പത്തനംതിട്ട: കുടിവെള്ളം തേടി വീടിനുള്ളിലെത്തിയ കുട്ടിത്തേവാങ്ക് നാടിന് കൗതുകമായി. ഇതിനെ പിടികൂടുന്നതിനിടെ വനപാലകന്റെ കൈവിരലിന് കടിയേറ്റു.
ഇന്നലെ ഉച്ചയോടെ തേക്കുതോട് ഏഴാംതല താന്നിക്കുഴിയില്‍ ബിജുവിന്റെ വീടിന്റെ സ്വീകരണമുറിയിലാണ് കുട്ടിത്തേവാങ്കിനെ കണ്ടത്. ജനാലയില്‍ ഒതുങ്ങിക്കൂടിയിരുന്ന കുട്ടിത്തേവാങ്ക് നാട്ടുകാര്‍ക്ക് കാഴ്ചയായി.
പിന്നീട്, വടശേരിക്കര റേഞ്ചിലെ ഗുരുനാഥന്‍മണ്ണ് ഫോറസ്റ്റ് സ്റ്റേഷനില്‍നിന്നു വനപാലകര്‍ എത്തി കുട്ടിത്തേവാങ്കിനെ പിടികൂടി വനത്തില്‍ വിട്ടു. ഗുരുനാഥന്‍മണ്ണ് ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ എം.എ. ഷാജി, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ എഫ്. പ്രകാശ്, എച്ച്.ഷാജി, ഡ്രൈവര്‍ എസ്. ഷാജി എന്നിവര്‍ ചേര്‍ന്നാണ് കുട്ടിത്തേവാങ്കിനെ പിടികൂടിയത്. ഇതിനിടെ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ എം.എ. ഷാജിക്കാണ് കടിയേറ്റത്.
വംശനാശഭീഷണി നേരിടുന്നതും ഷെഡ്യൂള്‍ ഒന്നില്‍പ്പെട്ടതുമായ കുട്ടിത്തേവാങ്ക് സസ്യഭുക്കാണ്. വന്‍കാടുകളില്‍ ഈറ്റക്കൂട്ടങ്ങള്‍ക്കിടയിലും വന്‍ മരങ്ങളിലുമാണ് ഇതിന്റെ വാസം. കുരങ്ങുവര്‍ഗത്തില്‍പ്പെട്ട ഏറ്റവും ചെറിയ ജീവിയായ ഇതിന് പകല്‍ കാഴ്ചയില്ല. രാത്രിയാണ് ഇര തേടുന്നത്. നീര്‍തീനി എന്നും അറിയപ്പെടുന്നു. റാന്നി വനം ഡിവിഷന്‍ പരിധിയില്‍ ആദ്യമായാണ് കുട്ടിത്തേവാങ്കിനെ പിടികൂടുന്നതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.