കുവൈത്ത് സിറ്റി: സ്വദേശികള്‍ക്ക് തൊഴിലവസരം നല്‍കാന്‍ 25,000 വിദേശികളെ പിരിച്ചുവിടാനൊരുങ്ങി കുവൈത്ത് ഭരണകൂടം.
സ്വദേശികള്‍ക്ക് തൊഴിലവസരം നല്‍കുന്ന പദ്ധതിയുടെ ഭാഗമാണ് നടപടിയെന്ന് പാര്‍ലമെന്റിലെ മാന്‍പവര്‍ കമ്മിറ്റി ചെയര്‍മാന്‍ ഖലീല്‍ അല്‍ സാലെ എം.പി. എന്നാല്‍, അതുസംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
ബാങ്കിംഗ് മേഖലയില്‍ സ്വദേശികള്‍ക്ക് 1500 തൊഴിലവസരങ്ങളുണ്ടെന്ന് ഖലീല്‍ അല്‍ സാലെ പറഞ്ഞു. ബിരുദധാരികളുടെ എണ്ണംകൂടുകയും തൊഴിലവസരം ലഭ്യമാക്കുന്നതിനുള്ള പദ്ധതികളില്‍ അവ്യക്തതയുമുള്ള സാഹചര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം സ്വകാര്യമേഖലയില്‍ തൊഴില്‍തേടി 14697 സ്വദേശികള്‍ കാത്തിരിക്കുന്നുവെന്ന് മാന്‍പവര്‍ അതോറിറ്റി സ്ഥിതിവിവരക്കണക്ക് വ്യക്തമാക്കുന്നു. അവരില്‍ 55% ബിരുദധാരികളാണ്. സ്വകാര്യമേഖലയില്‍ തൊഴില്‍ തേടുന്ന സ്വദേശികളുടെ എണ്ണം 2018-നെ അപേക്ഷിച്ച് എട്ടു ശതമാനം വര്‍ധനയാണ് ഉണ്ടായത്.