കേരളം

വാടക വീട് കേന്ദ്രീകരിച്ച് പെൺവാണിഭം; 3 സ്ത്രീകൾ ഉൾപ്പടെ 5 പേർ അറസ്റ്റിൽ; സ്ത്രീകളുടെ ഫോണില്‍ നിന്ന് ലഭിച്ചത്‌ അൻപതിലേറെ പേരുടെ വിവരങ്ങൾ

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Sunday, September 19, 2021

കോഴിക്കോട്: വാടക വീട് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയ 5 പേർ അറസ്റ്റിൽ. ബേപ്പൂർ അരക്കിണർ റസ്‌വ മൻസിലിൽ ഷഫീഖ് (32), ചേവായൂർ തൂവാട്ടുതാഴം വയലിൽ ആഷിക് (24) എന്നിവരും പയ്യോളി, നടുവണ്ണൂർ, അണ്ടിക്കോട് സ്വദേശികളായ 3 സ്ത്രീകളുമാണ് അറസ്റ്റിലായത്. കഴിഞ്ഞ 3 മാസമായി പാറോപ്പടി ചേവരമ്പലം റോഡിൽ വീടിന് മുകളിൽ നരിക്കുനി സ്വദേശി ഷഹീൻ എന്നയാൾ വാടകയ്ക്കെടുത്ത വീട്ടിലാണ് പെൺവാണിഭം നടന്നത്.

നാട്ടുകാരുടെ പരാതിയെത്തുടർന്ന് പൊലീസ് നിരീക്ഷണത്തിലായിരുന്നു ഈ വീട്. ഇന്നലെ പകൽ പൊലീസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തി 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രണ്ടോ മൂന്നോ മാസത്തേക്ക് വീടു വാടകയ്ക്ക് എടുക്കും. അവിടെ പെൺവാണിഭം നടത്തും. പിന്നീട് ആരെങ്കിലും പരാതിയുമായി എത്തുമ്പോഴേക്കും അടുത്ത സ്ഥലം തേടി പോകും. ഇത്തരത്തിൽ നഗരത്തിലും സമീപത്തുമായി വിവിധ സ്ഥലങ്ങളിൽ ഷഹീൻ പെൺവാണിഭം നടത്തിയതായാണ് പൊലീസിനു ലഭിച്ച വിവരങ്ങൾ.

പിടിയിലായ സ്ത്രീകളെ പെൺവാണിഭ സംഘത്തിലെത്തിക്കാൻ ഏജന്റുമാർ വരെ ഉള്ളതായാണ് പറയുന്നത്. സ്ത്രീകളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ അൻപതിലേറെ പേരുടെ വിവരങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്.

തുടർന്നു ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. വീട് വാടകയ്ക്ക് എടുത്തു പെൺവാണിഭ കേന്ദ്രം നടത്തിയ ഷഹീൻ മുൻപും നഗരത്തിൽ പെൺവാണിഭ കേന്ദ്രം നടത്തിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ചേവായൂർ ഇൻസ്പെക്ടർ പി.ചന്ദ്രമോഹൻ, എസ്ഐ എസ്.ഷാൻ, സീനിയർ സിപിഒമാരായ ഷഫീക്, ശ്രീരാജ്, ബൈജു, രമ്യ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

 

×