ഫിലാഡൽഫിയ: ഇത്രയും കാലം തങ്ങളോടൊപ്പമുണ്ടായിരുന്ന പ്രിയപ്പെട്ടവനെ അവസാനമായി ഒരു നോക്ക് കാണുവാനോ, ആ മുഖത്ത് ഒരു അന്ത്യ ചുംബനം നല്കുവാനോ ഒരുപിടി പുഷ്പങ്ങൾ അർപ്പിക്കുവാനോ സാധിക്കാതെ യാത്രയാക്കേണ്ടി വരുന്ന പ്രത്യേക സാഹചര്യത്തിൽ , ദുഃഖം തളംകെട്ടി നിൽക്കുന്ന വേദനയിൽ, പ്രിയപ്പെട്ട ലാലു പ്രതാപ് ജോസിന് സുഹൃത്തുക്കളും ബന്ധുക്കളും അടങ്ങുന്ന വലിയ ഒരു മലയാളി സമൂഹം പ്രാത്ഥനയോടുകൂടിയ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി.
മലയാളീ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയായുടെ (മാപ്പ്) ഹെൽപ്പ് ലൈനിന്റെ ആഭിമുഖ്യത്തിൽ വിവിധ ആത്മീയ നേതാക്കന്മാരെയും , ബന്ധുക്കളെയും സുഹൃത്തുക്കളെയും സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ വ്യക്തികളെയും ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ ഓൺലൈൻ പ്രാർത്ഥനാ - അനുശോചനയോഗ വേളയിൽ നാടിന്റെ നാനാ ഭാഗത്തുനിന്നും നിരവധിയാളുകൾ സംബന്ധിച്ചു.
കോവിഡ് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ ഫിലാഡൽഫിയായിലെ ആദ്യ മലയാളിയും മാപ്പ് കുടുംബാഗവുമായ ലാലു പ്രതാപിന്റെ പാവന സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുവാനും പ്രാത്ഥിക്കുവാനുമായി ഏപ്രിൽ 10 -ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് പരേതന്റെ ഇടവകയായ ഫിലഡൽഫിയാ അസ്സൻഷൻ മാർത്തോമ്മാ ചർച്ച് വികാരി റവ. ജിൻസൺ കെ. മാത്യു, എക്യൂമെനിക്കൽ ചെയർമാൻ റവ. സജു ചാക്കോ, റവ. ഫാദർ അബു പീറ്റർ എന്നിവരുടെ പ്രാത്ഥനയോടുകൂടി ആരംഭിച്ച ഓൺലൈൻ അനുസ്മരണ യോഗത്തിൽ മാപ്പ് പ്രസിഡന്റ് ശാലു പുന്നൂസ് അധ്യക്ഷത വഹിച്ചു.
പരേതന്റെ മകനായ ബെന്നി , അഡ്വക്കേറ്റ് ജോസ് കുന്നേൽ, ഏഷ്യാനെറ്റ് യു. എസ്.എ. ബ്യൂറോ ചീഫ് വിൻസെന്റ് ഇമ്മാനുവേൽ, ഇൻഡ്യാ പ്രസ്ക്ലബ്ബിനെ പ്രതിനിധീകരിച്ചുകൊണ്ട് ജീമോൻ ജോർജ്ജ്, കോട്ടയം അസോസിയേഷൻ പ്രസിഡന്റ് ജോബി ജോർജ്ജ്, അനിയൻ ജോർജ്ജ്, ഐ.എൻ.ഓ.സി.ഫിലഡൽഫിയാ ചാപ്റ്റർ പ്രസിഡന്റ് സന്തോഷ് ഏബ്രഹാം, സണ്ണി ഏബ്രഹാം(കലാ മലയാളീ അസോസിയേഷൻ), പോൾ സി. മത്തായി (സൗത്ത് ജേഴ്‌സി മലയാളീ അസോസിയേഷൻ), അലക്സ് അലക്‌സാണ്ടർ , ജോൺ മാത്യു(ജോണിച്ചായൻ),സാബു സ്കറിയാ, അനു സ്കറിയാ, ബിനു ജോസഫ്, യോഹന്നാൻ ശങ്കരത്തിൽ, ബാബു കെ. തോമസ്, തോമസുകുട്ടി വർഗീസ്, തോമസ് ചാണ്ടി, രാജു ശങ്കരത്തിൽ എന്നിവർ ലാലു പ്രതാപിനെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും കോൺഫ്രൻസ് കോളിൽ സംബന്ധിച്ച ഏവർക്കും മാപ്പ് ട്രഷറർ ശ്രീജിത്ത് കോമാത്ത് നന്ദി പറഞ്ഞു.