അര നൂറ്റാണ്ട് കോൺഗ്രസിനു വേണ്ടി പണിയെടുത്ത ഒരു നേതാവിനെ അപമാനിച്ചു പുറത്താക്കുന്നത് ഇന്ത്യൻ സംസ്കാരത്തിന് യോജിച്ചതല്ല! ശവത്തിൽ കുത്തുന്നതിന് തുല്യമാണ് ഒരുവനെ അപമാനിച്ചു പുറത്താക്കുന്നത്. അത്രയ്ക്ക് അപമാനം ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ രമേശൻ അർഹിക്കുന്നില്ല. അത് വേണ്ടിയിരുന്നില്ല സോണിയാജി; ഇത് ഇന്ത്യയാണ്; മറക്കരുത്! പ്രതികരിച്ച് ഡോ കെ. എസ്. രാധാകൃഷ്ണൻ

Saturday, May 29, 2021


കൊച്ചി: രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേത്യസ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാന് ഡോ കെ. എസ്. രാധാകൃഷ്ണൻ. ഈ അപമാനം രമേശൻ അർഹിക്കുന്നില്ലെന്ന തലക്കെട്ടോടെയാണ് അദ്ദേഹം ഒരു നീണ്ട കുറിപ്പ് ഫേസ്ബുക്കിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സംഭവം രണ്ട് ഏകാധിപതികളുടെ അന്ത്യരംഗം എന്നെ ഓർമിപ്പിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു

ഡോ.കെ എസ് രാധാക്യഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

ഈ അപമാനം രമേശൻ അർഹിക്കുന്നില്ല
തന്നെ അപമാനിച്ചു പുറത്താക്കി എന്നാണ് രമേശ് ചെന്നിത്തലയുടെ പരാതി. പരാതി സമർപ്പിച്ചിരിക്കുന്നത് ഇറ്റലിക്കാരിയും ഇപ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സർവ്വാധികാരിയുമായ സോണിയാ ഗാന്ധിക്കും. ഏതാണ്ട് അര നൂറ്റാണ്ട് കാലം കോൺഗ്രസിനു വേണ്ടി പണിയെടുത്ത ഒരു നേതാവിനെ അപമാനിച്ചു പുറത്താക്കുന്നത് ഇന്ത്യൻ സംസ്കാരത്തിന് യോജിച്ചതല്ല.

ഈ സംഭവം രണ്ട് ഏകാധിപതികളുടെ അന്ത്യരംഗം എന്നെ ഓർമിപ്പിക്കുന്നു. ഒന്ന് ഇതിഹാസ കഥാപാത്രമായ രാവണൻ, രണ്ടാമൻ ചരിത്രപുരുഷനായ മുസ്സോളിനി (29/7/1883 – 28/4/1945). ബെനിറ്റോ അമിൻ കെയർ ആൻസിയ മുസ്സോളിനി എന്നാണ് മുഴുവൻ പേര്. ഗ്രന്ഥകാരനും പത്രപ്രവർത്തകനും രാഷ്ട്രീയ നേതാവുമായിരുന്നു. 1922 മുതൽ 1943 വരെ ഇറ്റലിയുടെ പ്രധാനമന്ത്രിയായിരുന്നു. 1943ൽ ക്ലാര വെപ്പാട്ടിയോടും പതിനഞ്ച് അനുയായികളോടും ഒപ്പം വെടിവെച്ചു കൊല്ലപ്പെടുന്ന 28/4/45 വരെ ഇറ്റാലിയൻ സോഷ്യൽ റിപ്പബ്ലിക്കിലെ രാജാവുമായിരുന്നു. ഐസ ഡൽസാർ, റേച്ചൽ ഗുഡി ഇവർ നേർ ഭാര്യമാർ. മെർ ഗ്രീറ്റ് സർഫാറ്റി, ക്ലാര പെറ്റാച്ചി എന്നിവർ വെപ്പാട്ടിമാർ. മക്കൾ നിയമപ്രകാരം എട്ടുപേർ. നിയമരഹിതരായവരുടെ എണ്ണം കൃത്യമായി അറിയില്ല; കാരണം, ഇറ്റലിയിലെ അനേകം സുന്ദരിമാരുമായി മുസ്സോളിനി രമിച്ചിരുന്നു.

മുസ്സോളിനിയും ക്ലാരയും 15 അനുചരന്മാരും സ്വിറ്റ്സർലൻഡിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചുകൊണ്ടിരിക്കെയാണ് വെടിവെച്ചുകൊന്നത്. മുസ്സോളിനിയേയും സംഘത്തെയും ഐക്യരാഷ്ട്രസഭാ സേനക്ക് കൈമാറണം എന്നായിരുന്നു വ്യവസ്ഥ. പക്ഷേ യുദ്ധം ജയിച്ചവർ അത് പാലിച്ചില്ല. ഗുലീനേ ദ മെസ്സിഗ്ര എന്ന ചെറുഗ്രാമത്തിൽ വെച്ചാണ് കൊന്നത്. പതിനേഴ് ശവങ്ങളെയും മിലാനിലെ അജ്ഞാത ദേശത്ത് കുഴിച്ചുമൂടി. അതിനുമുൻപ് ഒരു എസ്സോ ഗ്യാസ് സ്റ്റേഷന്റെ മുൻപിൽ ശവങ്ങളെ തലകീഴായി കെട്ടിത്തൂക്കി പ്രദർശിപ്പിച്ചു. ഈ ശവശരീരങ്ങളിൽ ഇറ്റലിക്കാർ തുപ്പുകയും കല്ലെറിയുകയും ചെയ്തു. അങ്ങനെ ശവത്തിൽ കുത്തി വീണ്ടും വീണ്ടും അപമാനിച്ചു കൊണ്ടു മുസോക്കിയിലെ ഏതോ ശവക്കല്ലറയിൽ അവരെ അടക്കം ചെയ്തു പ്രതികാരം വീട്ടി.

സ്വഭാവമഹിമയിൽ മുസ്സോളിനിയിൽ നിന്നും ഒട്ടും വ്യത്യസ്തനായിരുന്നില്ല രാവണൻ. ബ്രഹ്മഗോത്ര വംശജനും വേദാധികാരിയും യജ്ഞാധികാരിയുമായ ബ്രാഹ്മണനായിരുന്നു രാവണൻ. കയ്യൂക്ക് കൊണ്ട് ലോകം കീഴടക്കാനും കീഴടക്കിയ രാജ്യങ്ങളിലെ രാജാക്കന്മാരെ കൊല്ലുകയോ അടിമകളാക്കുകയോ ചെയ്യാനും അവിടങ്ങളിലെ സുന്ദരിമാരായ പരദാരങ്ങളെ ബലപ്രയോഗത്തിലൂടെ കീഴക്കാനും തിരുവായ്ക്ക് എതിർവാ പറയുന്നവനെ വകവരുത്താനും ഒര മടിയും ഉണ്ടായിരുന്നില്ല രാവണന്. മുസ്സോളിനി ചെയ്തതിനേക്കാളും ഹീനമായ കൃത്യങ്ങൾ എണ്ണത്തിലും വണ്ണത്തിലും ചെയ്തുകൂട്ടിയ മഹാനായിരുന്നു രാവണൻ എന്ന് രാവണ ഭക്തന്മാർ ഓർക്കുന്നത് നന്ന്.

സുചരിതയും തനിക്ക് പ്രാണനേക്കാൾ പ്രിയങ്കരിയുമായ ഭാര്യയെ അപഹരിച്ച രാവണനെ രാമൻ യുദ്ധത്തിൽ കൊന്നു. ആ രാവണന് അഗ്നിഹോത്രിയായ ബ്രാഹ്മണന് അർഹിക്കുന്ന ചരമ ശുശ്രൂഷ നൽകണമെന്നാണ് വിജയിച്ച രാജാവായ രാമൻ ആജ്ഞാപിച്ചത്. മരണത്തിന് അപ്പുറത്തേക്ക് വൈരം നീളരുത് എന്നും മൃതദേഹം ആദരവ് അർഹിക്കുന്നുണ്ട് എന്ന് ഓർമ്മിപ്പിക്കാനും രാമൻ മറന്നില്ല. സോഫോക്ലസ്സിന്റെ ആന്റിഗണി എന്ന നാടകത്തിന് വളരെ മുൻപേ മൃതശരീരത്തിന്റെ അന്തസ്സിനെ കുറിച്ച് പരാമർശിക്കുന്ന ഗ്രന്ഥവും രാമായണം തന്നെ.
ഇറ്റലിയും ഇന്ത്യയും – രണ്ട് സംസ്കാരങ്ങൾ തമ്മിലുള്ള വ്യത്യാസം മുസ്സോളിനി – രാവണൻ വധത്തിൽ കാണാൻ കഴിയും. ശവത്തിൽ കുത്തുന്നതിന് തുല്യമാണ് ഒരുവനെ അപമാനിച്ചു പുറത്താക്കുന്നത്. അത്രയ്ക്ക് അപമാനം ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ രമേശൻ അർഹിക്കുന്നില്ല. അത് വേണ്ടിയിരുന്നില്ല സോണിയാജി; ഇത് ഇന്ത്യയാണ്; മറക്കരുത്.
(ഡോ കെ. എസ്. രാധാകൃഷ്ണൻ)

×