പൊളിറ്റിക്‌സ്

കെ പി സി സി ഭാരവാഹി പട്ടിക ഇന്നു പ്രഖ്യാപിച്ചേക്കും ! മുൻ ഡിസിസി അധ്യക്ഷൻമാർക്ക് ഭാരവാഹിത്വമില്ല. അഞ്ചു വർഷം ഭാരവാഹിയായിരുന്നവരും പുറത്ത്. കൂടുതൽ പുതുമുഖങ്ങളും യുവാക്കളും പട്ടികയിൽ. പത്മജ വേണുഗോപാൽ വൈസ് പ്രസിഡൻ്റാകും. രമണി പി നായർ, സുമ ബാലകൃഷ്ണണൻ, ഫാത്തിമ റോസ്ന എന്നിവർ പട്ടികയിൽ ഇടം പിടിച്ചു ! ബിന്ദു കൃഷ്ണയ്ക്ക് പദവിയില്ല. അന്തിമ നിമിഷത്തിൽ ഹൈക്കമാൻഡിൻ്റെ തിരുത്തുണ്ടാകാനും സാധ്യത

പൊളിറ്റിക്കല്‍ ബ്യൂറോ
Wednesday, October 13, 2021

ഡൽഹി: കെപിസിസി ഭാരവാഹികളുടെ പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. പുനസംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെട്ടെന്നാണ് സൂചന. മാനദണ്ഡങ്ങളിൽ കാര്യമായ ഇളവ് ഇല്ലെന്നാണ് സൂചന.

അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ഭാരവാഹിത്വം വഹിച്ചിട്ടുണ്ടെങ്കില്‍ പുനസംഘടനയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നാണ് തീരുമാനം. മുന്‍ ഡിസിസി അധ്യക്ഷന്മാര്‍ക്ക് കെപിസിയില്‍ ഭാരവാഹിത്വം നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. ഈ തീരുമാനത്തോടെ നിരവധി മുൻ ഡിസിസി പ്രസിഡൻ്റുമാർ ഒഴിവാകും.

നേരത്തെ എംപി വിന്‍സന്റിനും യു രാജീവിനും ഇളവു നൽകണമെന്ന ആവശ്യം ഉയർന്നിരുന്നു. ഒന്നര വര്‍ഷം മാത്രമേ ഡിസിസി നേതൃസ്ഥാനത്തുണ്ടായിരുന്നുള്ളൂ എന്ന പരിഗണനയിലായിരുന്നു ഇരുവര്‍ക്കും ഇളവ് നല്‍കണമെന്ന് ആവശ്യമുയര്‍ന്നിരുന്നത്. ഗ്രൂപ്പുകളില്‍ നിന്നുയര്‍ന്ന എതിര്‍പ്പുകാരണം ഈ നീക്കം വേണ്ടെന്നു വച്ചു.

കെപിസിസി ഭാരവാഹി പട്ടികയ്ക്ക് പുറത്ത് ഏതെങ്കിലും സമിതിയിൽ ഇവരെ ഉള്‍പ്പെടുത്താമെന്നാണ് ധാരണ. അതേസമയം, പത്മജ വേണുഗോപാലിന് മാത്രം ഈ നിബന്ധനയില്‍ ഇളവ് ലഭിക്കും.

സ്ത്രീ പ്രാതിനിധ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ബിന്ദു കൃഷ്ണയ്ക്കും ഇളവ് ലഭിക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും മുന്‍ കൊല്ലം ഡിസിസി അധ്യക്ഷയ്ക്ക് മാത്രമായി ഇളവ് നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് എത്തി.

സമുദായ സമവാക്യവും ദളിത്, വനിതാ പ്രാതിനിധ്യവും ഉറപ്പ് വരുത്തിയെന്നാണ് അവകാശ വാദം. പട്ടികയില്‍ പത്മജ വേണുഗോപാല്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് രമണി പി നായർ, മഹിള കോണ്‍ഗ്രസ് നേതാവ് അഡ്വ. ഫാത്തിമ റോസ്ന, മുൻ കണ്ണൂർ മേയർ സുമ ബാലകൃഷ്ണൻ എന്നിവരാണ് സ്ഥാനമുറപ്പിച്ച വനിതകൾ.

×