Advertisment

ഐശ്വര്യ റായിയെ പോലുള്ള ഒരാള്‍ നിങ്ങളുടെ അടുത്ത് കോസ്മെറ്റിക് സര്‍ജറിക്ക് വന്ന് അവരാണ് സര്‍ജറി ഭംഗിയായില്ല എന്ന ആരോപണം ഉന്നയിക്കുന്നതെങ്കില്‍ ഇങ്ങനെയാണോ നിങ്ങള്‍ പ്രതികരിക്കുക? ചിരിയുടെ ആംഗിള്‍ ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിപ്പോയാല്‍ കാലില്‍ വീണ് മാപ്പപേക്ഷിക്കാറുണ്ടല്ലോ ആ സമയത്തൊക്കെ? നിങ്ങള്‍ കീറിമുറിച്ച് വലിച്ചെറിയുന്ന ശരീരങ്ങളില്‍ ജീവനില്ലാതായി എന്ന് വരുമ്പോള്‍ വാ തുറക്കാന്‍ കാണിച്ച ആ ആര്‍ജ്ജവം ഭയങ്കരം തന്നെ; മൂത്രമൊഴിക്കാന്‍ കഴിയാതെ, ചിരിക്കാനോ തുമ്മാനോ പല്ല് തേയ്ക്കാനോ കഴിയാതെ വന്നിരുന്നതിനെക്കുറിച്ച് അനന്യ അവസാന ദിവസം വരെ തൊണ്ട കീറിപ്പറഞ്ഞിരുന്നത് കേട്ടില്ല എന്നുള്ള ഭാവം കൊള്ളാം; വിമര്‍ശനവുമായി ആക്ടിവിസ്റ്റ് കുഞ്ഞില മാസ്സിലാമണി

New Update

കൊച്ചി: ട്രാന്‍സ് ജെന്‍ഡര്‍ അനന്യയുടെ മരണത്തില്‍ റിനൈ മെഡിസിറ്റി നല്‍കിയ വിശദീകരണത്തിനെതിരെ വിമര്‍ശനവുമായി ആക്ടിവിസ്റ്റ് കുഞ്ഞില മാസ്സിലാമണി.

Advertisment

publive-image

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

ട്രാന്‍സ്ജെന്റര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിന്റെ മരണത്തെ തുടര്‍ന്ന് അവരുടെ ശസ്ത്രക്രിയ ചെയ്ത ഹോസ്പിറ്റലായ റെനായ് മെഡിസിറ്റിയുടെ ‘വിശദീകരണം’ വായിച്ചു. നിങ്ങള്‍ കീറിമുറിച്ച് വലിച്ചെറിയുന്ന ശരീരങ്ങളില്‍ ജീവനില്ലാതായി എന്ന് വരുമ്പോള്‍ വാ തുറക്കാന്‍ കാണിച്ച ആ ആര്‍ജ്ജവം ഭയങ്കരം തന്നെ.

മരിക്കുന്ന ദിവസം വരെ അനന്യ നിങ്ങളുടെ ഹോസ്പിറ്റലിനെ വിളിച്ച് ചെയ്ത് പ്രൊസീജറിന്റെ രേഖകള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അത് കൊടുക്കാന്‍ നിങ്ങള്‍ വിസമ്മതിച്ചു എന്നുമുള്ള കാര്യം നിങ്ങള്‍ കുറിപ്പില്‍ ചേര്‍ത്ത് കണ്ടില്ല.

ശസ്ത്രക്രിയയ്ക്ക് മുമ്പായി വെള്ളക്കടലാസില്‍ ഒപ്പിട്ട് വാങ്ങിയത് പറഞ്ഞില്ല. ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍ അര്‍ജുന്‍ അശോകനും ഭാര്യ ഡോക്ടര്‍ സുജയും അനന്യയെ ചര്‍ച്ചകളില്‍ നിന്ന് ഇറക്കിവിട്ട് അപമാനിച്ചതിനെപ്പറ്റി പറഞ്ഞില്ല.

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ശരീരത്തിന് ഭംഗി പോര എന്നതായിരുന്നു അനന്യയുടെ പരാതി എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം കൊള്ളാം.

മൂത്രമൊഴിക്കാന്‍ കഴിയാതെ, ചിരിക്കാനോ തുമ്മാനോ പല്ല് തേയ്ക്കാനോ കഴിയാതെ, നില്‍ക്കാന്‍ കഴിയാതെ, ദിവസം അനവധി സാനിറ്ററി പാഡുകള്‍ മാറി ഉപയോഗിക്കേണ്ടി വന്നിരുന്നതിനെക്കുറിച്ച് അനന്യ അവസാന ദിവസം വരെ തൊണ്ട കീറിപ്പറഞ്ഞിരുന്നത് കേട്ടില്ല എന്നുള്ള ഭാവം കൊള്ളാം.

ഇനി ഒരു ട്രാന്‍സ്വുമണിന് തന്റെ സര്‍ജറിയില്‍ ഭംഗിക്കുറവ് ആരോപിക്കാനുള്ള സ്വാതന്ത്ര്യമില്ലേ? ഐശ്വര്യ റായിയെ പോലുള്ള ഒരാള്‍ നിങ്ങളുടെ അടുത്ത് കോസ്മെറ്റിക് സര്‍ജറിക്ക് വന്ന് അവരാണ് സര്‍ജറി ഭംഗിയായില്ല എന്ന ആരോപണം ഉന്നയിക്കുന്നതെങ്കില്‍ ഇങ്ങനെയാണോ നിങ്ങള്‍ പ്രതികരിക്കുക? ചിരിയുടെ ആംഗിള്‍ ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിപ്പോയാല്‍ കാലില്‍ വീണ് മാപ്പപേക്ഷിക്കാറുണ്ടല്ലോ ആ സമയത്തൊക്കെ? ട്രാന്‍സ്ജീവിതങ്ങള്‍ക്ക് ഭംഗി, ആരോഗ്യം തുടങ്ങിയ അവകാശങ്ങളൊന്നുമില്ലേ?

സിസ് ഹെറ്ററോ ആയ ഒരു പേഷ്യന്റെങ്കിലും തന്റെ ഏതെങ്കിലും ഒരു സര്‍ജറിയെപ്പറ്റി ഇത്തരം അഭിപ്രായം പറഞ്ഞാല്‍ നിങ്ങളെങ്ങനെ പ്രതികരിക്കുമായിരുന്നു? എന്തിന് ഒരു അപ്പന്റെക്ടമി പിഴച്ച് പോയാല്‍ ഈ ധൈര്യത്തില്‍ സംസാരിക്കുമോ നിങ്ങള്‍?

നിങ്ങള്‍ സര്‍ജറി ചെയ്ത് മറ്റ് പലര്‍ക്കും പരാതി ഇല്ല എന്ന് പറഞ്ഞ് കേട്ടു. പലര്‍ക്കും പരാതി ഉണ്ട് എന്ന് അനന്യയുള്‍പ്പെടെയുള്ള ട്രാന്‍സ്പീപ്പിള്‍ പറഞ്ഞിരുന്നു. നിങ്ങള്‍ അവരെ നിശ്ശബ്ദരാക്കാന്‍ നോക്കി. നിങ്ങളുടെ ഹോസ്പിറ്റലില്‍ ചികിത്സയ്ക്കായി വരുന്ന പല ട്രാന്‍സ്പീപ്പിളിനോടും വിവേചനം കാണിക്കുന്നതായി അവര്‍ പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്മാന്‍ പൈലറ്റ് ആയ ആഡം ഹാരി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന് വേണ്ടി നിങ്ങളുടെ ഹോസ്പിറ്റലിലെ ഡോ. വിവേക് യു. വിനെ സമീപിച്ചപ്പോള്‍ പെരുമാറിയത് എങ്ങനെയാണെന്ന് ഞങ്ങള്‍ കണ്ടതാണ്.

എന്നിട്ട് ന്യായീകരണവും കൊണ്ട് ഇറങ്ങിയിരിക്കുന്നു. പണം ആവശ്യപ്പെടുന്ന, ഭംഗിയില്ലെന്ന് പരാതി പറയുന്ന ഒരു അത്യാര്‍ത്തിക്കാരിയായി നിങ്ങളുടെ പിഴവ് മൂലം മരണപ്പെട്ട ഒരു ട്രാന്‍സ് വുമണനിനെ ചിത്രീകരിക്കാന്‍ ഇത്രയും നീട്ടി വലിച്ച് നോവലെഴുതേണ്ട. വി ഡോണ്ട് കേര്‍ എന്ന് ഒരു വാചകമെങ്ങാനും എഴുതി നിര്‍ത്തുക. ഡെക്കറേഷന്‍ ഒന്നും വേണ്ട.

Kunjila Mascillamani
Advertisment