/sathyam/media/post_attachments/IyrqsoPjMWnVVeb5eXE7.jpg)
തിരുവനന്തപുരം: രാജ്യദ്രോഹക്കേസില്‍ പ്രതിയായ ഐഷ സുല്‍ത്താനയെ ഫോണില്‍ വിളിച്ച് പിന്തുണയും ആശംസയും അറിയിച്ച മന്ത്രി വി ശിവന്‍കുട്ടിയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍.
മുഖ്യമന്ത്രിയെയും തന്നെയും വന്നുകണ്ടാല്‍ ലക്ഷദ്വീപ് പൊലീസില്‍നിന്ന് രക്ഷിക്കാമെന്നാണ് ഐഷ സുല്‍ത്താനയോട് ശിവന്‍കുട്ടി ഫോണില്‍ പറഞ്ഞത്. ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന മന്ത്രി, മറ്റൊരു സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ ഇടപെടുന്നത് ഭരണഘടനാ ലംഘനമാണെന്നും കുമ്മനം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
രാജ്യവിരുദ്ധ പരാമര്‍ശനത്തിന് രാജ്യദ്രോഹകേസില്‍ പ്രതിയായ ഐഷാ സുല്‍ത്താനയെ ഫോണില്‍ വിളിച്ച് പിന്തുണയും ആശംസയുമറിച്ച മന്ത്രി വി ശിവന്‍ കുട്ടിയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ലക്ഷദ്വീപിലെ ജനങ്ങള്‍ക്കു മേല്‍ കേന്ദ്ര സര്‍ക്കാര്‍ ബയോവെപ്പണ്‍ പ്രയോഗിച്ചു എന്ന ഗുരുതരമായ പരാമര്‍ശമാണ് ഐഷ നടത്തിയത്.
സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനും രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനുമുള്ള പരാമര്‍ശത്തിനെതിരെ നിയമപരമായ നടപടികളാണ് ഉണ്ടായിരിക്കുന്നത്. ലക്ഷ ദ്വീപില്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്ന കേസിനെ നിയമപരമായി നേരിടുകയാണ് വേണ്ടത്. മുഖ്യമന്ത്രിയെയും തന്നെയും വന്ന് കണ്ടാല്‍ ലക്ഷദീപ് പോലീസില്‍ നിന്ന് രക്ഷിക്കാമെന്നാണ് ഐഷാ സുല്‍ത്താനയോട് ശിവന്‍കുട്ടി ഫോണില്‍ പറഞ്ഞത്. ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന മന്ത്രി, മറ്റൊരു സംസ്ഥാനത്ത് രജിസ്ട്രര്‍ ചെയ്തിരിക്കുന്ന കേസില്‍ ഇടപെടുന്നത് ഭരണഘടനാ ലംഘനമാണ്.
തന്റെ മണ്ഡലത്തില്‍ നടക്കുന്ന അഴിമതി, അക്രമം എന്നിവയെക്കുറിച്ച് ഒന്നും മിണ്ടാത്ത ശിവന്‍കുട്ടി, തീവ്രവാദ ചിന്താഗതിക്കാരെ പരസ്യമായി പിന്തുണയക്കുന്നതിനു പിന്നില്‍ എന്താണെന്ന് വ്യക്തമാക്കണം. ആറ്റുകാല്‍ പൊങ്കാലയുടെ പേരു പറഞ്ഞ് ലക്ഷങ്ങളുടെ കൊള്ളയാണ് നഗരസഭ നടത്തിയത്. കോവിഡ് കാലത്ത് ഭക്ഷണം നല്‍കിയതിന്റെ പേരിലും വെട്ടിപ്പ് നടന്നിരിക്കുന്നു.
നേമം മണ്ഡലത്തിലാകെ അക്രമവും വ്യാപക ഗുണ്ടാ വിളയാട്ടവും നടക്കുന്നതിന്റെ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. കോവിഡ് ചികിത്സാ കേന്ദ്രത്തിനു നേരെ പോലും ആക്രമണം ഉണ്ടായി. ഇതിനോടൊന്നും പ്രതികരിക്കാന്‍ സ്ഥലം എംഎല്‍എ ആയ മന്ത്രിക്ക് സമയം ഉണ്ടായിരുന്നില്ല.