കത്തോലിക്കാ സഭ പ്രതിസന്ധിയില്‍ പെട്ടുലഞ്ഞപ്പോള്‍ മൗനം പാലിച്ച അല്‍മായ വീരന്മാര്‍ മുന്നോക്ക / ന്യൂനപക്ഷ ചെയര്‍മാന്‍ പദവികള്‍ക്കായി അരമനകള്‍ കയറിയിറങ്ങുന്നു. കര്‍ദ്ദിനാളിനെ ലക്ഷ്യംവച്ച വ്യാജ ഭൂമിവിവാദ സമയത്ത് മൗനത്തിലൊളിച്ച എകെസിസി നേതാവും മധ്യകേരളത്തിലെ  രണ്ട് മുന്‍ വിസിമാരും ബിഷപ്പുമാരുടെ കത്തുമായി രംഗത്ത്. ഭൂമി വിവാദം ശരിയോ തെറ്റോ എന്നറിഞ്ഞിട്ട് ഇടപെടാം എന്ന് പറഞ്ഞ് സഭാ തലവനെ സംശയമുനയില്‍ നിര്‍ത്തിയ അല്‍മായ പ്രമുഖന് സഭാ നേതൃത്വം കത്ത് നല്‍കിയതിനെതിരെയും പ്രതിഷേധം. മുഖ്യമന്ത്രിയോട് അടുപ്പമുള്ള ബിഷപ്പിന്‍റെ ശുപാര്‍ശയുമായി സ്ഥിരമായ സഭാ പദവികള്‍ കയ്യാളുന്ന അല്‍മായ നേതാവും

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, June 14, 2021

കൊച്ചി: രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു പിന്നാലെ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍, മുന്നോക്ക സമുദായ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ കത്തോലിക്കാ സഭാ പ്രതിനിധികള്‍ക്ക് നല്‍കണമെന്ന ആവശ്യം ശക്തമാണ്.

ഇതിന്റെ ഭാഗമായി സഭാ നേതൃത്വങ്ങളുടെ കത്തുവാങ്ങി ചിലര്‍ സിപിഎമ്മിന്റെ ഉന്നതരെ കണ്ടുവെന്നാണ് സൂചന. കത്തോലിക്കാ സഭയും സഭാ പിതാവും കടുത്ത പ്രതിസന്ധിയില്‍ നിന്നിരുന്ന സമയത്ത് സഭയെ തിരിഞ്ഞു നോക്കുകയോ, പ്രതിസന്ധിയില്‍ കൂടെ നില്‍ക്കുകയോ ചെയ്യാത്ത ചില നേതാക്കളാണ് ഈ സ്ഥാനമാനങ്ങള്‍ക്കായി രംഗത്തുള്ളത്.

ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം വര്‍ഷങ്ങളായി മുസ്ലീം സമുദായത്തിനാണ് മാറിമാറി വന്ന സര്‍ക്കാരുകള്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇക്കുറി അതു മാറ്റി ക്രൈസ്തവ-മുസ്ലീം വിഭാഗങ്ങള്‍ക്ക് പകുത്തു നല്‍കണമെന്നാണ് സഭ ആവശ്യപ്പെടുന്നത്. ഇതിന്റെ ഭാഗമായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് സഭാ നേതൃത്വത്തിന്റെ നീക്കം.

കത്തോലിക്കാ കോണ്‍ഗ്രസ് അധ്യക്ഷന്‍ ബിജു പറയന്നിലമാണ് ന്യൂനപക്ഷ ചെയര്‍മാന്‍ സ്ഥാനത്തിനായി രംഗത്തിറങ്ങിയ അല്‍മായ പ്രമുഖരിലൊരാള്‍. ഇതിനായി സഭയുടെ ഉന്നത നേതൃത്വത്തിന്‍റെ കത്ത് ഇദ്ദേഹം സംഘടിപ്പിച്ചുവെന്നാണ് സൂചന. ഈ കത്തുമായി സിപിഎം നേതൃത്വത്തെയും ഇദ്ദേഹം സമീപിച്ചിട്ടുണ്ട്.

എന്നാല്‍ കര്‍ദിനാള്‍ പ്രതിസന്ധിയിലായ ഭൂമി വിവാദത്തില്‍ അദ്ദേഹത്തെ ഒരു തരത്തിലും സംരക്ഷിക്കാത്ത ആളായിരുന്നു ബിജു പറയനിലമെന്നാണ് അദ്ദേഹത്തിനെതിരെ സഭയില്‍ നിലപാട് എടുക്കുന്നവര്‍ പറയുന്നത്.

സഭയുടെ ഔദ്യോഗിക അല്‍മായ സംഘടനയായ ഗ്ലോബല്‍ കത്തോലിക്കാ കോണ്‍ഗ്രസ് ഈ വിഷയത്തില്‍ നിശബ്ദമായിരുന്നുവെന്നും ഇവര്‍ പറയുന്നു. അങ്ങനെ സഭയെ സംരക്ഷിക്കാത്ത ഒരാള്‍ക്ക് എങ്ങനെ സഭയുടെ ലേബലില്‍ സ്ഥാനമാനങ്ങള്‍ ലഭിക്കുന്നത് അംഗീകരിക്കുമെന്നും വിമര്‍ശകര്‍ ചോദിക്കുന്നു.

കടുത്ത പ്രതിഷേധമാണ് പല അല്‍മായ നേതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. അതിനിടെ മുന്നോക്ക സമുദായ വികസന കോര്‍പറേഷന്റെ (സമുന്നതി) ചെയര്‍മാന്‍ സ്ഥാനം ലക്ഷ്യമിട്ട് മധ്യ കേരളത്തിലെ രണ്ടു പഴയ വൈസ് ചാന്‍സിലര്‍മാരാണ് ബിഷപ്പുമാരുടെ കത്തുമായി നടക്കുന്നത്.

ഇവര്‍ക്കുവേണ്ടി ഒരു ബിഷപ്പ് സഭയുടെ ഉന്നത നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. അവര്‍ക്കും സഭയുടെ കത്ത് ലഭിച്ചിട്ടുണ്ട്. തല്‍ക്കാലം കത്ത് ആവശ്യപ്പെടുന്ന ആരെയും പിണക്കാന്‍ സഭയും തയ്യാറല്ല. എന്നാല്‍ ഈ സ്ഥാനം ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധമുള്ള ഒരു റിട്ടയേര്‍ഡ് ബിഷപ്പു വഴി മറ്റൊരു അല്‍മായ നേതാവും ചരടുവലി നടത്തുന്നുണ്ട്. സഭയില്‍ അല്‍മായര്‍ക്ക് വഹിക്കാവുന്ന എല്ലാ പദവികളും ആസ്വദിച്ച ഏക അല്‍മായനും ഇദ്ദേഹമാണ്.

സഭയെ പ്രതിസന്ധിയില്‍ സഹായിക്കുകയോ കൂടെ നില്‍ക്കുകയോ ചെയ്യാത്ത ഇവരൊക്കെ സ്ഥാനമാനങ്ങള്‍ നേടുമ്പോള്‍ സഭയെ ആപത്തുകാലത്ത് സഹായിച്ച അല്‍മായരില്‍ പലരും കാഴ്ചക്കാരാകുകയാണ്. ഇപ്പോള്‍ പദവികള്‍ക്കായി രംഗത്തിറങ്ങിയവരില്‍ ചിലര്‍ ആപത്തുകാലത്ത് സഹായിച്ചില്ലെന്ന് മാത്രമല്ല സഭാ പിതാവിനെ സ്ഥാനത്തുനിന്നും മാറ്റാന്‍ കരുനീക്കങ്ങള്‍ നടത്തിയവരുമാണ്. ഇതിലാണ് പലര്‍ക്കും പ്രതിഷേധം.

എന്തായാലും നിലവില്‍ ആരെയും പിണക്കാത്ത നിലപാടാണ് സഭാ നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. മലബാറിലെ ഒരു ബിഷപ്പുമായി ലോക് ഡൌണ്‍ കഴിഞ്ഞാലുടന്‍ ഭരണ നേതൃത്വത്തെ കാണാനാണ് ഇവരിലൊരാള്‍ കരുനീക്കം നടത്തുന്നത്. അങ്ങനെ സംഭവിച്ചാല്‍ അത് സഭയില്‍ മറ്റൊരു വിവാദത്തിന് തിരികൊളുത്തലാകും.

×