കുവൈറ്റ് സിറ്റി: മൂന്ന് വർഷത്തിനിടെ മൂന്നാമത്തെ പാർലമെന്റ് തെരഞ്ഞെടുപ്പിനൊരുങ്ങി കുവൈറ്റ്. കുവൈറ്റിലെ സാമ്പത്തിക വികസനം ഏറെക്കുറെ സ്തംഭിപ്പിച്ച നിലയ്ക്കാത്ത രാഷ്ട്രീയ തർക്കങ്ങൾക്കുശേഷം നാളെ നടക്കുന്ന തെരഞ്ഞെടുപ്പ് കുവൈറ്റിന്റെ 60 വർഷത്തെ പാർലമെന്ററി ജനാധിപത്യത്തിലെ ഏറ്റവും നിർണായകമാകും.
/sathyam/media/post_attachments/GxDLf84hyGxsMEwxtEkz.jpg)
തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. 7.96 ലക്ഷം വോട്ടർമാരാണ് കുവൈറ്റിലുള്ളത്. 15 വനിതകൾ ഉൾപ്പെടെ 207 സ്ഥാനാർഥികളാണ് ഇത്തവണ മത്സരിക്കുന്നത്. അഞ്ച് മണ്ഡലങ്ങളിൽ നിന്നായി 10 പേർ വീതം ആകെ 50 പേരെയാണ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കുക. കൂടാതെ പിരിച്ചുവിടപ്പെട്ട സഭയിലെ നാൽപതിലേറെ അംഗങ്ങളും ഏതാനും മുൻ എംപിമാരും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്.
125 പോളിംഗ് ബൂത്തുകളിലും നഴ്സുമാരും പാരാമെഡിക്കൽ ജീവനക്കാരും അടക്കം മെഡിക്കൽ ക്ലിനിക്കുകളും ഒരുക്കിയിട്ടുണ്ട്. നാധിപത്യ പ്രക്രിയകളുടെ പുരോഗതി വിലയിരുത്താനും റിപ്പോർട്ട് ചെയ്യാനുമായി 30 രാജ്യങ്ങളിൽനിന്നുള്ള പ്രത്യേക ക്ഷണിതാക്കൾ കുവൈറ്റിലെത്തിയിട്ടുണ്ട്. മാധ്യമപ്രവർത്തകർക്കായി ഫോർ സീസണ്സ് ഹോട്ടലിൽ മീഡിയ സെന്റർ തയാറാക്കിയിട്ടുണ്ട്.
ഏപ്രിൽ നാലിന് നിലവിൽ വന്ന പാർലമെന്റ് പിരിച്ചുവിട്ടിരുന്നു. തെരഞ്ഞെടുപ്പ് നടത്താൻ കുവൈറ്റ് അമീർ ഉത്തരവിട്ടതിനെ തുടർന്നാണ് പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയുടെ അസാധാരണ യോഗം പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാൽ പാർലമെന്റും സർക്കാരും തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെ കഴിഞ്ഞ രണ്ട് അസംബ്ലികളും കാലാവധി പൂർത്തിയാക്കാതെ തന്നെ പിരിച്ച് വിടുകയായിരുന്നു.