Advertisment

രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാന്‍ നാളെ വാര്‍ത്താസമ്മേളനം നടത്താനിരിക്കെ കെവി തോമസിന്റെ പുതിയ ഡിമാന്‍ഡ് ! പാര്‍ട്ടിയില്‍ തുടരണമെങ്കില്‍ രക്ത ബന്ധുവിന് സീറ്റ് നല്‍കണം. വനിതയായ ബന്ധുവിനായി ചോദിക്കുന്നത് അരൂര്‍ സീറ്റ് ! കെവി തോമസിനെ അവസാന മണിക്കൂറിലും അനുനയിപ്പിക്കാന്‍ നീക്കവുമായി ചില കോണ്‍ഗ്രസ് നേതാക്കള്‍. കെവി തോമസ് കടുത്ത നിലപാടിലേക്ക് പോകില്ലെന്ന പ്രതീക്ഷയില്‍ ഒരു വിഭാഗം നേതാക്കള്‍. തോമസിന്റെ ആവശ്യത്തിന് വഴങ്ങരുതെന്നു യുവനേതാക്കള്‍ !

New Update

publive-image

Advertisment

കൊച്ചി: ഇടതുമുന്നണിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ദിവസങ്ങളായി തുടരുന്ന സസ്പെന്‍സ് നിലനിര്‍ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. തുടര്‍ രാഷ്ടീയ തീരുമാനം നാളെ രാവിലെ പ്രഖ്യാപിക്കുമെന്ന് കെവി തോമസ് പറഞ്ഞു. ഇതിനിടെ അനുനയശ്രമങ്ങളുമായി വിളിച്ച കോണ്‍ഗ്രസ് നേതാക്കളോട് തന്റെ രക്തബന്ധുവിന് നിയമസഭാ സീറ്റ് വേണമെന്ന് കെവി തോമസ് ആവശ്യപ്പെട്ടതായി സൂചനകളുണ്ട്.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായും സംസ്ഥാന നേതൃത്വവുമായും ഇടഞ്ഞുനില്‍ക്കുന്ന കെവി തോമസ് നാളെ രാവിലെ 11 മണിക്ക് എല്ലാം പറയാം എന്നാണ് മാധ്യമങ്ങളോട് ആവര്‍ത്തിക്കുന്നത്. കെവി തോമസിന്റെ ഭീഷണിക്ക് വഴങ്ങേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യ നിലപാടെങ്കിലും അനുനയ നീക്കങ്ങള്‍ പിന്‍വാതിലിലൂടെ തുടരുന്നുണ്ട്.

കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം, നിയമസഭാ തെരഞ്ഞെടുപ്പ് സമിതിയിലെ അംഗത്വം എന്നിവ ഹൈക്കമാന്‍ഡ് വാദ്ഗാനം ചെയ്തെങ്കിലും കെവി തോമസ് വഴങ്ങിയിരുന്നില്ല. ഇതിനിടെയാണ് തന്റെ രക്ത ബന്ധുവിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കണമെന്ന ആവശ്യം കെവി തോമസ് ഉന്നയിച്ചതെന്ന സൂചന പുറത്തുവന്നത്.

അരൂരില്‍ വനിതയായ തന്റെ ബന്ധുവിനെ മത്സരിപ്പിക്കാനാണ് അദ്ദേഹത്തിന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യത്തിന് വഴങ്ങേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. നേരത്തെ അരൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പ്രടാരണ ചുമതല കെവി തോമസ് വഹിച്ചിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തില്‍ കെവി തോമസിനേപ്പോലൊരാള്‍ ഇടതുമുന്നണിയുമായി അടുത്താല്‍ എറണാകുളത്തും കൊച്ചിയിലും തിരിച്ചടിയുണ്ടാക്കും എന്നാണ് ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്. എന്നാല്‍ പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കുന്ന കെവി തോമസിന് വഴങ്ങേണ്ടതില്ലെന്ന് സംസ്ഥാന കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കള്‍ തന്നെ പറയുന്നുണ്ട്. ഹൈക്കമാന്‍ഡും ഈ നിലയക്കാണ് പറയുന്നത്.

അതിനിടെ കെവി തോമസ് ഇടതിലേക്ക് വരുന്നതിനെ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി സ്വാഗതം ചെയ്തിട്ടുണ്ട്. ആദ്യം താല്‍പര്യം അറിയിക്കട്ടെ പിന്നീട് നിലപാട് പറയാം എന്നാണ് സിപിഐയുടെ നിലപാട്.

എന്തായാലും ഇപ്പോഴത്തേത് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ഉറപ്പിക്കാനുളള കെവി തോമസിന്റെ സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമെന്ന നിലപാടിലാണ് യുഡിഎഫ്. അതനുസരിച്ചുള്ള അനുനയനീക്കങ്ങളുമായി അവര്‍ മുന്നോട്ടുപോകുകയും ചെയ്യുന്നു. ഏറെക്കാലം കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിച്ച കെവി തോമസ് ഒടുവില്‍ പാര്‍ട്ടി വിടുമോയെന്ന് നാളെയറിയാം.

kochi news kv thomas
Advertisment