പരിമിത സാഹചര്യങ്ങൾക്കു നടുവിലായിരുന്നു ജീവിതമെങ്കിലും ഷാൻ അതൊന്നും അറിയിച്ചിട്ടില്ല; ആരു കൈനീട്ടിയാലും കടം വാങ്ങിയാണെങ്കിലും സഹായിക്കും; ശനിയാഴ്ച ഉച്ചയ്ക്കു ഭക്ഷണം കഴിക്കാൻ വന്നിട്ട് നാലുമണിയോടെയാണ് ഇക്ക പോയത്. ഏഴായപ്പോൾ ഞാൻ വിളിച്ചു. വേഗം വരാമെന്നുപറഞ്ഞ് ഫോൺ വച്ചു, എന്നാൽ വീട്ടിലെത്തിയത് ജീവനറ്റ ശരീരമാണെന്ന് ഷാനിന്റെ ഭാര്യ; ഞങ്ങള്‍ കരയുന്നത് ബാപ്പയ്ക്ക് ഇഷ്ടമല്ലെന്ന് മക്കളും

New Update

ആലപ്പുഴ: ഫൻസില ബികോം അവസാന വർഷം പഠിക്കുമ്പോഴായിരുന്നു ഷാനുമായുള്ള വിവാഹം. പരിമിത ജീവിത സാഹചര്യങ്ങളിൽ വളർന്ന ഷാനിനെ പിതാവ് ‌ഓട്ടോ ഓടിച്ചാണു പഠിപ്പിച്ചത്. എറണാകുളം ലോ കോളജിൽ എൽഎൽബി പഠിച്ചെങ്കിലും കൂടുതലിഷ്ടം ബിസിനസ് ആയിരുന്നു.

Advertisment

publive-image

ലോൺ എടുത്തും മറ്റും പലതും തുടങ്ങിയെങ്കിലും വലിയ വിജയമുണ്ടായില്ല. കടങ്ങളുണ്ട്. പരിമിത സാഹചര്യങ്ങൾക്കു നടുവിലായിരുന്നു ജീവിതമെങ്കിലും ഷാൻ അതൊന്നും അറിയിച്ചിട്ടില്ലെന്നു ഫൻസില പറയുന്നു.

‘‘മക്കളെ ഒരു ബുദ്ധിമുട്ടും അറിയിച്ചില്ല. കർട്ടന്റെ കട നടത്തിയിരുന്നു. ആരു കൈനീട്ടിയാലും കടം വാങ്ങിയാണെങ്കിലും സഹായിക്കും. എല്ലാവരെയും വിശ്വസിക്കുമായിരുന്നു.’’

‘‘ശനിയാഴ്ച ഉച്ചയ്ക്കു ഭക്ഷണം കഴിക്കാൻ വന്നിട്ട് നാലുമണിയോടെയാണ് ഇക്ക പോയത്. ഏഴായപ്പോൾ ഞാൻ വിളിച്ചു. വേഗം വരാമെന്നുപറഞ്ഞ് ഫോൺ വച്ചു. ഇക്ക ഓടിച്ചിരുന്ന വണ്ടി ആക്സിഡന്റ് ആയി എന്നുപറഞ്ഞുള്ള ഫോൺ കോളാണു രാത്രി വന്നത്.

വീട്ടിലേക്കു വരുന്നവഴി സ്കൂട്ടർ അപകടത്തിൽപ്പെട്ട് ഇക്കയുടെ കൈക്കു പരുക്കു പറ്റിയെന്നാണ് അറിയിച്ചിരുന്നത്. രാവിലെ ഇക്ക ആശുപത്രിയിൽനിന്നു വരുമെന്ന് എല്ലാവരും പറഞ്ഞു. എന്നാൽ വീട്ടിലെത്തിയത് ജീവനറ്റ ശരീരമാണ്.

വീട്ടിലെത്തിക്കുന്നതുവരെ ഇക്ക മരിച്ച വിവരം ആരും എന്നോടും ഉമ്മയോടും പറഞ്ഞിരുന്നില്ല.’’ ഷാനിന്റെ ഉമ്മ റഹീമ ബീവിയുടെ ചുമലിൽ ചാഞ്ഞ് കരച്ചിലടങ്ങാതെ ഫൻസില പറയുന്നു.

ഇനി വാപ്പയെ കാണാനാവില്ലെന്നു നഴ്സറിയിൽ പഠിക്കുന്ന ഫിദ ഫാത്തിമ മനസ്സിലാക്കിയിട്ടുണ്ടോ എന്നറിയില്ല. ‘‘എല്ലാ ആഴ്ചയും ബാപ്പ ഞങ്ങളെ കറങ്ങാൻ കൊണ്ടു പോകുമായിരുന്നു. കുറച്ചുനാളായി എങ്ങും പോകാൻ പറ്റിയിട്ടില്ല. ഞായറാഴ്ച ലുലു മാളിൽ കൊണ്ടുപോകാമെന്നു പറഞ്ഞിട്ടാണ് ശനിയാഴ്ച പോയത്.

രാത്രി ബാപ്പ വന്നില്ല. വണ്ടി അപകടത്തിൽപെട്ടെന്ന് ഉമ്മ പറഞ്ഞു. പിന്നെ വീട്ടിൽ നിറച്ച് ആളുകൾ വന്നു. ബാപ്പ വരുമെന്ന് എല്ലാവരും പറഞ്ഞു. കണ്ണുതുറന്നു നോക്കാത്ത ബാപ്പയെയാണ് പിന്നെ കണ്ടത്.’’

‘‘ഞങ്ങൾ കരയുന്നതു ബാപ്പയ്ക്ക് ഇഷ്ടമല്ല.’’ ആറാം ക്ലാസുകാരിയായ മൂത്തമകൾ ഫിബ ഫാത്തിമ പറഞ്ഞു. ‘‘എന്റെ സങ്കടം ഒരു കുട്ടിക്കും ഉണ്ടാവല്ലേയെന്നു മാത്രമാണ് പടച്ചോനോടു പ്രാർഥിക്കുന്നത്’’– അവൾ പറഞ്ഞു.

Advertisment