കുട്ടനാട് ഉപതിരഞ്ഞെടുപ്പിന് ഏപ്രിലില്‍ സാധ്യത; തയാറെടുപ്പുകള്‍ പൂര്‍ത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, February 27, 2020

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മറ്റു സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകള്‍ക്കൊപ്പം കുട്ടനാട് ഉപതിരഞ്ഞെടുപ്പ് ഏപ്രിലില്‍ നടന്നേക്കും. കുട്ടനാട് ഉപതിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനെ അറിയിച്ചിട്ടുണ്ട്.

മാര്‍ച്ചില്‍ പരീക്ഷകള്‍ നടക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് നടക്കാനിടയില്ല. എന്നു നടത്തണമെന്നു തീരുമാനിക്കേണ്ടതു കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനാണെന്നും മീണ പറഞ്ഞു.

വിഷുവും ഈസ്റ്ററും കഴിഞ്ഞ് ഉപതിരഞ്ഞെടുപ്പു നടക്കാനാണു സാധ്യത. എന്‍സിപി അംഗമായിരുന്ന തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഈ സീറ്റില്‍ ഒഴിവു വന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക, പോളിങ് സ്റ്റേഷനുകള്‍ തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച്‌ ജില്ലാതലങ്ങളില്‍ പ്രാഥമിക നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്ന് മീണ പറഞ്ഞു.

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണം ഉണ്ടാകണമെന്ന്‌ അദ്ദേഹം പറഞ്ഞു. വില്ലേജ് ലെവല്‍ ഏജന്റുമാരെ ഇതിനായി നിയോഗിക്കുന്നത് സംബന്ധിച്ച്‌ രാഷ്ടീയ പാര്‍ട്ടികള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

×