മുന്നണി തീരുമാനിക്കുന്ന സ്ഥാനാര്‍ത്ഥിയെ ആണ് അംഗീകരിക്കേണ്ടത്; എന്റെ പേരും ഫോട്ടോയും ഉപയോഗിച്ചുള്ള പ്രതിഷേധം അവസാനിപ്പിക്കണം’; കുറ്റ്യാടിയിലെ സിപിഐഎം പ്രവര്‍ത്തകരുടെ പ്രതിഷേധത്തോട് പ്രതികരിച്ച്‌ കെപി കുഞ്ഞമ്മദ് കുട്ടി

ന്യൂസ് ബ്യൂറോ, മലപ്പുറം
Tuesday, March 9, 2021

കുറ്റ്യാടി: കുറ്റ്യാടിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് നടന്ന സിപിഐഎം പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ അപലപിച്ച് കെപി കുഞ്ഞമ്മദ് കുട്ടി. തന്റെ പേരില്‍ ഇത്തരത്തില്‍ പ്രതിഷേധം നടത്തരുതെന്നും മുന്നണി തീരുമാനിക്കുന്ന സ്ഥാനാര്‍ത്ഥിയെ ആണ് അംഗീകരിക്കേണ്ടതെന്നും സിപിഐഎം ഏരിയാ കമ്മറ്റി അംഗം കെപി കുഞ്ഞമ്മദ് കുട്ടി പറഞ്ഞു.

കുറ്റ്യാടി നിയോജക മണ്ഡലം കേരള കോണ്‍ഗ്രസ് (എം) ന് വിട്ടു നല്‍കി എന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കെതിരെ ചില വ്യക്തികളും വിഭാഗങ്ങളും എന്റെ പേരും ഫോട്ടോയും ഉപയോഗിച്ചു നടത്തുന്ന പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നെന്നും അത്തരം പ്രചരണങ്ങളില്‍ നിന്നും പ്രകടനങ്ങളില്‍ നിന്നും പാര്‍ടി പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും വിട്ടു നില്‍ക്കണമെന്നും കെപി കുഞ്ഞമ്മദ് കുട്ടി ആവശ്യപ്പെട്ടു.

ഇടതുപക്ഷ സര്‍ക്കാറിന്റെ തുടര്‍ഭരണ സാധ്യതക്ക് മങ്ങലേല്‍പ്പിക്കുന്ന ഒരു നീക്കങ്ങളിലും സഖാക്കള്‍ വീണു പോകരുതെന്നും സി പി ഐ എം വിരുദ്ധ മാധ്യമ പ്രചരണങ്ങള്‍ക്കെതിരെ ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണിതെന്നും ഓര്‍മ്മിപ്പിക്കുന്നു. സിപിഐഎംലും സ്ഥാനാര്‍ത്ഥി തര്‍ക്കമാണെന്ന് വരുത്തി തീര്‍ക്കാനുള്ള കൗശലപൂര്‍വ്വമായ നീക്കങ്ങളാണ് വലതുപക്ഷ മാധ്യമങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നതെന്നും കെപി കുഞ്ഞമ്മദ് കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കാതെ കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു കഴിഞ്ഞ ദിവസം സിപിഐഎം പ്രവര്‍ത്തകരുടെ പ്രതിഷേധം നടന്നത്.

×