കുണ്ടറ കീഴടക്കാന്‍ ഇത്തവണ ആര് ? യുഡിഎഫില്‍ പരിഗണനയിലുള്ളത് കല്ലട രമേഷ്, ഫൈസല്‍ കുളപ്പാടം, പി ജര്‍മ്മിയാസ് എന്നിവര്‍. ഇത്തവണ പുറത്തുനിന്നുള്ള സഥാനാര്‍ത്ഥി വേണ്ടെന്ന നിലപാടിലുറച്ച് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം. സീറ്റിനായി ആര്‍എസ്‌പിയും രംഗത്ത് ! ആര്‍എസ്‌പിയുടെ നോട്ടം പ്രേമചന്ദ്രന്‍റെ കുണ്ടറയിലെ വലിയ ലീഡിന്റെ പശ്ചാത്തലത്തില്‍. ഇടതില്‍ ഇക്കുറി മേഴ്‌സിക്കുട്ടിയമ്മയക്ക് പകരം ചിന്താ ജെറോം ?

ന്യൂസ് ബ്യൂറോ, കൊല്ലം
Thursday, February 4, 2021

കൊല്ലം: ഇരു മുന്നണികള്‍ക്കും തുല്യ ശക്തി പ്രവചിക്കപ്പെടുന്ന കൊല്ലം ജില്ലയിലെ കുണ്ടറ നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് യുഡിഎഫ്. സിപിഎമ്മില്‍നിന്നും സീറ്റ് പിടിച്ചെടുക്കാന്‍ മൂന്ന് പേരുകളാണ് ആദ്യഘട്ടത്തില്‍ ഉയര്‍ന്നുവരുന്നത്. ഇടത് ചായ്‌വുള്ള മണ്ഡലത്തില്‍ ആര്‍എസ്‌പിയെ പരീക്ഷിക്കാനും യുഡിഎഫ് ആലോചിക്കുന്നുണ്ട്.

മില്‍മ തിരുവനന്തപുരം മേഖല ചെയര്‍മാന്‍ കല്ലട രമേഷ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുഖത്തല ബ്ലോക്ക് പഞ്ചായത്തംഗവുമായ ഫൈസല്‍ കുളപ്പാടം, ഡിസിസി വൈസ് പ്രസിഡന്റ് പി ജര്‍മ്മിയാസ് എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളത്. എ ഗ്രൂപ്പില്‍ നിന്നുള്ളവരാണ് പരിഗണിക്കപ്പെടുന്ന മൂന്നുപേരും.

കാലാകാലങ്ങളായി കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുള്ള നേര്‍ക്ക് നേര്‍ ഏറ്റുമുട്ടലിന് സാക്ഷ്യം വഹിക്കുന്ന മണ്ഡലം തിരികെ പിടിക്കാന്‍ ആര്‍ക്ക് കഴിയുമെന്നാണ് യുഡിഎഫ് പരിശോധിക്കുന്നത്. പുറത്ത് നിന്നുള്ള ഒരു സ്ഥാനാര്‍ഥിയെ പരീക്ഷിക്കേണ്ട എന്ന നിലപാടും കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്.

2006 മുതല്‍ ഇങ്ങോട്ട് മണ്ഡലം എല്‍ഡിഎഫിനോപ്പമാണ്. 2006 ല്‍ എംഎ ബേബി കൊണ്‍ഗ്രസ് സ്ഥാനാര്‍ഥി കടവൂര്‍ ശിവദാസനെ 14869 വോട്ടിന് പരാജയപ്പെടുത്തി. 2011ല്‍ എംഎ ബേബി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. അന്ന് കോണ്‍ഗ്രസിന്റെ പി ജര്‍മ്മിയാസിനെ 14793 വോട്ടിനാണ് പരാജയപ്പെടുത്തിയത്.

2016 ജെ മേഴ്സിക്കുട്ടിയമ്മ രാജ്‌മോഹന്‍ ഉണ്ണിത്താനെയും പരാജയപ്പെടുത്തി മണ്ഡലം നിലനിര്‍ത്തി. ഇത്തവണ എംഎ ബേബിയും ജെ മേഴ്സിക്കുട്ടിയമ്മയും മത്സരത്തിന് ഇറങ്ങിയേക്കില്ലെന്നാണ് സൂചന. പാര്‍ലമെന്ററി രംഗത്ത് നിന്നും തല്‍ക്കാലം മാറി നില്‍ക്കുന്നതിന്റെ ഭാഗമായാണ് എംഎ ബേബി മത്സരത്തില്‍ നിന്നും മാറി നില്‍ക്കുന്നത്.

പകരം ചിന്ത ജെറോമിനെ ഇവിടെ പരീക്ഷിക്കാനാണ് സിപിഎം നീക്കം. ചിന്ത വരുന്നത് യുവജന പ്രാതിനിധ്യവും വനിതാ പ്രാതിനിധ്യവും ഉറപ്പിക്കാനും സഹായകരമാകുമെന്നും സപിഎം കണക്കുക്കൂട്ടുന്നു.

അതിനിടെ ഒന്‍പത് തവണ തുണച്ച ഇരവിപുരം കോണ്‍ഗ്രസിന് വിട്ട് കൊടുത്ത് കുണ്ടറ ആവശ്യപ്പെടാനാണ് ആര്‍എസ്‌പിയുടെ ആലോചന. കൊല്ലം, അല്ലെങ്കില്‍ കുണ്ടറ സീറ്റുകളാണ് ആര്‍എസ്‌പിക്ക് താല്‍പര്യം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍.കെ പ്രേമചന്ദ്രന് വലിയ ഭൂരിപക്ഷം കുണ്ടറയില്‍ ലഭിച്ചതാണ് ആര്‍എസ്‌പിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്.

കൊല്ലം താലൂക്കിലെ ഏഴ് പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് കുണ്ടറ നിയസഭാ മണ്ഡലം. ഏഴില്‍ ഒരിടത്തു മാത്രമാണ് യുഡിഎഫിന് ഭരണം ഉള്ളത്. പോരായ്മകള്‍ കൂടാതെയുള്ള സ്ഥാനാര്‍ഥി നിര്‍ണയമാകും ഇക്കുറി കുണ്ടറയില്‍ ഉണ്ടാവുക.

×