്നത് 2019 ലാണ്. മോന്‍സനും കെ സുധാകരനും കൂടിക്കണ്ടു എന്നു പറയുന്ന, സുധാകരനെ രണ്ടാം പ്രതിയാക്കിയിട്ടുള്ള കേസ് നടക്കുന്നത് 2018 ലാണ്. ഇനി 2019 ല്‍ പീഡനം നടക്കുമ്പോള്‍ സാന്നിധ്യം ഉണ്ടായിരുന്നു എന്ന് പെണ്‍കുട്ടി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കേണ്ടത് ആരായിരുന്നു. പ്രതിപക്ഷമാണോ എന്ന് കെ മുരളീധരന്‍ ചോദിച്ചു.
കേസ് അന്വേഷിച്ച പൊലീസ് അല്ലേ അത് അന്വേഷിക്കേണ്ടത്. ആ കുട്ടി അങ്ങനെ പറഞ്ഞിരുന്നുവെങ്കില്‍ സുധാകരന്റെ പേരും പ്രതിപ്പട്ടികയില്‍ വരുമായിരുന്നല്ലോ. അതിന്റെ അര്‍ത്ഥം പെണ്‍കുട്ടി അങ്ങനെ പറഞ്ഞിട്ടില്ല എന്നു തന്നെയാണ്. പറയാത്ത പേര് എങ്ങനെ ഗോവിന്ദന്‍ മാഷിന് മനസ്സിലായി എന്ന് മുരളീധരന്‍ ചോദിച്ചു.
സര്‍ക്കാരിനെ വിമര്‍ശിച്ചു കഴിഞ്ഞാല്‍ ഏതു വൃത്തികെട്ട മാര്‍ഗവും സ്വീകരിക്കുമെന്നതിന്റെ തെളിവാണ് ഗോവിന്ദന്റെ പ്രസ്താവന. ഗോവിന്ദന്‍ എന്ന പേരിന് കൂടെ മാഷ് എന്ന മാന്യമായ പദവി കൂടിയുണ്ട്. ആ പദവിയെ വഷളാക്കരുത്. ഇത് വൃത്തികെട്ട സംസ്‌കാരമാണ്. ആരോപണം ഉന്നയിച്ച ഗോവിന്ദനെതിരെ നിയമനടപടി പാര്‍ട്ടിയും കെ സുധാകരനും സ്വീകരിക്കുമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.
കെ സുധാകരന് ക്രൈംബ്രാഞ്ച് 23 ന് വിളിപ്പിച്ചത് തട്ടിപ്പു കേസുമായി ബന്ധപ്പെട്ടാണെന്നാണ് അന്വേഷണ സംഘം പറഞ്ഞത്. പിന്നെ ഗോവിന്ദന്‍ മാഷിന് മാത്രം ഇതെങ്ങനെ കിട്ടി. ആ പെണ്‍കുട്ടി നേരിട്ടു പറഞ്ഞതാണോ?. ദേശാഭിമാനി റിപ്പോര്‍ട്ടിന്റെ പേരിലാണ് പ്രതികരണം. തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു. ഇത് എഷ്യാനെറ്റ്, മാതൃഭൂമി. മനോരമ തുടങ്ങിയവയ്ക്ക് മാത്രമാണോ ബാധകമാകുന്നുള്ളൂ. ഈ നിയമം ദേശാഭിമാനിക്ക് ബാധകമല്ലേ എന്നും മുരളീധരന്‍ ചോദിച്ചു.