സിപിഎമ്മുമായി വേദി പങ്കിടുന്നതില്‍ നേതാക്കളെ വിലക്കാന്‍ കെപിസിസി ! സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറുകളില്‍ പങ്കെടുക്കാന്‍ ശശി തരൂരിനും കെവി തോമസിനും വിലക്ക് വന്നേക്കും. കെപിസിസിയുടെ വിലക്ക് തരൂര്‍ വകവയ്ക്കുമോ ? ഇടുക്കിയിലും ഡിസിസി വക വിലക്ക്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: കെ റെയില്‍ വിരുദ്ധ സമരവും വിവിധ കോളേജുകളില്‍ കെഎസ് യു പ്രവര്‍ത്തകര്‍ക്ക് എസ്എഫ്‌ഐയുടെ മര്‍ദനമേറ്റ സംഭവങ്ങളിലും പ്രതിഷേധിച്ച് സിപിഎമ്മുമായോ അവരുടെ ബഹുജനസംഘടനകളുമായോ ഒരു സഹകരണവും പാടില്ലെന്ന നിലപാടിലേക്ക് കെപിസിസി എത്തുന്നു.

Advertisment

publive-image

സിപിഎം അടക്കം സംഘടിപ്പിക്കുന്ന പരിപാടികളില്‍ ക്ഷണം കിട്ടിയവര്‍ പങ്കെടുക്കരുതെന്ന നിലപാടിലാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. ഇതോടെ ഏപ്രിലില്‍ കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറിലേക്ക് ക്ഷണം ലഭിച്ച കോണ്‍ഗ്രസ് നേതാക്കളെ ആ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കുമെന്നാണ് സൂചന.

ഏപ്രിലില്‍ കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ അനുബന്ധ സെമിനാറുകളില്‍ ശശി തരൂര്‍ എംപി, മുതിര്‍ന്ന നേതാവ് കെ വി തോമസ് എന്നിവരെ സിപിഎം ക്ഷണിച്ചിട്ടുണ്ട്. സില്‍വര്‍ലൈന്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സിപിഎം വേദികളില്‍ എത്തുന്നത് ശരിയല്ലെന്ന നിലപാടിലാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം പറയുന്നത്.

ഇതോടെയാണ് പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും ശശി തരൂരിനെയും കെവി തോമസിനെയും വിലക്കാന്‍ കെപിസിസി നീക്കം തുടങ്ങിയത്. എന്നാല്‍ ഇക്കാര്യത്തില്‍ കെപിസിസി നിര്‍ദേശം ഇരു നേതാക്കളും സ്വീകരിക്കുമോയെന്ന കാര്യം സംശയത്തിലാണ്. തരൂരിനെയും കെവി തോമസിനെയും സിപിഎം നേതൃത്വം വ്യക്തിപരമായാണ് ചടങ്ങില്‍ ക്ഷണിച്ചത്.

അതുകൊണ്ടുതന്നെ ഇരുവരും പോകാനാണ് സാധ്യത. കെപിസിസി ഇക്കാര്യത്തില്‍ ഇതുവരെ പരസ്യമായ നിലപാട് സ്വീകരിച്ചിട്ടില്ല. എന്നാല്‍ ഈ വിഷയത്തില്‍ ഇടുക്കി ഡിസിസി നേതൃത്വം കര്‍ശനമായ നിലപാടാണ് സ്വീകരിച്ചത്.

സിപിഎമ്മുമായോ പോഷക സംഘടനകളുമായോ ഒരു തരത്തിലുള്ള വേദി പങ്കിടലും ഉണ്ടാകരുതെന്ന് കര്‍ശന നിര്‍ദേശം ഡിസിസി അധ്യക്ഷന്‍ ജില്ലയിലെ നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. ഈ മാസം 28,29 തീയതികളില്‍ നടക്കുന്ന പൊതുപണിമുടക്കിന്റെ ഭാഗമായി സിഐടിയുവുമായി ചേര്‍ന്ന് പ്രചാരണ ജാഥ നടത്താന്‍ ഐഎന്‍ടിയുസി നേതാവ് സിറിയക് തോമസ് തീരുമാനിച്ചിരുന്നു.

ഇതിനെതിരെ കൂടിയാണ് ഇടുക്കി ഡിസിസി അധ്യക്ഷന്റെ കര്‍ശന നിലപാട്.

Advertisment