കെവി തോമസിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടെന്ന് ഹൈക്കമാന്‍ഡും ! കെവി തോമസ് ഇടതുപാളയത്തിലേക്കെന്ന വിലയിരുത്തലില്‍ പാര്‍ട്ടി നേതൃത്വവും. വിലപേശലുകള്‍ക്ക് വഴങ്ങേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ്. പ്രചാരണ സമിതി അധ്യക്ഷനാക്കാനുള്ള തീരുമാനം മരവിപ്പിച്ചു. പാര്‍ട്ടി സ്ഥാനങ്ങള്‍ നല്‍കില്ലെന്ന നിലപാട് വ്യക്തമാക്കി കേന്ദ്ര നേതൃത്വം. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ചര്‍ച്ചപോലും നടത്തേണ്ടെന്ന് സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം. കെ വിതോമസിന്റെ ‘തിരുത നയതന്ത്രം’ പാളുന്നു !

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, January 19, 2021

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസിന്റെ നീക്കങ്ങളില്‍ അതൃപ്തിയോടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. തോമസിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ് സംസ്ഥാനത്തെ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. തോമസിനായി പ്രഖ്യാപിക്കാനിരുന്ന പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചു.

കെവി തോമസിന്റെ സമീപകാല പ്രവര്‍ത്തനങ്ങളില്‍ കടുത്ത അതൃപ്തിയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനുള്ളത്. അദ്ദേഹത്തിന്റെ വിലപേശലുകള്‍ക്ക് വഴങ്ങേണ്ടതില്ലെന്നും ഹൈക്കമാന്‍ഡ് വ്യക്തമാക്കി. കെവി തോമസ് ഇടതുപക്ഷത്തേക്ക് നീങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഹൈക്കമാന്‍ഡ് ഗൗരവത്തോടെയാണ് കാണുന്നത്.

കെവി തോമസിന് പാര്‍ട്ടി പദവികള്‍ ഒന്നും നല്‍കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് ഹൈക്കമാന്‍ഡ് എത്തിയത് ഈ സമ്മര്‍ദ്ദങ്ങള്‍ കണ്ടതോടെയാണ്. കെപിസിസിയുമായി വിലപേശലിനുള്ള നീക്കം അദ്ദേഹം നടത്തിയാല്‍ അതിന് വഴങ്ങേണ്ടതില്ലെന്ന കര്‍ശന നിര്‍ദേശവും ഹൈക്കമാന്‍ഡ് നടത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷന്‍ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നിര്‍ദേശം ഹൈക്കമാന്‍ഡ് മരവിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കെവി തോമസിന് ഹൈക്കമാന്‍ഡ് സീറ്റ് നല്‍കിയിരുന്നില്ല. അതില്‍ അദ്ദേഹം കടുത്ത അമര്‍ഷവും നിരാശയും പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് വിവിധ ഘട്ടങ്ങളില്‍ പാര്‍ട്ടിയുമായി ഉടക്കി നില്‍ക്കുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്.

അരൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹം ചുമതല വഹിച്ചിരുന്നെങ്കിലും പാര്‍ട്ടിയുമായുള്ള അകല്‍ച്ച തുടര്‍ന്നിരുന്നു. അതിനിടെയാണ് വിവിധ വിഷയങ്ങളില്‍ സര്‍ക്കാരിനെയും സിപിഎമ്മിനെയും പ്രകീര്‍ത്തിച്ച് അദ്ദേഹം രംഗത്തുവന്നത്. ഇതിനു പിന്നാലെയാണ് കൊച്ചിയിലോ, വൈപ്പിനിലോ ഇടതു സ്ഥാനാര്‍ത്ഥിയാകാനുള്ള നീക്കം തോമസ് നടത്തിയത്.

ലത്തീന്‍ സഭയുമായുള്ള അടുപ്പത്തിന്റെ പേരില്‍ ആ വോട്ടു ബാങ്ക് ചൂണ്ടിക്കാട്ടിയായിരുന്നു തോമസിന്റെ ഭീഷണി. സീറ്റ് ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടി വിട്ട് ഇടതു മുന്നണിക്കൊപ്പം പോകാനായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. ഈ മാസം 28ന് തന്റെ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് കെവി തോമസ് നിലപാട് വ്യക്തമാക്കിയത്.

സീറ്റ് തന്നില്ലെങ്കില്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി പദവികളൊന്നുമില്ലാതിരുന്ന തോമസിന് വീക്ഷണം, ജയ്ഹിന്ദ് സ്ഥാപനങ്ങളുടെ ചുമതല പാര്‍ട്ടി നല്‍കിയിരുന്നു. എന്നാല്‍ പാര്‍ട്ടി സ്ഥാനം നല്‍കാത്തതിനാല്‍ അദ്ദേഹം പദവി ഏറ്റെടുത്തിരുന്നില്ല.

×