കൊച്ചി: സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി മാരത്തണ്‍ ചര്‍ച്ചകള്‍ നടത്തിയിട്ടും ഇനിയും സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാകാതെ തൃക്കാക്കരയില്‍ ഇടതുമുന്നണി. മുന്നണിയുടെ കണ്‍വീനര്‍ തന്നെ നേരിട്ട് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയിട്ടും ഇനിയും സ്ഥാനാര്‍ത്ഥിയായില്ല. മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും അഭാവത്തില്‍ പാര്‍ട്ടി തീരുമാനം അനിശ്ചിതമായി നീളുന്നതില്‍ പ്രവര്‍ത്തകര്‍ക്ക് കടുത്ത നിരാശയുണ്ട്.
സാധാരണഗതിയില്‍ കോണ്‍ഗ്രസില്‍ ഉണ്ടാകുന്ന പ്രശ്‌നമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ ആശയക്കുഴപ്പം. പക്ഷേ ഇക്കുറി അത് സിപിഎമ്മിലാണെന്നതാണ് ഏറെ ശ്രദ്ധേയം. മാസങ്ങള്‍ കിട്ടിയിട്ടും സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാവാതെ വന്നത് ജില്ലാ ഘടകത്തിന്റെ വീഴ്ച തന്നെയെന്നാണ് വിലയിരുത്തല്‍.
പാര്‍ട്ടിക്കാരെ കിട്ടാത്തതിനാല്‍ ആദ്യം കോണ്‍ഗ്രസ് നേതാക്കളെയും പിന്നീട് പൊതു സ്വതന്ത്രരെയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. കോണ്‍ഗ്രസിലെ വിമത ശബ്ദമുയര്‍ത്തുന്നവരെ കണ്ടെത്തി ചര്‍ച്ച നടത്താന്‍ കെവി തോമസ് വഴി നീക്കം നടത്തിയിരുന്നു. ചിലര്‍ വഴങ്ങുമെന്ന സ്ഥിതി എത്തിയതോടെ ഇടതു ക്യാമ്പ് ആവേശത്തിലായിരുന്നു.
പക്ഷേ ചര്‍ച്ചകള്‍ക്ക് പുരോഗതിയില്ലാതായതോടെ സഭയുടെ നോമിനികളെ സമീപിച്ചു. കൊച്ചിയിലെ പ്രമുഖ ഡോക്ടറെയും അധ്യാപികയെയുമൊക്കെ സമീപിച്ചു നോക്കിയെങ്കിലും പ്രയോജനമുണ്ടായില്ല. നേരത്തെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആഗ്രഹിച്ചിരുന്ന കോളേജ് അധ്യാപിക വന്നാല്‍ അത് തിരിച്ചടിക്കുമെന്നും സിപിഎം ഭയന്നു. ഇതോടെ ആ നീക്കവും ഉപേക്ഷിച്ചു.
പിന്നീട് ചില സിനിമാ താരങ്ങളെയും സമീപിച്ചു. പക്ഷേ തൃക്കാക്കര ഇവരും തെരഞ്ഞെടുക്കാന്‍ തയ്യാറായില്ല. ജില്ലയ്ക്ക് പുറത്തുനിന്നുള്ള ചില ക്രൈസ്തവ പേരുള്ള പാര്‍ട്ടി നേതാക്കളെ സമീപിച്ചെങ്കിലും അവര്‍ക്കും താല്‍പ്പര്യമില്ലെന്നു തന്നെയാണ് പുറത്തുവരുന്ന വിവരം.
സിപിഎമ്മിന് കാര്യമായ സംഘടനാ സംവീധാനമില്ലാത്ത ഒരു നിയോജക മണ്ഡലമാണ് തൃക്കാക്കര. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ച വന്നതിന് പാര്‍ട്ടിയില്‍ നടപടിയും ഉണ്ടായ സാഹചര്യം ഉണ്ടായിരുന്നു. ഇത്തവണ കൃത്യസമയത്ത് സ്ഥാനാര്‍ത്ഥിയെ പോലും കണ്ടെത്താനാവാത്തത് വലിയ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്.
അതിനിടെ കെഎസ് അരുണ്‍കുമാറിനെ തന്നെ മത്സരിപ്പിക്കേണ്ടി വരും എന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ ഒടുവില്‍ എത്തുന്നതെന്നാണ് വിവരം. അരുണിനായി ഒരു സംക്രട്ടറിയേറ്റംഗത്തിന്റെ നേതൃത്വത്തില്‍ നീക്കം നടത്തുമ്പോള്‍ അതിനെതിരെ ഒരു മന്ത്രിയുടെ നേതൃത്വത്തില്‍ എതിര്‍പ്പുയര്‍ന്നുവെന്നാണ് സൂചന. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റ് തന്നെ എടുക്കും.