Advertisment

കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകറിനെതിരെ പ്രതിഷേധവുമായി ടി.ഡി.എഫ്; ബിജു പ്രഭാകര്‍ ഖേദം പ്രകടിപ്പിക്കണമെന്ന് പ്രതിഷേധക്കാര്‍; കെ.എസ്.ആര്‍.ടി.സി തൊഴിലാളികള്‍ ആത്മാര്‍ത്ഥതയുള്ളവരാണെന്ന് എളമരം കരീം

New Update

publive-image

Advertisment

തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാഷകര്‍ ചില ജീവനക്കാര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് തൊഴിലാളി സംഘടനയായ ഐഎന്‍ടിയുസിയുടെ ഭാഗമായ ടിഡിഎഫ് തിരുവനന്തപുരം കെഎസ്ആര്‍ടിസി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്കെതിരായ പരാമര്‍ശത്തില്‍ ബിജു പ്രഭാകര്‍ ഖേദം പ്രകടിപ്പിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. തമ്പാനൂരില്‍നിന്ന് ബിജു പ്രഭാകറിന്റെ ഓഫീസ് സ്ഥിതിചെയ്യുന്ന കിഴക്കേക്കോട്ടയിലെ ചീഫ് ഓഫീസിലേക്കായിരുന്നു മാര്‍ച്ച്. മാര്‍ച്ച് പോലീസ് തടഞ്ഞതോടെ ഓഫീസിനു മുന്നില്‍ പ്രതിഷേധക്കാര്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

ബിജു പ്രഭാകറിനെതിരെ എളമരം കരീം എംപിയും രംഗത്തെത്തി. കെഎസ്ആര്‍ടിസിയിലെ ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം തൊഴിലാളികളാണെന്ന് പറയുന്നത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് എളമരം കരീം പറഞ്ഞു. തൊഴിലാളികള്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നവരാണ്. തൊഴിലാളികളുടെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടത് മാനേജ്‌മെന്റാണ്. അവരെ ജോലി ചെയ്യിക്കേണ്ടത് മാനേജ്‌മെന്റാണെന്ന് എളമരം കരീം പറഞ്ഞു.

Advertisment