കേരളം

കുതിരാൻ തുരങ്കം ഉദ്​ഘാടന ചടങ്ങുകളില്ലാതെ യാത്രക്കാർക്ക് തുറന്നുകൊടുത്തു; കുതിരാൻ തുരങ്കം തുറക്കുന്നതിൽ സന്തോഷമുണ്ടെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്; ക്രെഡിറ്റ് വേണ്ട, തുരങ്കം തുറക്കുന്നുവെന്നതാണ് പ്രധാനമെന്നും മന്ത്രി

ന്യൂസ് ബ്യൂറോ, തൃശൂര്‍
Saturday, July 31, 2021

തൃശ്ശൂർ: പാലക്കാട് – തൃശ്ശൂർ ദേശീയപാതയിലെ കുതിരാന്‍ തുരങ്കങ്ങളില്‍ ഒന്ന് ഉദ്​ഘാടന ചടങ്ങുകളില്ലാതെ യാത്രക്കാർക്ക് തുറന്നുകൊടുത്തു. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ്​ കുതിരാന്‍ ഇരട്ടതുരങ്കങ്ങളില്‍ ഒന്ന് ഗതാഗതത്തിനായി തുറന്നു കൊടുക്കാന്‍​ ​ഉച്ചയോടെ അനുമതി നല്‍കിയിരുന്നു. പാലക്കാട് നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്കുള്ള തുരങ്കമാണ് തുറന്നത്. ശനിയാഴ്ച രാത്രി ഏഴരയോടെ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍ തുരങ്കം ഗതാഗതത്തിനായി തുറന്നുകൊടുത്തു.

ഇതോടെ കോയമ്പത്തൂർ – കൊച്ചി പാതയിലെ യാത്രസമയം വലിയ രീതിയിൽ കുറയും. കുതിരാൻ തുരങ്കം ഓഗസ്റ്റ് ഒന്നിനോ ഓഗസ്റ്റ് മാസത്തിലോ തുറക്കുമെന്നായിരുന്നു നേരത്തെ പൊതുമരാമത്ത മന്ത്രി പി.എ.മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചത്. നിർമാണം കഴിഞ്ഞതായി കരാർ കമ്പനിയും വ്യക്തമാക്കിയിരുന്നു. തുരങ്കം സന്ദർശിച്ച ദേശീയപാത ഉദ്യോഗസ്ഥർ റിപ്പോർട്ട് റീജനൽ ഓഫിസിന് കൈമാറി. ഈ റിപ്പോർട്ട് പരിഗണിച്ച് അന്തിമ അനുമതി നൽകേണ്ടത് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പായിരുന്നു.

വീതി കണക്കാക്കിയാല്‍ ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും വലിയ തുരങ്കങ്ങളിലൊന്നാണ് കുതിരാന്‍, 14 മീറ്ററാണ് വീതി. പാലക്കാട് ഭാഗത്തുനിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് പോകുന്ന തുരങ്ക പാതയാണിപ്പോള്‍ തുറന്നത്. തുരങ്കം യാഥാര്‍ഥ്യമായതോടെ ഏകദേശം 1.7 കിലോമീറ്ററോളം ദൂരം ലാഭിക്കാന്‍ സാധിക്കും.

വെളിച്ചക്കുറവ് പരിഹരിക്കാന്‍ 1200 ഓളം എല്‍ഇഡി ലൈറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. ആറോളം ഇടങ്ങളില്‍ എമന്‍ജന്‍സി ലാന്‍ഡ് ഫോണ്‍ സംവിധാനവുമുണ്ട്. വിവിധ സുരക്ഷാ ആവശ്യങ്ങള്‍ക്കായി ധാരാളം സെന്‍സറുകളും സജ്ജീകരിച്ചിട്ടുണ്ട്. അഗ്നി ബാധ തടയാന്‍ എട്ടോളം വാല്‍വുകളുള്ള ഫയര്‍ ലൈനും ഇതിനകത്തുണ്ട്.

അതേസമയം, കേരളത്തിൻ്റെ ദീർഘകാല ആവശ്യമായ കുതിരാൻ തുരങ്കം തുറക്കുന്നതിൽ സന്തോഷമുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പ്രതികരിച്ചു. തുരങ്ക പാത തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിൽ നിന്നും ഒരു തരത്തിലുള്ള അറിയിപ്പും സംസ്ഥാന സർക്കാരിന് ലഭിച്ചിട്ടില്ല. എന്നാൽ തൃശ്ശൂർ ജില്ലാ കളക്ടറെ അൽപസമയം മുൻപ് ദേശീയപാതാ അതോറിറ്റി അധികൃതർ വിളിച്ചു വിവരമറിയിച്ചിട്ടുണ്ട്.

തുരങ്കം ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നവെന്നതാണ് പ്രധാനം. ഇതില്‍ ക്രെഡിറ്റ് എടുക്കാന്‍ ആഗ്രഹിക്കുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാരിനെ സംബന്ധിച്ച് വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ തന്നെ തുരങ്കം തുറക്കുന്നതിന് വേണ്ടി നിരന്തരം പ്രവര്‍ത്തിച്ചിരുന്നു.

കേന്ദ്രമന്ത്രി വി.മുരളീധരനെതിരെയും മുഹമ്മദ് റിയാസ് ഇന്ന് രൂക്ഷവിമർശനം നടത്തി. വെറുതെ ഇരിക്കുന്ന മന്ത്രിക്ക് പലതും തോന്നും. നിതിൻ ഗഡ്കരിയും മുഖ്യമന്ത്രിയും ഇവിടെ നല്ല രീതിയിലാണ് ചർച്ച നടത്തിയത്. നമ്മൾക്കിവിടെ നല്ല ജോലിയുണ്ട്. അടുത്ത ടണൽ തുറക്കാനാണ് നമ്മളുടെ ശ്രമം – റിയാസ് വ്യക്തമാക്കി.

×