കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍നിന്നും പനിബാധിച്ച പ്രവാസി യുവാവ് മുങ്ങി; പോലീസ് പിടികൂടി ക്യാമ്പിലെത്തിച്ചു

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Thursday, March 26, 2020

കാളികാവ്: കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍നിന്ന് കടന്ന പനിബാധിതനായ പ്രവാസിയെ നാട്ടുകാരും പോലീസും പിടികൂടി നിലമ്പൂരിലെ ഐസൊലേഷന്‍ ക്യാമ്പില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് മണക്കടവ് സ്വദേശിയാണ് കുരുക്കിലായത്.

ഞായറാഴ്ചയാണ് ഇയാള്‍ അബുദാബിയില്‍ നിന്നെത്തിയത്. ചൊവ്വാഴ്ച കാളികാവ് പുല്ലങ്കോടിലെ ഭാര്യവീട്ടിലെത്തി. പനിയെത്തുടര്‍ന്ന് അന്ന് കോഴിക്കോട് മെഡിക്കല്‍കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ രാത്രിയോടെ ഇയാള്‍ ആശുപത്രിയില്‍നിന്ന് കടന്നു. സഹോദരന്‍ ഇയാളെ ഭാര്യവീട്ടില്‍ത്തന്നെ കൊണ്ടുവിട്ടു.

ഇയാള്‍ തിരിച്ചെത്തിയതോടെ സമീപവാസികള്‍ ബഹളംവെച്ചു. വിവരമറിഞ്ഞ് കാളികാവ് സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ വി. ശശിധരനും സംഘവുമെത്തി. ബുധനാഴ്ച ആരോഗ്യവകുപ്പ് ഇടപെട്ട് ഇയാളെ നിലമ്ബൂര്‍ പോലീസ് ക്യാമ്ബിലുള്ള ഐസൊലേഷന്‍ ക്യാമ്ബിലേക്ക് മാറ്റി. മെഡിക്കല്‍കോളേജില്‍ നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവാണെന്ന് അധികൃതര്‍ അറിയിച്ചു.ആശുപത്രിയില്‍നിന്ന് കടന്നതിന് ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തു.

×