കുമരകത്ത് വേമ്പനാട്ടുകായലിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് നാടിനാകെ മാതൃകയായ എന്‍.എസ്. രാജപ്പന്റെ പണം തട്ടിയെടുത്തത് വന്‍ വിവാദമായിരുന്നു. സഹോദരിക്കെതിരെ രാജപ്പന്‍ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പണം തട്ടിയ കേസില്‍ കുമരകം പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് കേസ് ഒത്തുതീര്‍പ്പാക്കുന്ന നടപടിയിലേക്ക് പോകുന്നത്.
/sathyam/media/post_attachments/5mb6zQH77YbhLaN0FOPJ.jpg)
പണം തട്ടിയത് സഹോദരി വിലാസിനി തന്നെയെന്ന് അന്വേഷണത്തില്‍ കുമരകം പോലീസിന് വ്യക്തമായിരുന്നു. ഇതിനെ തുടര്‍ന്ന് ഇവര്‍ കുടുംബസമേതം ഒളിവില്‍ പോയിരുന്നു. ഭര്‍ത്താവ് കുട്ടപ്പനും സഹോദരന്‍ ജയലാലിനും ഒപ്പമാണ് ഇവര്‍ ഒടുവില്‍ പോയത്. പോലീസ് പിടിക്കും എന്ന് ഉറപ്പായതോടെയാണ് പണം തിരികെ നല്‍കി രക്ഷപ്പെടാന്‍ വിലാസിനിയും കുടുംബവും ശ്രമം നടത്തിയത്. വിലാസിനി അഞ്ചു ലക്ഷത്തിഎണ്ണായിരം രൂപ തിരികെ ബാങ്ക് അക്കൗണ്ടില്‍ തന്നെ അടച്ചു. ഇതുസംബന്ധിച്ച രസീതും വിലാസിനി രാജപ്പന് കൈമാറി. ഇതോടെയാണ് ഇനി കേസില്‍ മുന്നോട്ടു പോകേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് രാജപ്പന്‍ എത്തിയത്.
പണം തിരികെ ലഭിക്കുക എന്നത് മാത്രമായിരുന്നു ആവശ്യം എന്ന് രാജപ്പന്‍ വ്യക്തമാക്കി. എന്നാല്‍ രസീത് തന്നെങ്കിലും ബാങ്കില്‍ പോയി ഇത് പരിശോധിക്കാനായിട്ടില്ല. ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഇന്ന് ബാങ്ക് അവധി ആണ്. അതിനാല്‍ നാളെ മാത്രമേ ഇക്കാര്യങ്ങള്‍ നേരിട്ട് പരിശോധിക്കാന്‍ ആകുവെന്ന് രാജപ്പന്‍ പറഞ്ഞു. നേരിട്ട് പരിശോധിച്ച ശേഷം പൊലീസിനോട് പരാതിയുമായി മുന്നോട്ടു പോകാന്‍ ഇല്ല എന്ന് അറിയിക്കാനാണ് രാജപ്പന്റെ തീരുമാനം.