അച്ഛന്‍ ജയിലില്‍ നിന്നു വരാതെ ഞാനിനി സ്കൂളിൽ പോകില്ല ; പൊതുമുതൽ നശിപ്പിച്ച കേസിൽ അറസ്റ്റിലായ കൈനകരി പഞ്ചായത്തംഗത്തിന്റെ മകളുടെ കണ്ണുനീര്‍

ന്യൂസ് ബ്യൂറോ, ആലപ്പുഴ
Sunday, November 17, 2019

കൈനകരി :പൊതുമുതൽ നശിപ്പിച്ച കേസിൽ അറസ്റ്റിലായ കൈനകരി പഞ്ചായത്തംഗം ബി.കെ.വിനോദുമായി പൊലീസ് തെളിവെടുപ്പു നടത്തി. ഇന്നലെ വൈകിട്ട് 5 വരെയാണ് വിനോദിനെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഉച്ചയ്ക്കു രണ്ടരയോടെ വിനോദിനെ കൈനകരിയിലെത്തിച്ച പുളിങ്കുന്ന് പൊലീസ്, പാലം പൊളിക്കാൻ ഉപയോഗിച്ച കട്ടറും കൂടവും വീട്ടിൽ നിന്നു കണ്ടെടുത്തു.

വിനോദിനെ ഇന്നലെ വീണ്ടും സബ് ജയിലിലേക്കു മാറ്റി. വിനോദിന്റെയും രതീഷിന്റെയും ജാമ്യാപേക്ഷ കോടതി ഫയലിൽ സ്വീകരിച്ചു. നാളെ ഇരുവരുടെയും ജാമ്യാപേക്ഷ കോടതി പരിഗണിക്കും. കഴിഞ്ഞ 7നാണ് വിനോദും രതീഷും അറസ്റ്റിലായത്.

അച്ഛൻ ജയിലിലായിട്ടു നിനക്കു വിഷമമൊന്നുമില്ലേ?’ എന്ന കൂട്ടുകാരുടെ ചോദ്യം കേട്ട് കരഞ്ഞു തളർന്നാണു മോൾ കഴിഞ്ഞ ദിവസം സ്കൂളിൽ നിന്നു വീട്ടിലെത്തിയത്. അച്ഛൻ വരാതെ ഞാനിനി സ്കൂളിൽ പോകില്ലെന്നാണ് അവൾ പറയുന്നത് .  അറസ്റ്റിലായ പഞ്ചായത്തംഗം ബി.കെ. വ‍ിനോദിന്റെ ഭാര്യ ധന്യ പറഞ്ഞു.

കൈനകരി പഞ്ചായത്ത് ഓഫിസിനു മുന്നിലെ ധർണയിൽ പങ്കെടുക്കാൻ ധന്യയുടെ ഒപ്പം കുട്ടമംഗലം സ്കൂളിലെ 7ാം ക്ലാസ് വിദ്യാർഥിനിയായ മകൾ ഇഷയും എത്തിയിരുന്നു. ഇളയ മക്കളായ അഭിറാമിനും അനശ്വറിനും അച്ഛൻ ജയിലിലാണെന്നറിയില്ല. വിനോദിന്റെ സംരക്ഷണയിൽ കഴിയുന്ന സഹോദരി മിനിമോൾ ഉൾപ്പെടെയുള്ള കുടുംബം ഇപ്പോൾ ദുരിതത്തിലാണ്.

വിനോദിനൊപ്പം ജയിലിലുള്ള പെയിന്റിങ് തൊഴിലാളിയായ രതീഷ് ജോലിക്കു പോയില്ലെങ്കിൽ കുടുംബം പട്ടിണിയാകും. നാട്ടുകാരുടെ സഹായത്തോടെയാണ് ഇപ്പോൾ കാര്യങ്ങൾ മുന്നോട്ടുപോകുന്നത്.പാലുകാരൻ തോട്ടിലെ സൊസൈറ്റി പാലവും ചാക്കോകളം പാലവും പൊളിച്ചുമാറ്റാൻ പഞ്ചായത്ത് ദുരന്തനിവാരണ സമിതി റിപ്പോർട്ട് നൽകിയെങ്കിലും അതു നടപ്പാക്കുന്നതു വൈകിക്കുകയായിരുന്നുവെന്നു നാട്ടുകാരനായ സിബികുമാർ പുത്തൻതറ പറഞ്ഞു

ഈ പാലത്തിനു ചുവട്ടിലൂടെ വള്ളത്തിൽ യാത്ര ചെയ്യുമ്പോഴാണ് സിബികുമാറ‍ിന്റെ മകന്റെ തല പാലത്തിലിടിച്ചു പൊട്ടിയത്. രണ്ടു പാലങ്ങൾ കാരണം 5 മിനിറ്റുകൊണ്ട് എത്തേണ്ട സ്ഥലത്തേക്ക് 5 കിലോമീറ്റർ ചുറ്റി വേണം എത്താൻ. കൈനകരിയിലെ ആറുപങ്ക്, പരുത്തിവളവ്, വാവാക്കാട് വടക്ക്, തെക്ക് എന്നീ പാടങ്ങളിൽ വളവും വിത്തും എത്തിക്കേണ്ടത് ഈ തോട്ടിലൂടെയാണ്.

 

×