ലത്തീൻ സഭയ്ക്കും അതൃപ്തി; പാർട്ടി വിടാനുള്ള തീരുമാനം വേണ്ടെന്നു വച്ച് കെ വി തോമസ് ! തോമസ് മത്സരിച്ചാൽ വോട്ടു ചെയ്യില്ലെന്നും സഭാ നേതൃത്വം ! നേതാക്കൾ തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി വിട്ടാൽ ദോഷമെന്ന് മുതിർന്ന നേതാക്കൾ. ബി ജെ പിയുടെ റിക്രൂട്ടിങ് ഏജൻ്റെന്ന പ്രചാരണത്തിന് ബലമേകുമെന്നും വിലയിരുത്തൽ. തോമസിനെ നിലനിർത്താൻ കോൺഗ്രസ് നേതാക്കൾ ഇടപെട്ടത് ഈയൊരു വിലയിരുത്തലിൽ. തോമസിന് വർക്കിങ് പ്രസിഡൻ്റ് പദവി നൽകാമെന്ന് ഉറപ്പു നൽകി. സോണിയ വിളിച്ചെന്നത് വ്യാജ പ്രചാരണം

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, January 22, 2021

കൊച്ചി: പാർട്ടി വിടാനുള്ള നീക്കം ഉപേക്ഷിച്ച് കെവി തോമസ്. നാളെ നടത്താനിരുന്ന വാർത്താ സമ്മേളനം അദ്ദേഹം ഉപേക്ഷിച്ചു. തൽക്കാലം പാർട്ടി വിടേണ്ടതില്ലെന്നാണ് അദേഹത്തിൻ്റെ തീരുമാനം.

നാളെ തിരുവനന്തപുരത്തേക്ക് കെ വി തോമസിനെ വിളിപ്പിച്ചിട്ടുണ്ട്. അശോക് ഗെഹ്ലോട്ടുമായും കെ വി തോമസ് ചർച്ച നടത്തും. ഉമ്മൻചാണ്ടിയടക്കമുള്ളവരാണ് കെ വി തോമസിനെ അനുനയിപ്പിക്കാൻ മുൻകൈയ്യെടുത്തത്.

കഴിഞ്ഞ ദിവസം പുതിയ രാഷ്ട്രീയ തീരുമാനമെടുക്കുന്നതിൻ്റെ ഭാഗമായി കെവി തോമസ് ലത്തീൻ സഭാ നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ തോമസിനെ പിന്തുണയ്ക്കില്ലെന്ന നിലപാട് സഭയും സ്വീകരിച്ചു.

സഭയുടെ പ്രതിനിധികളടക്കമുള്ള യുവാക്കൾ രാഷ്ട്രീയത്തിലേക്ക് വരട്ടെ എന്ന നിലപാടാണ് സഭ തോമസിനോട് പറഞ്ഞത്. ഇതോടെ സഭയും തൻ്റെ നിലപാട് മാറ്റത്തിൽ പിന്തുണയ്ക്കിക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു.

ഇതോടെ കഴിഞ്ഞ ദിവസം വരെ ഫോണെടുക്കാതിരുന്ന കെ വി തോമസ് തൻ്റെ ചില വിശ്വസ്തർ വഴി മുതിർന്ന കോൺഗ്രസ് നേതാക്കളെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് നേതാക്കൾ കെ വി തോമസിനെ ബന്ധപ്പെടുകയായിരുന്നു. കെ പി സി സി വർക്കിങ് പ്രസിഡൻ്റ് സ്ഥാനം നൽകാമെന്ന ഉറപ്പ് ചില നേതാക്കൾ തോമസിന് നൽകിയിട്ടുണ്ട്.

കെ വി തോമസിൻ്റെ സ്വാധീനമോ പ്രാപ്തിയോ അല്ല മറിച്ച് തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മുതിർന്ന നേതാക്കൾ മറുകണ്ടം ചാടുന്നത് ശരിയല്ല എന്ന നിലപാടിലാണ് കോൺഗ്രസ് നേതാക്കൾ ഈ വിഷയത്തിൽ ഇടപെട്ടതെന്നാണ് സൂചന. നേതാക്കൾ പാർട്ടി വിട്ടാൽ ഇതു ട്രെൻഡ് ആണെന്നും ബി ജെ പിയുടെ റിക്രൂട്ടിങ് ഏജൻ്റാണ് കോൺഗ്രസ് എന്നു പ്രചാരണമുണ്ടാകുമെന്നും നേതാക്കൾ വിലയിരുത്തി.

നേരത്തെ കെ വി തോമസ് സോണിയാ ഗാന്ധി തന്നെ വിളിച്ചുവെന്നും നേതാക്കളോട് സംസാരിച്ചുവെന്നുമാണ് ചില മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ ഇതു വാസ്തവമല്ലെന്നാണ് വിവരം.

×