Advertisment

കുവൈറ്റില്‍ കൊറോണ/ലോക്ഡൗണ്‍ പ്രതിസന്ധിയിലായവര്‍ക്കു വേണ്ടി വിശ്രമമില്ലാതെ ഓടിനടന്ന പൊതുപ്രവര്‍ത്തകന്‍ ഷറഫുദ്ദീന്‍ കണ്ണേത്തിനും മകള്‍ക്കും കൊറോണ സ്ഥിരീകരിച്ചു! ; പ്രാര്‍ത്ഥനയോടെ പ്രവാസി ലോകം! 

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്: അന്യനാട്ടില്‍ ഓരോ പ്രവാസിയും കൊറോണ വൈറസിന് കീഴ്പെടുന്നു എന്നു കേള്‍ക്കുന്നത് നൊമ്പരപ്പെടുത്തുന്ന വാര്‍ത്ത തന്നെയാണ്. എന്നാല്‍ കുവൈറ്റിലെ പ്രവാസികളെ ഏറ്റവും നൊമ്പരപ്പെടുത്തിയ ഒരു വാര്‍ത്തയാണ് കൊറോണക്കാലത്ത് മാതൃകാപരമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഷറഫുദ്ദീന്‍ കണ്ണേത്തിനും മകള്‍ക്കും കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചെന്ന റിപ്പോര്‍ട്ട്.

Advertisment

publive-image

കാരണം കുവൈറ്റില്‍ കൊറോണക്കാലത്ത് രോഗബാധിതരായവര്‍ക്കു വേണ്ടിയും മരിക്കുന്നവര്‍ക്കായും ലോക്ഡൗണില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്കുവേണ്ടിയും ജാതിയും രാഷ്ടിയവും നോക്കാതെ രാപകല്‍ കൈയ്യും മെയ്യും മറന്ന് പ്രവര്‍ത്തിച്ച വ്യക്തിയാണ് ഷറഫുദ്ദീന്‍. കെഎംസിസി കുവൈറ്റിന്‍റെ ദേശീയ അദ്ധ്യക്ഷന്‍ കൂടിയാണ് ഷറഫുദ്ദീന്‍.

ലോക്ഡൗണ്‍ കാലത്ത് ഷറഫുദ്ദീന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ശ്രദ്ധേയം എംബസിയില്‍ എത്തിയിട്ടും ആശ്രയം ലഭിക്കാതെ എംബസിക്ക് പുറത്ത് കുടുങ്ങിക്കിടന്ന രണ്ട് സ്ത്രീകളെ കര്‍ഫ്യൂ പോലും വകവെയ്ക്കാതെ അര്‍ദ്ധരാത്രി സഹായികളെയുെം കൂട്ടി രക്ഷിച്ചു കൊണ്ടുവന്ന സംഭവമായിരുന്നു.

സഹായം അഭ്യര്‍ത്ഥിച്ച് ആരുവിളിച്ചാലും കര്‍ഫ്യൂ ആണോ, കൊറോണ ബാധിക്കുമോ, പോലീസ് പിടിയിലാകുമോ എന്നൊന്നും നോക്കാതെ അവര്‍ക്കുവേണ്ടി ഇറങ്ങിത്തിരിക്കുന്നതാണ് ഷറഫുദ്ദീന്‍റെ രീതി. ലോക്ഡൗണ്‍ കാലത്ത് കൊറോണ ബാധിച്ചും അല്ലാതെയും മരണപ്പെട്ട പ്രവാസികളില്‍ നല്ലൊരു ശതമാനം ആളുകളുടെയും മരണാനന്തര നടപടി ക്രമങ്ങള്‍ മുതല്‍ സംസ്കാരം വരെയുള്ള കാര്യങ്ങള്‍ക്ക് നേരിട്ട് നേതൃത്വം വഹിച്ചത് ഷറഫുദ്ദീന്‍ ആയിരുന്നു.

publive-image

സാധാരണ ഗതിയില്‍ കൊറോണ വ്യാപനം ഭയന്ന് ഇത്തരം കാര്യങ്ങളില്‍ നിന്നും പലരും ഒഴിഞ്ഞു ലില്‍ക്കുകയാണ്. മാത്രമല്ല സമ്പൂർണ ലോക്ഡൗണ്‍ സമയത്ത് പ്രവാസികളെ വഴിയില്‍ പിടികൂടിയാല്‍ ഉള്ള ഭവിഷ്യത്തുകളും ഗുരുതരമാണ്. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെയാണ് ഷറഫുദ്ദീന്‍ കണ്ണേത്ത് എന്ന പൊതു പ്രവര്‍ത്തകന്‍ മറ്റുള്ളവരുടെ കാര്യങ്ങള്‍ക്കായി ഇറങ്ങി നടന്നത്. ഈ ലോക്ഡൗണ്‍ കാലത്ത് വിശ്രമം എന്തെന്നറിയാതെ ഓടി നടന്ന ഏക സാമൂഹ്യപ്രവര്‍ത്തകനും ഷറഫുദ്ദീന്‍ ആയിരിക്കും.

കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയെങ്കിലും ഷറഫുദ്ദീന്‍റെ ആരോഗ്യനില തൃപ്തികരമാണ്. മറ്റ് അനാരോഗ്യ ലക്ഷണങ്ങളൊന്നും ഷറഫുദ്ദീനില്ല. ദിവസവും സഹജീവികള്‍ക്കായുള്ള ഓട്ട പ്രദക്ഷിണത്തിനിടെ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്നറിയാനായി നടത്തിയ പരിശോധനയിലാണ് ഷറഫുദ്ദീന് കൊറോണ പോസിറ്റീവ് എന്ന് കണ്ടെത്തിയത്.

അതോടെ മകള്‍ക്കും രോഗം സ്ഥിരീകരിച്ചു. മകള്‍ക്കും നേരിയ തൊണ്ടവേദന മാത്രമാണ് രോഗലക്ഷണം. ഇരുവരുടെയും ആരോഗ്യത്തിനായുള്ള പ്രാര്‍ത്ഥനയിലാണ് ഇവരുടെ സഹായം ലഭിച്ചവര്‍ ഉള്‍പ്പെടെയുള്ള അനേകം പ്രവാസികള്‍.

kuwait kuwait latest sharafudheen kannth
Advertisment