‘അറിയാതെ വിളിച്ചുപോയ് കൃഷ്ണാ’, ‘വേണമോ വേറെ പുണ്യം കണ്ണാ’; കാവാലം ശ്രീകുമാറിന്റേയും കാഞ്ചന ശ്രീറാമിന്റേയും സ്വരമാധുര്യത്തില്‍ ഭക്തിസാന്ദ്രമായി സര്‍ഗം മ്യൂസിക്‌സിന്റെ കൃഷ്ണഗീതങ്ങള്‍; സംഗീത ആല്‍ബം കാണാം

Friday, January 8, 2021

രു കാലത്തു മലയാള സംഗീത വിപണിയെ പിടിച്ചു നിർത്തിയിരുന്ന ഒരു വിഭാഗമാണ് ഭക്തി ഗാന ആൽബങ്ങൾ . കഴിഞ്ഞ കുറെ നാളുകളിലായി ഉത്സവങ്ങളുടെയും മറ്റു ആഘോഷങ്ങളുടെയും വിലക്കുകൾ മൂലം ഈ ഗണത്തിലുള്ള ഗാനങ്ങളുടെ വരവ് അല്പം കുറഞ്ഞിരുന്നുവെങ്കിലും ഗുരുവായൂർ ഏകാദശി, ശബരിമല സീസൺ , റംസാൻ, ക്രിസ്തുമസ് തുടങ്ങിയ മിക്ക ആഘോഷങ്ങളോടുമനുബന്ധിച്ച് യു ട്യൂബ്, ഫേസ് ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ കുറെയധികം ഗാനങ്ങൾ ഇക്കാലയളവിൽ റിലീസ് ചെയ്യുകയുണ്ടായി. ഇക്കൂട്ടത്തിൽ, ഈയിടെ സർഗം മ്യൂസിക്സ് റിലീസ് ചെയ്ത രണ്ട് കൃഷ്ണ ഗീതങ്ങളാണ് ഈ എഴുത്തിനാധാരം .

“അറിയാതെ വിളിച്ചുപോയ് കൃഷ്ണാ” എന്ന ടൈറ്റിലിൽ ഗുരുകുലം മീഡിയ ക്രീയേഷൻസ് ആണ് ഇതിൽ ഒരു ഗാനം നിർമ്മിച്ചിരിക്കുന്നത്. പ്രശസ്ത പിന്നണി ഗായകൻ കാവാലം ശ്രീകുമാർ ആലപിച്ച ഈ ഗാനത്തിന്റെ വരികൾ ഗോപകുമാർ വടക്കുംതലയുടേതാണ്.

രണ്ടാമത്തെ ഗാനം “വേണമോ വേറെ പുണ്യം” എന്ന ടൈറ്റിലിൽ ഫ്രണ്ട്‌സ് മീഡിയ ക്രിയേഷൻസ് ആണ് നിർമിച്ചിരിക്കുന്നത് . ഡോ . അബ്ദുൽ നിസാർ എഴുതിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് കാഞ്ചന ശ്രീറാം . ഈ രണ്ടു ഗാനങ്ങൾക്കും സംഗീതം നൽകിയിരിക്കുന്നത് നിരവധി ആൽബം ഗാനങ്ങളിലൂടെ പരിചിതനായ ജയകുമാർ ആദിനാട് .

കാവാലം ശ്രീകുമാര്‍, കാഞ്ചന ശ്രീറാം, ഡോ. അബ്ദുള്‍ നിസാര്‍, ഗോപകുമാര്‍ വടക്കുംതല, ജയകുമാര്‍ ആദിനാട് എന്നിവര്‍

രചനാപരമായും സംഗീതപരമായും മുന്നിട്ടു നിൽക്കുന്ന ഈ രണ്ട് ഗാനങ്ങളും അതീവ ഹൃദ്യമായാണ് ഗായകർ ആലപിച്ചിരിക്കുന്നത്. കാവാലം ശ്രീകുമാർ എന്ന പ്രതിഭാധനനായ ഗായകന്റെ ഇൻവോൾവമെൻറ് ഗാനത്തിലുടനീളം പ്രകടമാണ്. കാഞ്ചന ശ്രീറാം തന്റെ സ്വതസിദ്ധമായ ആലാപനം കൊണ്ട് ഗാനം മികവുറ്റതാക്കി. വളരെ ലളിതവും സാധാരണക്കാരന് പ്രാപ്യവുമായ രചനാ രീതിയാണ് രണ്ടു രചയിതാക്കളും അവലംബിച്ചിരിക്കുന്നത്. എന്നാൽ സംഗീത സംവിധായകൻ രണ്ടു ഗാനങ്ങളെയും രണ്ടു രീതിയിലാണ് സമീപിച്ചിരിക്കുന്നത്.

“അറിയാതെ വിളിച്ചുപോയ്കൃഷ്ണാ” എന്ന കാവാലം ഗാനത്തിൽ ‘ഭക്തിയുടെ പൂർണത’ ദർശിക്കാനാവുന്നുവെങ്കിൽ “വേണമോ വേറെ പുണ്യം” എന്ന ഗാനത്തിൽ ‘ഭക്തിയും പ്രേമവും’ ഒരുപോലെ ശ്രോതാക്കൾക്ക് അനുഭവവേദ്യമാവുന്ന തരത്തിലാണ് രണ്ടുഗാനങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത്!

ഈ അടുത്തകാലത്തിറങ്ങിയ ഭക്തിഗാനങ്ങളിൽ വളരെയധികം വ്യത്യസ്തത പുലർത്തിയ ഈ രണ്ടു ഗാനങ്ങളും കൃഷ്ണഭക്തരെ മാത്രമല്ല നല്ല ഗാനങ്ങളെ സ്നേഹിക്കുന്ന ഏതൊരാളെയും ആകർഷിക്കുമെന്ന് നിസ്സംശയം പറയാം ഈ രണ്ടു ഗാനങ്ങളുടെയും ലിങ്ക് ഇതോടൊപ്പം കൊടുക്കുന്നു.

×