വിമാനത്തിലെ പ്രതിഷേധത്തില്‍ മുന്‍ എംഎല്‍എ ശബരിനാഥനെ അറസ്റ്റു ചെയ്‌തേക്കും ? ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റിലേക്ക് കടന്നേക്കുമെന്ന് സൂചന. ശബരിക്ക് വിനയായത് വിമാനത്തില്‍ പ്രതിഷേധിക്കണമെന്ന നിര്‍ദേശം ! സര്‍ക്കാരും ആഗ്രഹിക്കുന്നത് ശബരിയുടെ അറസ്റ്റ്. വിവാദങ്ങളില്‍ നിന്നും തല്‍ക്കാലം രക്ഷനേടാമെന്നും സര്‍ക്കാരിന് പ്രതീക്ഷ. ഊരിപിടിച്ച വാളുപോയിട്ട് ഒരു പേന പോലുമില്ലാതെയാണ് പ്രതിഷേധിച്ചതെന്നു ശബരിനാഥന്‍

New Update

publive-image

തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ കെ എസ് ശബരിനാഥിന്റെ അറസ്റ്റുണ്ടാകുമെന്ന് സൂചന. ഇന്നു തന്നെ ശബരിയുടെ അറസ്റ്റിന് സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Advertisment

ശബരിനാഥ് ഇന്നു രാവിലെ വലിയതുറ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ശംഖുമുഖം അസി. കമ്മീഷണര്‍ പൃഥിരാജാണ് ശബരിനാഥിനെ ചോദ്യം ചെയ്യുന്നത്.

ഇന്ന് ചോദ്യം ചെയ്യലില്‍ ശബരിനാഥ് സ്‌ക്രീന്‍ ഷോട്ട് തന്റെതാണെന്ന സമ്മതിച്ചാല്‍ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങും. അതല്ല ശബരി കുറ്റം നിഷേധിച്ചാല്‍ ഫോണ്‍ പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും.

അതിന്റെ പരിശോധനാ ഫലം വരുന്നതുവരെ അറസ്റ്റ് അടക്കമുള്ള കാര്യത്തില്‍ വൈകിയേക്കും. എന്തായാലു സമീപകാല വിവാദങ്ങളില്‍ നിന്നും താല്‍ക്കാലികമായി രക്ഷപെടാന്‍ സര്‍ക്കാരും ശബരിയുടെ അറസ്റ്റ് ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അറസ്റ്റിനുള്ള സാധ്യത ഏറെയാണ്.

അതേസമയം ചോദ്യം ചെയ്യലിന് ഹാജരായ സമയത്തും സര്‍ക്കാരിനെ ശബരി രൂക്ഷമായി വമിര്‍ശിച്ചു. വിമാനത്തിലെ പ്രതിഷേധത്തില്‍ കേസെടുത്തത് സര്‍ക്കാരിന്റെ ഭീരുത്വമാണ്.

ഒരു ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും സമാധാനപരമായിട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ പ്രതിഷേധിച്ചതെന്നും ശബരിനാഥ് പറഞ്ഞു. സംഘടന ആലോചിച്ചാണ് സമരം നടത്തിയത്.

ഊരിപിടിച്ച വാളുപോയിട്ട് ഒരു പേന പോലുമില്ലാതെയാണ് പ്രതിഷേധിച്ചത്. ജനാധിപത്യ മര്യാദ പാലിച്ചായിരുന്നു സമരമെന്നും ശബരിനാഥ് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സ്വതന്ത്ര സംഘടനയാണ്. യൂത്ത് കോണ്‍ഗ്രസ് എടുക്കുന്ന തീരുമാനം സംഘടനയുടേതാണ്.

പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമല്ല യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ ശബരിനാഥ്, പ്രചരിച്ച സ്‌ക്രീന്‍ ഷോട്ടിലുള്ളത് തന്റെ സന്ദേശമാണോയെന്ന് പൊലീസിനോട് പറയുമെന്നും പ്രതികരിച്ചു.

Advertisment