കോഴിക്കോട് യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍…..നായാട്ടിനിടെ അബദ്ധത്തില്‍ വെടിവെച്ചതാണെന്ന ലിബിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Sunday, December 8, 2019

കോഴിക്കോട്: കോഴിക്കോട് യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. വിലങ്ങാട് റഷീദ് എന്ന യുവാവിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സുഹൃത്ത് ലിബിന്‍ മാത്യുവാണ് അറസ്റ്റിലായത്.

നായാട്ടിനിടെ അബദ്ധത്തില്‍ വെടിവെച്ചതാണെന്ന ലിബിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. പുള്ളിപ്പാറ വനത്തില്‍ വെച്ച്‌ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. തോക്കടക്കമുള്ള തെളിവുകള്‍ സംഭവസ്ഥലത്ത് നിന്ന് പോലീസിന് ലഭിച്ചു.

ഇന്നലെ രാത്രി റഷീദിനൊപ്പം നായാട്ടിന് പോയപ്പോള്‍ റഷീദ് കുഴിയില്‍ വീണെന്നും, അപ്പോള്‍ തോക്കില്‍ നിന്ന് വെടിപൊട്ടി റഷീദ് മരിക്കുകയായിരുന്നെന്നും വെളുപ്പിന് പോലീസിനെ അറിയിച്ചത് പ്രതി ലിബിന്‍ മാത്യുവായിരുന്നു.

പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വെടിവെച്ചത് താനാണെന്ന കുറ്റസമ്മതം പ്രതി നടത്തിയത്. ഒരുമിച്ച്‌ കാട്ടില്‍ കയറിയതിന് ശേഷം രണ്ട് സ്ഥലത്തേക്കാണ് ഇരുവരും പോയത്. മണിക്കൂറുകള്‍ക്ക് ശേഷം താന്‍ നിന്ന സ്ഥലത്ത് അനക്കം കണ്ടപ്പോള്‍ കാട്ട് പന്നിയാണെന്ന് കരുതി വെടിവെക്കുകയായിരുന്നുവെന്നാണ് ലിബിന്റെ മൊഴി.

×