സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കണം....സര്‍ക്കാര്‍ എംഡിമാരെ അടിക്കടി മാറ്റുന്നത് സ്ഥാപനത്തിന്റെ പ്രവര്‍ത്തനസ്ഥിരതയെ പ്രതികൂലമായി ബാധിക്കും.....മലിനീകരണം കുറയ്ക്കാനും ഇന്ധനച്ചെലവ് കുറയ്ക്കാനും വൈദ്യുതി ബസ് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ തേടണം.....സുശീല്‍ ഖന്ന റിപ്പോര്‍ട്ട്

author-image
അനൂപ്. R
Updated On
New Update

തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധിയില്‍ നിന്നു കെഎസ് ആര്‍ടിസിയെ രക്ഷിക്കാന്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച പ്രഫ. സുശീല്‍ ഖന്ന സമര്‍പ്പിച്ച അന്തിമറിപ്പോര്‍ട്ടില്‍ ശുപാര്‍ശ.

Advertisment

publive-image

റിപ്പോര്‍ട്ട് പഠിച്ച് ഒരുമാസത്തിനുള്ളില്‍ പ്രായോഗികമായ ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.
കെഎസ്ആര്‍ടിസിയുടെ നടത്തിപ്പ് പ്രഫഷനല്‍ മികവുള്ളവരെ ഏല്‍പ്പിക്കണമെന്നും ഡിപ്പോകളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബസുകള്‍ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി നിരത്തിലിറക്കണമെന്നും നിര്‍ദേശമുണ്ട്.

ഒരു ബസിന് 7.2 ജീവനക്കാര്‍ എന്ന അനുപാതം ദേശീയ ശരാശരിയായ 5.2 ആയി കുറയ്ക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ നിര്‍ദേശം. ഇതു സര്‍ക്കാര്‍ അംഗീകരിച്ചാല്‍ കോടതിവിധിയെത്തുടര്‍ന്നു പുറത്തായ എംപാനല്‍ ജീവനക്കാരെ തിരിച്ചെടുക്കാനുള്ള നീക്കങ്ങളെ പ്രതികൂലമായി ബാധിക്കും. സര്‍ക്കാര്‍ എംഡിമാരെ അടിക്കടി മാറ്റുന്നത് സ്ഥാപനത്തിന്റെ പ്രവര്‍ത്തനസ്ഥിരതയെ പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

മലിനീകരണം കുറയ്ക്കാനും ഇന്ധനച്ചെലവ് കുറയ്ക്കാനും വൈദ്യുതി ബസ് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ തേടണം. ഒരു ദിവസത്തിനുള്ളില്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാവുന്ന നിലയില്‍ വര്‍ക്ഷോപ്പുകള്‍ നവീകരിക്കണമെന്നും സുശീല്‍ ഖന്ന ആവശ്യപ്പെട്ടിട്ടുണ്ട്.

കെഎസ്ആര്‍ടിസിയെ നവീകരിക്കാന്‍ വിശദ പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ 2016 ഒക്ടോബറിലാണു കൊല്‍ക്കത്ത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ അധ്യാപകനായ സുശീല്‍ ഖന്നയെ ചുമതലപ്പെടുത്തിയത്. 2017 ഫെബ്രുവരിയില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മാനേജ്‌മെന്റ് പ്രതിനിധികളുമായും തൊഴിലാളികളുമായും സര്‍ക്കാര്‍ വകുപ്പ് മേധാവികളുമായും ചര്‍ച്ച ചെയ്ത ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

Advertisment