തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്റ് അധികാരമേറ്റതിന് ശേഷമുള്ള ആദ്യ രാഷ്ട്രീയകാര്യ സമിതിയോഗം നാളെ ചേരും. കെപിസിസി-ഡിസിസി പുനസംഘടനയുടെ മാനദണ്ഡങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. ഒരാള്‍ക്ക് ഒരു പദവിയെന്ന നിബന്ധന നിര്‍ബന്ധമാക്കേണ്ടതില്ലെന്നാണ് ധാരണയെങ്കിലും ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എംപിമാരെയോ, എംഎല്‍എമാരെയൊ പരിഗണിക്കില്ല.
/sathyam/media/post_attachments/H3yd8Ynga58QSrwpzjY3.jpg)
രാഷ്ട്രീയകാര്യ സമിതിയോഗത്തിന് ശേഷം കെ സുധാകരന്‍ ഡല്‍ഹിക്ക് പോയി ഹൈക്കമാന്‍ഡിനെ കാണും. ബാക്കിയുള്ള ചര്‍ച്ചകള്‍ ഡല്‍ഹിയിലാകും നടക്കുക. ജൂലൈ ആദ്യവാരം ഡിസിസി അധ്യക്ഷന്‍മാരെ പ്രഖ്യാപിക്കാനാണ് നീക്കം.
ഡിസിസികളില്‍ ജംബോ സമിതികള്‍ക്ക് പകരം പരമാവധി 15 ഭാരവാഹികളെന്നതാണ് കെ സുധാകരന്റെ മനസില്‍ ഉള്ളത്. വൈസ് പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും മൂന്ന് വീതവും സെക്രട്ടറിമാര്‍ ഏഴും എന്ന നിര്‍ദേശമാണ് അദ്ദേഹത്തിനുള്ളത്. കെപിസിസിയില്‍ ഇതു പരമാവധി 51 എന്നും സുധാകരന്‍ താല്‍പ്പര്യപ്പെടുന്നു.
എന്നാല്‍ ഗ്രൂപ്പ് നേതൃത്വം കൂടുതല്‍ ഭാരവാഹികള്‍ വേണമെന്ന ആവശ്യത്തിലാണ്. ഗ്രൂപ്പു നേതൃത്വം നല്‍കുന്ന പട്ടിക അതേപടി അംഗീകരിക്കണെമെന്ന വാദം ഇവര്‍ ഉയര്‍ത്തുന്നുണ്ട്. ജംബോ പട്ടിക വേണ്ടെന്നു എല്ലാവരും ഒരുപോലെ പറയുമ്പോഴും ഗ്രൂപ്പു ഭാരവാഹികളെയും നോമിനികളെയും അക്കോമഡേറ്റ് ചെയ്യണമെന്നും ഗ്രൂപ്പുകളുടെ ഉന്നത നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്.
കെപിസിസി, ഡിസിസി ഭാരവാഹികളായി ജനപ്രതിനിധികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തേണ്ടെന്നാണ് ധാരണ. ഇടക്കാലത്ത് ഒരാള്‍ക്ക് ഒരു പദവിയെന്ന നിബന്ധന നടപ്പാക്കിയിരുന്നെങ്കിലും അതില്‍ കടുംപിടിത്തം ഉണ്ടാകില്ല. പ്രായപരിധിയും മാനദണ്ഡങ്ങളില്‍പ്പെടില്ല.
ഭാരവാഹികളെ കുറിച്ച് തല്‍ക്കാലം പേരുവച്ചുള്ള ചര്‍ച്ചകള്‍ വേണ്ടെന്നാണ് പൊതു നിര്‍ദേശം. എങ്കിലും ഭാരവാഹികളെ നിശ്ചയിക്കുന്നത് നീട്ടിക്കൊണ്ടുപോകുന്നത് ഗുണകരമാവില്ലെന്നാണ് വിലയിരുത്തല്‍.