കുവൈറ്റില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ കൊറോണ സ്ഥിരീകരിച്ച 77 പേരില്‍ 58 ഉം ഇന്ത്യക്കാര്‍. വൈറസ് സ്ഥിരീകരിച്ച പ്രവാസികളുടെ താമസ സ്ഥലങ്ങളില്‍ പ്രതിരോധം ശക്തമാക്കും !

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Sunday, April 5, 2020

കുവൈറ്റ്‌ : ആശ്വാസ വാര്‍ത്തകള്‍ക്ക് ശേഷം ഇന്ന് വീണ്ടും പ്രവാസികളെ തേടിയെത്തിയിരിക്കുന്നത് മോശം വാര്‍ത്ത. 58 ഇന്ത്യൻ പ്രവാസികള്‍ക്ക് മാത്രം കഴിഞ്ഞ 24 മണിക്കൂറില്‍ കൊറോണ സ്ഥിരീകരിച്ച വാര്‍ത്തയാണ് പുറത്തുവരുന്നത്.

കുവൈത്തിൽ ആകെ കഴിഞ്ഞ 24 മണിക്കൂറില്‍  77 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിലാണ് ഇത്രയും ഇന്ത്യക്കാര്‍. പുതിയ രോഗികളിൽ 58 ഇന്ത്യക്കാർക്ക് രോഗം പകർന്നത് നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തിലൂടെയാണ്.

എട്ടു പാകിസ്ഥാനികൾ, 3 ബംഗ്ലാദേശ് പൗരന്മാർ, 2 ഈജിപ്ത് പൗരന്മാർ, ഒരു ഇറാനി എന്നിവർക്കും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട് . സമ്പർക്കത്തിലൂടെയാണ് ഇവര്‍ക്കും പടര്‍ന്നത്.

രണ്ടു ഇന്ത്യക്കാർക്ക് രോഗം ബാധിച്ചത് ഏതുവഴിയാണെന്നു വ്യക്തമല്ല. ഫ്രാൻസിൽ നിന്ന് മടങ്ങിയെത്തിയ ഒരു കുവൈത്ത് പൗരനും പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 556 ആയി.  കോവിഡ് ബാധിച്ച് കുവൈത്തിൽ ചികിത്സയിൽ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം 225 ആയി.

രോഗം സ്ഥിരീകരിച്ച പ്രവാസികള്‍ താമസിക്കുന്ന മേഖലകളും കെട്ടിടങ്ങളും ഇനി കര്‍ശന ക്വാറന്റൈന് വിധേയമാക്കാനാകും സാധ്യത. രോഗ വ്യാപനം എങ്ങനെയും തടയുകയാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.

 

×