Advertisment

കെപിസിസി ഭാരവാഹികളാകാനുള്ളവരുടെ പട്ടികയിലേക്ക് എ,ഐ ഗ്രൂപ്പുകള്‍ നല്‍കിയ പേരുകള്‍ പലതും പഴയമുഖങ്ങള്‍ തന്നെ ! എ ഗ്രൂപ്പിലെ ഒന്നാമന്‍ ശിവദാസന്‍ നായര്‍ ! രണ്ടാമന്‍ തമ്പാനൂര്‍ രവിയും. ഡിസിസി അധ്യക്ഷന്‍മാരുടെ പേരുവന്നപ്പോള്‍ ചാനല്‍ ചര്‍ച്ചയില്‍ അവരൊക്കെ പെട്ടിപിടുത്തക്കാരെന്ന് സ്ഥിരീകരിച്ച ശിവദാസന്‍ നായരെ ഭാരവാഹിയാക്കുന്നതില്‍ പ്രവര്‍ത്തകര്‍ക്ക് എതിര്‍പ്പ്. ഐ ഗ്രൂപ്പിന്റെ പട്ടികയില്‍ എഎ ഷുക്കൂറും പിടി അജയമോഹനും ! സാമുദീയക നേതാവിന്റെ പേരു പറഞ്ഞ് പട്ടികയില്‍ കയറിക്കൂടി വിഎസ് ശിവകുമാറും ! ഗ്രൂപ്പു നേതാക്കളുടെ താല്‍പര്യത്തിന് വഴങ്ങിയാല്‍ യുവനേതാക്കള്‍ ഇക്കുറിയും പടിക്കു പുറത്തുതന്നെ. പാര്‍ട്ടിയെ നന്നാക്കാന്‍ അനുവദിക്കില്ലെന്നു തന്നെയോ ഗ്രൂപ്പു നേതാക്കളുടെ നിലപാട് ?

New Update

തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെ പട്ടിക ഇന്നു പുറത്തുവരാനിരിക്കെ ഗ്രൂപ്പു നേതാക്കളുടെ ഇഷ്ടക്കാരും പട്ടികയിലുണ്ടാകുമെന്ന് സൂചന. എ,ഐ ഗ്രൂപ്പുകള്‍ നല്‍കിയ പട്ടിക അതേപടി അംഗീകരിക്കുമെന്ന് പ്രതീക്ഷയില്ലെങ്കിലും നേതാക്കളുടെ ഇഷ്ടക്കാരെ തഴയാന്‍ ഇടയില്ല.

Advertisment

publive-image

ഭാരവാഹി സ്ഥാനത്തേക്ക് എ ഗ്രൂപ്പു നല്‍കിയ പട്ടികയില്‍ ഒന്നാമതുണ്ടായിരുന്നത് മുന്‍ ആറന്‍മുള എംഎല്‍എ കെ ശിവദാസന്‍ നായരായിരുന്നു. ശിവദാസന്‍ നായരെ ജനറല്‍ സെക്രട്ടറിയാക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഉമ്മന്‍ചാണ്ടിയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ശിവദാസന്‍ നായര്‍ക്ക് പദവി കിട്ടുന്നത്.

നേരത്തെ ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക പഉറത്തുവന്നപ്പോള്‍ വലിയ വിമര്‍ശനമുന്നയിച്ച നേതാവായിരുന്നു അദ്ദേഹം. അന്ന് കെപി അനില്‍കുമാര്‍ പറഞ്ഞ ആരോപണങ്ങള്‍- ഡിസിസി അധ്യക്ഷന്‍മാര്‍ നേതാക്കളുടെ പെട്ടിപ്പിടുത്തകാരും കൂട്ടിക്കൊടുപ്പുകാരുമെന്നായിരുന്നു. ഈ ആരോപണങ്ങളെ ശരിവച്ച് അനില്‍ കുമാറിനെ ചാനല്‍ ചര്‍ച്ചയില്‍ പിന്തുണയാളാണ് ശിവദാസന്‍ നായര്‍.

ഇത്തരമൊരാള്‍ക്ക് തൊട്ടുപിന്നാലെ പാര്‍ട്ടിയിലെ ഉയര്‍ന്ന പദവി നല്‍കുന്നതില്‍ കടുത്ത അതൃപ്തി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഉണ്ട്. എ ഗ്രൂപ്പിന്റെ മറ്റൊരു പേരാണ് തമ്പാനൂര്‍ രവി. എല്ലാക്കാലത്തും കെപിസിസിയില്‍ ഭാരവാഹിയായിരുന്നു തമ്പാനൂര്‍ രവി.

ഇത്തവണ രവിയെ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ലെന്നാണ് വിവരം. അങ്ങനെ വന്നാല്‍ എ ഗ്രൂപ്പ് വീണ്ടും ഉടക്കുണ്ടാക്കുമോയെന്നും കണ്ടറിയണം. ഐ ഗ്രൂപ്പിന്റെ തണലില്‍ ജനറല്‍ സെക്രട്ടറി പദമോ വൈസ് പ്രസിഡന്റ് സ്ഥാനമോ എഎ ഷുക്കൂറിന് വേണമെന്നാണ് ചെന്നിത്തലയുടെ പക്ഷം.

വര്‍ഷങ്ങളായി കെപിസിസിയും ഡിസിസി പ്രസിഡന്റു പദവിയുമൊക്കെ വഹിച്ച ഷുക്കൂറിനെതിരെ നിരവധി ആരോപണങ്ങളുണ്ട്. ഒരു പ്രമുഖ സാമുദായിക നേതാവിന്റെ പേരുപറഞ്ഞാണ് വിഎസ് ശിവകുമാര്‍ പട്ടികയില്‍ ഇടം പിടിച്ചത്. ശിവകുമാര്‍ ജനറല്‍ സെക്രട്ടറിയാകുമെന്നാണ് വിവരം.

പഴയൊരു മുതിര്‍ന്ന നേതാവിനെ വൈസ്പ്രസിഡന്റാക്കണമെന്ന നിര്‍ബന്ധവുമായി രമേശ് ചെന്നിത്തല രംഗത്തുണ്ട്. ഇദ്ദേഹത്തിന്റെ വിശ്വസ്തനാണ് ഈ നേതാവ്. എന്നാല്‍ അതംഗീകരിക്കാനാവില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്.

ഇത്തരത്തില്‍ ഗ്രൂപ്പുകളുടെ പട്ടികയില്‍ ഇപ്പോഴും ഉള്ളത് പഴയ താപ്പാനകള്‍ തന്നെയാണ്. യുവാക്കളെയോ, പുതുമുഖങ്ങളെയോ പാര്‍ട്ടിയില്‍ വാഴിക്കില്ല എന്നു തന്നെയാണ് ഈ നേതാക്കളുടെ നിലപാട്. ഇവരുടെ താല്‍പ്പര്യത്തിന് സംസ്ഥാന നേതൃത്വം വഴങ്ങിയാല്‍ ഇനിയും കോണ്‍ഗ്രസിനൊരു ഉയര്‍ത്തെഴുന്നേല്‍പ് അസാധ്യമായേക്കും.

kpcc
Advertisment