കുവൈറ്റില്‍ മരിച്ച മലയാളി യുവതിയുടെ മരണത്തില്‍ സംശയം ഉന്നയിച്ചു ബന്ധുക്കള്‍. ചൊവ്വാഴ്ച പരാതി നല്‍കും. യുവതിയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ മരണം സംഭവിച്ചിരുന്നതായും റിപ്പോര്‍ട്ട് ?

New Update

publive-image

കോട്ടയം : കുവൈറ്റില്‍ ജോലി നഷ്ടമായി തിരികെ നാട്ടിലേയ്ക്ക് പോരാന്‍ എംബസിയില്‍ അഭയം തേടിയ യുവതിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍ രംഗത്ത്. കോട്ടയം സംക്രാന്തി മെഡിക്കല്‍കോളേജ് സ്വദേശിയായ സുമി തെക്കനായില്‍ (37 ) ആണ്  കുവൈത്തില്‍ മരണപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.

Advertisment

രണ്ടാം തിയതിയാണ് സുമിയുടെ മരണം. മരണവാര്‍ത്ത ഞായറാഴ്ചയാണ് കോട്ടയത്തെ ബന്ധുക്കളെ അറിയിക്കുന്നത്. മനോജ്‌ എന്നയാളാണ് ഹൃദയാഘാദം മൂലം സുമി മരിച്ചതായും ഇവര്‍ക്ക് കിഡ്നി സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നതായും ബന്ധുക്കളെ അറിയിച്ചത് .

എന്നാല്‍ തലേ ദിവസം വരെ സഹോദരി സീമയോട് സംസാരിച്ച സുമി അസുഖത്തെക്കുറിച്ച് യാതൊന്നും പറയാത്തതും പെട്ടെന്ന് മരണവാര്‍ത്ത എത്തിയതുമാണ് ബന്ധുക്കളെ സംശയത്തിലാക്കുന്നത് . ഇക്കാര്യം ചൂണ്ടിക്കാട്ടി ജനപ്രതിനിധികളുമായി ആലോചിച്ചു ചൊവ്വാഴ്ച പോലീസില്‍ പരാതി നല്‍കുവാനാണ് ബന്ധുക്കളുടെ തീരുമാനം.

publive-image

മരണ വിവരം അറിയിച്ചയാള്‍ സുമിയുടെ കൊറോണ ടെസ്റ്റ്‌ നടത്തിയപ്പോള്‍ ഫലം നെഗറ്റീവ് ആണെന്ന് കണ്ടെത്തിയെന്നും മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിന് തടസങ്ങള്‍ ഇല്ലെന്നും ആറാം തിയതി വരുന്ന കാര്‍ഗോയില്‍ മൃതദേഹം എത്തിക്കാമെന്നും കോട്ടയത്തെ ബന്ധുക്കളെ അറിയിച്ചിരുന്നു.

എന്നാല്‍ ഇന്ന് ഉച്ചയ്ക്ക് അതേ വ്യക്തി തന്നെ ഫോണില്‍ വിളിച്ചു  മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയില്ലെന്നും കൊറോണ ടെസ്റ്റ്‌ പോസറ്റീവ് ആണെന്നും അറിയിച്ചതായി ഇവര്‍ പറഞ്ഞു. ഞായറാഴ്ച  സീല്‍ ചെയ്ത  മൃതദേഹത്തില്‍ കൊറോണ ടെസ്റ്റില്‍ ആദ്യ ഫലം നെഗറ്റീവ് ആണെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ പിന്നെങ്ങനെ ടെസ്റ്റ്‌ നടത്തിയെന്ന സംശയമാണ് ഇവര്‍ ഉന്നയിക്കുന്നത്.

മാത്രമല്ല മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിന് തടസമില്ലെന്ന്  ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ മിനിസ്ട്രി ഓഫ് ഹെല്‍ത്തിന്റെ സര്‍ട്ടിഫിക്കറ്റും ബന്ധുക്കളുടെ പക്കലുണ്ട്. പിന്നെങ്ങനെ കൊറോണ പോസറ്റീവ് പുതിയ സംഭവം ഉണ്ടായി എന്നതാണ് സംശയം.

തന്‍റെ കൈവശം അറുപതിനായിരം രൂപയും ഒരു ഫോണും ഉണ്ടായിരുന്നതായി വെള്ളിയാഴ്ച സുമി സഹോദരിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ പണത്തെപ്പറ്റി അറിയില്ലെന്നും മൊബൈല്‍ നഷ്ടപ്പെട്ടു പോയെന്നും വിളിച്ചയാള്‍ പറഞ്ഞതായി ബന്ധുകള്‍ പറയുന്നു . ഇതും സംശയാസ്പദം ആണെന്ന് ബന്ധുക്കള്‍ ആരോപിച്ചു .

പ്രത്യേകിച്ച് അസുഖം ഒന്നും ഇല്ലാതിരുന്ന സുമിയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ മരണം സംഭവിച്ചിരുന്നതായി ആശുപത്രി രേഖകളില്‍ വ്യക്തമാണ്. അതിനാല്‍ തന്നെ മൃതദേഹം നാട്ടിലെത്തിച്ചു വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

kuwait sumi death
Advertisment