രാഷ്ട്രീയ ലക്ഷ്യത്തോടെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടപെട്ടിരുന്നുവെങ്കിൽ സിപിഎമ്മിനെ തോൽപ്പിക്കാമായിരുന്നു: രാഷ്ട്രീയ മര്യാദ കാരണമാണ് അത് ചെയ്യാതിരുന്നത്: സ്ഥാനാർത്ഥികളെ കുറിച്ച് ചർച്ച നടന്നിട്ടില്ല: സമൂഹമാധ്യമങ്ങളിൽ ഊഹാപോഹങ്ങൾ വരുന്നു, ഇത് ലീഗിനെ തകർക്കാനുള്ള ശ്രമമെന്ന് കെപിഎ മജീദ്

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Monday, January 18, 2021

കോഴിക്കോട്: രാഷ്ട്രീയ ലക്ഷ്യത്തോടെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടപെട്ടിരുന്നുവെങ്കിൽ സിപിഎമ്മിനെ തോൽപ്പിക്കാമായിരുന്നുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്.

രാഷ്ട്രീയ മര്യാദ കാരണമാണ് അത് ചെയ്യാതിരുന്നത്. സ്ഥാനാർത്ഥികളെ കുറിച്ച് ചർച്ച നടന്നിട്ടില്ല. സമൂഹമാധ്യമങ്ങളിൽ ഊഹാപോഹങ്ങൾ വരുന്നു. ഇത് ലീഗിനെ തകർക്കാനുള്ള ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോഴിക്കോട് ബൈത്തു റഹ്മ സമർപ്പണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്ന് തവണ വിജയിച്ചവരോട് മാറി നിൽക്കാൻ പറഞ്ഞു. ഇത് യുവാക്കൾക്ക് വലിയ അവസരമായി.

തദ്ദേശ തെരഞ്ഞെടുപ്പിൽ മോശം പ്രകടനം നടത്തിയ ജില്ലാ കമ്മറ്റികളെ പിരിച്ചു വിടും. മോശം പ്രകടനം നടത്തിയ പഞ്ചായത്ത്‌ കമ്മറ്റികൾക്കെതിരെയും നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹൈക്കമാന്റ് തീരുമാനം അനുസരിച്ചാണ് കാര്യങ്ങൾ നടക്കുക. ഹൈക്കമാന്റിന്റെ ഏത് തീരുമാനവും മുസ്ലിം ലീഗ് അംഗീകരിക്കും. ഉമ്മൻചാണ്ടിയെ കുറിച്ചുള്ള ചോദ്യത്തിന് പ്രത്യേകിച്ച് ഒരു വ്യക്തിയെ കുറിച്ച് പറയേണ്ടതില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് ഉണ്ടാക്കിയ ഒരു സഖ്യവും മുന്നണിക്ക് തിരിച്ചടിയായിട്ടില്ലെന്ന് വെൽഫെയർ പാർട്ടി ബന്ധത്തെ ന്യായീകരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് ഉണ്ടാക്കിയ നീക്കുപോക്കുകളെ കുറിച്ച് തുറന്ന് പറയാൻ പാർട്ടി തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

×