/sathyam/media/post_attachments/Tk74YGsqvdfdavYKWapU.jpg)
ചേർത്തല: കൂവിയെന്ന നായയെ മലയാളി മറക്കില്ല. മൂന്നാർ പെട്ടിമുടി ദുരന്തത്തിൽ നാടിൻ്റെ കണ്ണീരായ കൂവി. 2020 ഓഗസ്റ്റ് അഞ്ചിനുണ്ടായ ദുരന്തത്തിൽ ഒരു ഗ്രാമത്തിലെ 70 പേരാണ് മരണപ്പെട്ടത്. ഒരു വീട്ടിലെ 8 പേർ. ആ കുടുംബത്തിലെ ഒരംഗമായിരുന്നു കൂവി.
തൻ്റെ കളിക്കൂട്ട് കാരിയായിരുന്ന ധനുഷ്കയെന്ന രണ്ടര വയസ്കാരിയുടെ മൃതദേഹത്തിനരികിൽ ഒരാഴ്ചയിലേറെ കാവൽ നിന്ന കൂവി. കൂവിയുടെ നിലയ്ക്കാത്ത കുരയാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നതിന് വഴിയൊരുക്കിയത്...
നാടിൻ്റെ കണ്ണീരായ കൂവിയെ ഇടുക്കി ഡോഗ് സ്ക്വാഡിലെ ട്രെയ്നറും, ചേർത്തല സ്വദേശിയുമായ അജിത് മാധവനാണ് ചേർത്തലയിലെത്തിച്ചത്. അജിത്തിൻ്റെ ചക്കരക്കുളം കൃഷ്ണകൃപ വീട്ടിൽ കൂവി മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി.
വീടിൻ്റെ മുകളിലത്തെ നിലയിൽ കൂവിയ്ക്കും, കുഞ്ഞുങ്ങൾക്കും സുഖം. അജിത്തിൻ്റെ പിതാവ് മാധവൻകുട്ടിയും, മാതാവ് രാധയും കൂവിയെ പരിചരിച്ച് ഒപ്പമുണ്ട്. കണ്ണീരുണങ്ങാത്ത ദുരന്തഭൂമിയിൽ നിന്ന് ഗർഭാവസ്ഥയിലാണ് കൂവിയെ രണ്ടാഴ്ച മുമ്പ് ചേർത്തലയിലെത്തിച്ചത്. കൂവി ഇന്ന് കൃഷ്ണകൃപ വീട്ടിലെ ഒരംഗത്തെ പോലെയായി. ദുരന്തത്തിൻ്റെ നടുക്കുന്ന ഓർമ്മകളിൽ നിന്ന് അകന്ന് തുടങ്ങി. ഇനി കുഞ്ഞുങ്ങളുമായി ചേർത്തലയുടെ സ്നേഹത്തണലിൽ കഴിയും.
ഉമേഷ് ആലപ്പുഴ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us