ജോലി സ്ഥലത്തേയ്ക്ക് പോകാന്‍ ഓട്ടോറിക്ഷയില്‍ കയറിയ വയോധികയെ ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് കയ്യും കാലും കെട്ടിയിട്ട് പീഡിപ്പിച്ചു; കത്രിക ഉപയോഗിച്ച് വസ്ത്രങ്ങള്‍ കീറിമുറിച്ചു; ശബ്ദിച്ചാല്‍ കൊല്ലുമെന്ന് ഭീഷണി; പീഡനശേഷം സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ചു; സംഭവം കോഴിക്കോട്‌

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Saturday, July 4, 2020

കോഴിക്കോട്; ഓട്ടോയാത്രയ്ക്കിടയിൽ മോഷണത്തിന് ഇരയായ വയോധിക പീഡിപ്പിക്കപ്പെട്ടതായി മൊഴി. കോഴിക്കോട് മുക്കം മുത്തേരിയിലാണ് സംഭവമുണ്ടായത്. ജോലി സ്ഥലത്തേക്ക് പോകാൻ ഓട്ടോയിൽ കയറിയ വയോധികയെ ഒഴിഞ്ഞ പറമ്പിൽ കൊണ്ടുപോയി കെട്ടിയിട്ട് പീ‍‍ഡനത്തിന് ഇരയാക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള വയോധിക പൊലീസിന് നൽകിയ മൊഴിയിലൂടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.

വ്യാഴാഴ്ച രാവിലെ ആറു മണിയോടെയാണ് ജോലി സ്ഥലത്ത് പോകുന്നതിനായി അതുവഴിവന്ന ഓട്ടോറിക്ഷ കൈകാണിച്ച് കയറുകയായിരുന്നു. തുടർന്ന് ഓട്ടോഡ്രൈവർ തൊട്ടടുത്തുള്ള ക്രഷറിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലേക്ക് വയോധികയെ കൊണ്ടുപോയി കയ്യും കാലും കെട്ടിയിട്ട് പീഡിപ്പിച്ചു. ഓട്ടോയിലുണ്ടായിരുന്ന കത്രിക ഉപയോ​ഗിച്ച് വസ്ത്രങ്ങൾ കീറിമുറിക്കുകയും ശബ്ദിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ വയോധികയുടെ ബോധം നഷ്ടപ്പെട്ടു.

എന്നാൽ ബോധം വന്നപ്പോഴേക്കും പ്രതി കടന്നുകളഞ്ഞിരുന്നു. കാലിലെ കെട്ടഴിച്ച് കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി കുറച്ച് അകലെകണ്ട വീട്ടിൽ എത്തി. കയ്യിലെ കെട്ട് അഴിച്ചുതരാൻ വീട്ടുകാരോട് ആവശ്യപ്പെട്ടെങ്കിലും പൊലീസ് കേസ് ഭയന്ന് അവർ തയാറായില്ല. വീടിന്റെ പിന്നിൽ നിന്ന് ഇറങ്ങിവന്ന സ്ത്രീയാണ് കെട്ടഴിച്ചതെന്നും മൊഴിയിൽ പറയുന്നു. വയോധികയുടെ കഴുത്തിലുണ്ടായിരുന്ന ഒരു പവൻ തൂക്കമുള്ള മാലയും കമ്മലും പണം അടങ്ങിയ പേഴ്സും ഓട്ടോഡ്രൈവർ അപഹരിച്ചു.

ഹോട്ടലിൽ ജീവനക്കാരിയായ വയോധിക പണിക്ക് പോകാൻ ഇറങ്ങിയതായിരുന്നു. സംഭവസ്ഥലത്തു നിന്ന് വീട്ടിൽ എത്തിയ വയോധിക കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടി. അപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. അവരുടെ ആരോ​ഗ്യനില തൃപ്തികരമാണ്. തലയ്ക്കുള്ളിൽ രക്തം കട്ടകെട്ടിയിട്ടുണ്ട്. ചെവിയിലൂടെ രക്തസ്രാവമുണ്ടായിരുന്നു.

×