കോഴിക്കോട്: പാളയം ബസ് സ്റ്റാൻഡിൽ ഉറങ്ങാൻ കിടക്കുന്ന സ്ഥലത്തെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ബെംഗളൂരു സ്വദേശിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ.
താമരശേരി അമ്പായത്തോട് കോളനിയിലെ അമ്പലക്കുന്നുമ്മൽ വീട്ടിൽ എകെ ഷഹനാദിനെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വധശ്രമത്തിനാണ് കേസ്.
മാർച്ച് 15നായിരുന്നു സംഭവം. ബസ് സ്റ്റാൻഡിനകത്ത് ഉറങ്ങാൻ കിടക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ടായിരുന്നു ആക്രമണം. മാറിക്കിടക്കാൻ ആവശ്യപ്പെട്ടതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ബെംഗളൂരു സ്വദേശിയായ ഹേമന്ദ് പ്രസാദിനെയാണ് ഷഹനാദ് ആയുധമുപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ചത്. ഇരുവരും പരിചയക്കാരാണ്.
സംഭവത്തിനു ശേഷം ഒളിവിൽപോയ പ്രതിയെ കുന്നമംഗലം പയിമ്പ്രയ്ക്കടുത്തുള്ള മച്ചക്കുളത്തുവച്ചാണ് പിടികൂടിയത്. ഷഹനാദിന്റെ പേരിൽ നഗരപരിധിയിലെ വിവിധ സ്റ്റേഷനുകളിലായി മോഷണം ഉൾപ്പെടെ പതിനഞ്ചോളം കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.