Advertisment

ശാന്തിമന്ത്രങ്ങള്‍ ഓതിക്കൊടുക്കാന്‍ ബാദ്ധ്യതപ്പെട്ടവര്‍ അശാന്തി വിതക്കുന്നവരായി മാറുന്നത് അത്യന്തം ദുഖകരമാണ്, പാലാ ബിഷപ്പും ഫാദര്‍ തിയോഡോഷ്യസും സമീപ കാലത്ത് നടത്തിയ അത്യന്തം വര്‍ഗീയവും വംശീയവുമായ പ്രസ്താവനകള്‍ കടുത്ത വര്‍ഗീയവാദികള്‍ പോലും ഇന്നോളം പറഞ്ഞിട്ടില്ലാത്ത കാര്യമാണ് ; എന്തുവേണമെന്ന് പിതാക്കന്മാര്‍ക്ക് തീരുമാനിക്കാമെന്ന് കെ ടി ജലീല്‍

New Update

publive-image

Advertisment

മലപ്പുറം: മന്ത്രി വി അബ്ദുറഹ്മാന് നേരെ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ് നടത്തിയ 'തീവ്രവാദി' പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി എംഎല്‍എ കെ ടി ജലീല്‍. മഹാത്മാ ഗാന്ധിയെ വധിച്ചത് ഒരു മുസ്ലീമാണെന്ന വ്യാജ പ്രചരണം തുടക്കത്തിലേ തന്നെ മൗണ്ട് ബാറ്റണ്‍ പ്രഭു തടഞ്ഞ സംഭവം ചൂണ്ടിക്കാണിച്ചാണ് തവനൂര്‍ എംഎല്‍എയുടെ പ്രതികരണം. 'വിഴിഞ്ഞത്ത് പോലീസ് സ്റ്റേഷന്‍ തകര്‍ക്കുകയും 35 പോലീസുകാരെ അക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത ഞെട്ടിക്കുന്ന വാര്‍ത്ത ചാനലുകളില്‍ എഴുതിക്കാണിക്കുന്നത് കണ്ടപ്പോള്‍ എന്റെ മനസ്സിലേക്ക് ഓടിവന്നത് മൂന്നര പതിറ്റാണ്ട് മുമ്പ് വായിച്ച ഡൊമിനിക്കിന്റെയും ലാരിയുടെയും വരികളാണ്,' വിഴിഞ്ഞം സമരനേതൃത്വത്തിലുള്ള പുരോഹിതന്‍ കലാപത്തിന് ശ്രമിക്കുകയാണെന്ന് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് എംഎല്‍എ പ്രതികരിച്ചു.

'പാലാ ബിഷപ്പും ഫാദര്‍ തിയോഡോഷ്യസും സമീപ കാലത്ത് നടത്തിയ അത്യന്തം വര്‍ഗീയവും വംശീയവുമായ പ്രസ്താവനകള്‍ കടുത്ത വര്‍ഗീയവാദികള്‍ പോലും ഇന്നോളം പറഞ്ഞിട്ടില്ലാത്ത കാര്യമാണ്. ശാന്തിമന്ത്രങ്ങള്‍ ഓതിക്കൊടുക്കാന്‍ ബാദ്ധ്യതപ്പെട്ടവര്‍ അശാന്തി വിതക്കുന്നവരായി മാറുന്നത് അത്യന്തം ദുഖകരമാണ്,' കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.'മന്ത്രി അബ്ദുറഹ്മാനെതിരെ തിയോഡോഷ്യസ് നടത്തിയ 'പേരില്‍ തന്നെ' തീവ്രവാദമുണ്ടെന്ന പ്രസ്താവന വന്നിട്ട് 24 മണിക്കൂര്‍ പിന്നിട്ടു. ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയ നേതാവും അതിനെതിരെ രംഗത്ത് വരാത്തത് അത്ഭുതകരമാണ്. വേദവും മതവും പഠിക്കാത്ത ഒരു സാധാരണക്കാരന്റെ മനസ്സില്‍ പോലും വരാത്ത കാര്യങ്ങളാണ് പാലാ ബിഷപ്പും തിയോഡഷ്യസുമെല്ലാം ചിന്തിക്കുന്നതും പറയുന്നതും.

അച്ഛന്‍മാര്‍ക്ക് വായില്‍ തോന്നിയത് പറയാമെന്ന വിചാരം അംഗീകരിക്കാനാവില്ല. കേട്ട് കേട്ട് മടുത്തു. ഇനി സഹിക്കാന്‍ വയ്യ. ഉരുളക്ക് ഉപ്പേരി പോലെ പച്ചക്ക് മറുപടി പറയാനാണ് തീരുമാനം. മര്യാദയാണെങ്കില്‍ മര്യാദ. മര്യാദ കേടാണെങ്കില്‍ മര്യാദ കേട്. എന്തു വേണമെന്ന് പിതാക്കന്‍മാര്‍ക്ക് തീരുമാനിക്കാം,' തവനൂര്‍ എംഎല്‍എ മുന്നറിയിപ്പ് നല്‍കി.'വിഴിഞ്ഞത്ത് നടന്നത് താനൂര്‍ കടപ്പുറത്താകാതിരുന്നത് മഹാഭാഗ്യം. ഡൊമിനിക്ക് ലാപിയറും ലാരി കോളിന്‍സും കൂടി എഴുതിയ 'സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍' എന്ന പുസ്തകം 35 വര്‍ഷം മുമ്പാണ് വായിച്ചത്. അതിലൊരു സംഭവം പറയുന്നുണ്ട്. ഗാന്ധിജി വെടിയേറ്റ് മരിച്ച വാര്‍ത്ത ഞെട്ടലോടെ ലോകം കേട്ട നിമിഷങ്ങള്‍. ഇന്ത്യ വിറങ്ങലിച്ചു നില്‍ക്കുകയാണ്. ആളുകള്‍ ദുഃഖം സഹിക്കവയ്യാതെ വാവിട്ടു കരയുന്നു. രാഷ്ട്ര നേതാക്കള്‍ സ്തബ്ധരായി. ആര്‍ക്കും ആരെയും ആശ്വസിപ്പിക്കാന്‍ കഴിയാത്ത മണിക്കൂറുകള്‍.ആരാണ് ഘാതകന്‍? കേട്ടവര്‍ കേട്ടവര്‍ പരസ്പരം ചോദിച്ചു. ഒരാള്‍ക്കും ഒരു നിശ്ചയവുമില്ല.

ഇന്ത്യയുടെ പ്രഥമ ഗവര്‍ണര്‍ ജനറല്‍ മൗണ്ട് ബാറ്റണ്‍ പ്രഭു വാര്‍ത്തയറിഞ്ഞ് അങ്ങേയറ്റം ആശങ്കയോടെ സംഭവ സ്ഥലത്തേക്ക് കുതിച്ചു. പരിസരം മുഴുവന്‍ ജനങ്ങളെക്കൊണ്ട് നിറഞ്ഞ് കവിഞ്ഞിരുന്നു. വാഹനത്തില്‍ നിന്ന് ഇറങ്ങി നടക്കവെ ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരോ വിളിച്ചു പറഞ്ഞു: 'ഗാന്ധിജിയെ കൊന്നത് ഒരു മുസ്ലിമാണ്'. ഇതുകേട്ട മൗണ്ട് ബാറ്റര്‍ തൊണ്ട പൊട്ടുമാറുച്ചത്തില്‍ പ്രതികരിച്ചു; 'അല്ല, മുസ്ലിമല്ല ഗാന്ധിജിയെ കൊന്നത്'. ആ സമയത്തും അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു പ്രാര്‍ത്ഥനയേ ഉണ്ടായിരുന്നുള്ളൂ; 'ഘാതകന്‍ ഒരു മുസ്ലിമാകരുതേ'. അങ്ങിനെ സംഭവിച്ചാല്‍ ഉണ്ടാകുമായിരുന്ന വന്‍ ദുരന്തമോര്‍ത്തായിരുന്നു മൗണ്ട് ബാറ്റന്റെ ആത്മഗതം,' കെ ടി ജലീല്‍ ഓര്‍മ്മിപ്പിച്ചു.

തീവ്രവാദി പരാമര്‍ശത്തില്‍ വിഴിഞ്ഞം സമരസമിതി നേതാവ് ഫാദര്‍ മൈക്കിള്‍ തോമസ് ഖേദപ്രകടനം നടത്തിയിരുന്നു. അബ്ദുറഹ്മാനെ തീവ്രവാദിയെന്ന് വിളിച്ച തിയോഡേഷ്യസ് ഡിക്രൂസിന്റെ പരാമര്‍ശം തെറ്റാണെന്ന് മൈക്കിള്‍ തോമസ് മീഡിയാ വണ്‍ ചര്‍ച്ചയില്‍ സമ്മതിക്കുകയായിരുന്നു.''പദപ്രയോഗങ്ങള്‍ സൂക്ഷിക്കണമെന്ന് വിശ്വസിക്കുന്നു. തെറ്റ് പറ്റിയാല്‍ അത് സമ്മതിക്കാനും ഖേദം പ്രകടിപ്പിക്കാനും ഞങ്ങള്‍ മടി കാണിക്കില്ല. ഉദേശിച്ച രീതിയില്‍ അല്ല പരാമര്‍ശം വ്യാഖ്യാനിക്കപ്പെട്ടത്. പൊതുസമൂഹം മുമ്പാകെ തെറ്റിദ്ധാരണ പരത്തിയതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. സമരസമിതിക്ക് വേണ്ടിയാണ് ഞാനിത് പറയുന്നത്.''മൈക്കിള്‍ തോമസ് പറഞ്ഞു.

അബ്ദുറഹ്മാന്റെ പേരില്‍ തന്നെയൊരു തീവ്രവാദിയുണ്ടെന്നാണ് ഡിക്രൂസ് മാധ്യമങ്ങളോട് പറഞ്ഞത്. ''അബ്ദുറഹ്മാന്റെ പേരില്‍ തന്നെയൊരു തീവ്രവാദിയുണ്ട്. അബ്ദുറഹ്മാന്‍ യഥാര്‍ത്ഥത്തില്‍ മത്സ്യത്തൊഴിലാളുകളുടെ കാര്യം നോക്കേണ്ട മന്ത്രിയാണ്. പക്ഷെ വിടുവായനായ അബ്ദുറഹ്മാന്‍ അഹമ്മദ് ദേവര്‍കോവിലിന് വേണ്ടിയാണ് സംസാരിക്കുന്നത്. രാജ്യദ്രോഹം ചെയ്തത് ആരാണെന്ന് വിഴിഞ്ഞത്ത് നടന്ന സമരത്തില്‍ നിന്ന് മനസിലാകും. അബ്ദുറഹ്മാന്റെ ഗുണ്ടകളെ അഴിഞ്ഞാടാന്‍ വിട്ടതുകൊണ്ടാണ് മത്സ്യത്തൊഴിലാളികള്‍ നിഷ്‌കരുണം അടികൊള്ളേണ്ടി വന്നത്. ഞങ്ങള്‍ രാജ്യദ്രോഹികളായിരുന്നെങ്കില്‍ അബ്ദുറഹ്മാനെ പോലുള്ള ഏഴാം കൂലികള്‍ ഇവിടെ ഭരണം നടത്തില്ലായിരുന്നു.''തിയോഡോഷ്യസ് ഡിക്രൂസ് പറയുകയുണ്ടായി.



Advertisment