ആവിയാകുന്ന വാഗ്‌ദാനങ്ങൾ; തോമസ് ഐസക്ക് വിദ്യാർത്ഥികളെ പറഞ്ഞ് പറ്റിച്ചു; എങ്ങുമെത്താതെ ലാപ്ടോപ്പ് വിതരണം, രണ്ട് ലക്ഷം ലാപ്ടോപ്പുകൾ നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചത് കഴിഞ്ഞ ജൂൺ മാസത്തിലാണ്.

New Update

തിരുവനന്തപുരം : പിണറായി സർക്കാരിന്‍റെ വാഗ്‌ദാനങ്ങൾ വീണ്ടും ബഡായി മാത്രമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. പാവപ്പെട്ട വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് വേണ്ടി കുടുംബശ്രീയും കെ.എസ്.എഫ്.ഇയും ഐ.ടി മിഷനും സഹകരിച്ച് രണ്ട് ലക്ഷം ലാപ്ടോപ്പുകൾ നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചത് കഴിഞ്ഞ ജൂൺ മാസത്തിലാണ്. എന്നാൽ മാസം നാല് കഴിഞ്ഞിട്ടും സംസ്‌ഥാനത്തെ ഒരു വിദ്യാർത്ഥിക്ക് പോലും ഇത് ലഭിച്ചിട്ടില്ല.

Advertisment

publive-image

ജൂണ്‍ 26നാണ് സംസ്ഥാന സർക്കാർ ലാപ്ടോപ്പ് പദ്ധതി പ്രഖ്യാപിച്ചത്. കുടുംബശ്രീ അംഗങ്ങളെ കെ.എസ്.എഫ്.ഇ ചിട്ടിയിൽ ചേർത്തുകൊണ്ടാണ് ലാപ്ടോപ്പ് നൽകാൻ തീരുമാനിച്ചത്. അംഗങ്ങൾ ചിട്ടിയിൽ ചേർന്ന് മൂന്നാം മാസം ലാപ്ടോപ്പ് നൽകും എന്നതായിരുന്നു പ്രഖ്യാപനം. സംസ്‌ഥാനത്തെ ഒരു വിദ്യാർത്ഥിക്ക് പോലും ഓൺലൈൻ വിദ്യാഭ്യാസം ലഭിക്കാതെ വരരുത് എന്നായിരുന്നു അന്നത്തെ സർക്കാർ വാദം.

വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി പ്രത്യേകം വിഭാവനം ചെയ്ത 15,000 രൂപയുടെ ലാപ്ടോപ്പാണ് വിദ്യാർത്ഥികളുടെ കൈയ്യിൽ എത്തേണ്ടിയിരുന്നത്. 9000-ത്തോളം കുടുംബശ്രീകളിലെ നാൽപത്തയ്യായിരം അംഗങ്ങൾ ഇതിന്റെ ഭാഗമായി പദ്ധതിയിൽ ചേർന്നു. ഐ.ടി മിഷന്റെ പ്രവർത്തനങ്ങൾ മന്ദഗതിയിലാണ് നടക്കുന്നത്. ഇതാണ് പദ്ധതി വൈകുന്നതിന് പ്രധാന കാരണം.

ടെൻഡറിംഗ് നടപടിൾ ഇതുവരെയും ആരംഭിച്ചിട്ട് പോലുമില്ല. ഇതെല്ലാം പൂർത്തിയായി ലാപ്ടോപ്പ് വിദ്യാർത്ഥികൾക്ക് ലഭിക്കുമോയെന്ന് പോലും ഇപ്പോൾ ഉറപ്പില്ലാത്ത അവസ്‌ഥ യിലാണ്‌. ഓൺലൈൻ വിദ്യാഭ്യാസം ആരംഭിച്ചിട്ട് അഞ്ച് മാസം പിന്നിട്ടിരിക്കുമ്പോഴും സാങ്കേതികമായ നൂലാമാലകൾ ചൂണ്ടിക്കാട്ടി പദ്ധതി വൈകിപ്പിക്കുന്നത്.

അതേസമയം, സർക്കാർ കൊട്ടിഘോഷിച്ചു കൊണ്ട് വന്ന കേരള ബ്രാന്റ് ലാപ്‌ടോപ്പായ കൊക്കോണിക്‌സിനെ സര്‍ക്കാരിന് പോലും വേണ്ടാതായിരിക്കുന്ന അവസ്‌ഥയാണ്‌. വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ്ടോപ്പ് നൽകുന്ന പദ്ധതി സർക്കാർ പ്രഖ്യാപിച്ചപ്പോഴും കൊക്കോണിക്സിനെ കുറിച്ച് സർക്കാരിന് മിണ്ടാട്ടമില്ലായിരുന്നു.

മന്ത്രിസഭാ യോഗങ്ങളില്‍ ഓൺലൈനായി പങ്കെടുക്കാന്‍ മുഖ്യമന്ത്രിക്കും, മന്ത്രിമാര്‍ക്കും, ചീഫ് സെക്രട്ടറിക്കും 14.42 ലക്ഷം രൂപ മുടക്കി പുതിയ ലാപ്ടോപ്പുകള്‍ വാങ്ങാൻ സർക്കാർ .തീരുമാനിച്ചിരുന്നു. സര്‍ക്കാര്‍ ബ്രാന്റിനെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരിനും താല്‍പര്യവുമില്ലെന്നാണ് ഈ സംഭവം തന്നെ തെളിയിച്ചത്.

Advertisment