രാജ്യം ദുഖിക്കുന്നുവെന്ന് മോദി; ഒരു യുഗത്തിന്റെ അവസാനമെന്ന് രാഷ്ട്രപതി: പ്രണബ് മുഖര്‍ജിയുടെ വിയോഗത്തില്‍ അനുസ്മരിച്ച് പ്രമുഖര്‍

New Update

publive-image

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വിയോഗത്തില്‍ അനുസ്മരിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ള പ്രമുഖര്‍. അവരുടെ വാക്കുകളിലൂടെ...

Advertisment

പ്രധാനമന്ത്രി നരേന്ദ്ര മോദി: പ്രണബ് മുഖർജിയുടെ വിയോഗത്തിൽ രാജ്യം ദുഃഖിക്കുകയാണെന്നും രാജ്യത്തിന്റെ വികസനപാതയിൽ മായാത്ത മുദ്ര പതിപ്പിച്ച വ്യക്തിയാണ് പ്രണബ് മുഖർജിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമൂഹത്തിലെ എല്ലാ തുറയിലുള്ളവരും അദ്ദേഹത്തെ ആദരിച്ചു. പാര്‍ലമെന്റംഗമെന്ന നിലയില്‍ അദ്ദേഹം മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചു. രാഷ്ട്രപതിയെന്ന നിലയില്‍ രാഷ്ട്രപതി ഭവന്‍ സാധാരണ ജനങ്ങള്‍ക്ക് കൂടി എത്തിപ്പെടാവുന്ന സ്ഥലമാക്കി അദ്ദേഹം മാറ്റിയെന്നും മോദി പറഞ്ഞു.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്: പ്രണബ് മുഖർജിയുടെ മരണവിവരമറിഞ്ഞ് നടുങ്ങിപ്പോയെന്നും അദ്ദേഹത്തിന്റെ മരണം ഒരു യുഗത്തിന്റെ അവസാനമാണെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വിറ്ററിലൂടെ പറഞ്ഞു. പ്രണബ് മുഖർജിയുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അദ്ദേഹം അനുശോചനം അറിയിച്ചു.

രാഹുല്‍ ഗാന്ധി: പ്രണബ് മുഖർജിയുടെ വിയോഗ വാർത്ത അതീവ ദുഃഖത്തോടെയാണ് രാജ്യം സ്വീകരിക്കുന്നതെന്നും രാജ്യത്തിനൊപ്പം അദ്ദേഹത്തിന് പ്രണാമം അർപ്പിക്കുന്നുവെന്നും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ട്വീറ്റ് ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍: പ്രണബ് കുമാർ മുഖർജിയുടെ വിയോഗം രാഷ്ട്രത്തിനും ജനതയ്ക്കും കനത്ത നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയുടെ യശസ്സ് സാർവ്വദേശീയ തലത്തിൽ ഉയർത്തിപ്പിടിക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച രാഷ്ട്രതന്ത്രജ്ഞനായിരുന്നു പ്രണബ് കുമാർ മുഖർജി. ഭരണഘടനാ മൂല്യങ്ങളുടെ പരിരക്ഷണത്തിനും ശാക്തീകരണത്തിനും വേണ്ടി നിലകൊണ്ട അദ്ദേഹം മതനിരപേക്ഷത അടക്കമുള്ള മൂല്യങ്ങൾ സമൂഹത്തിൽ രൂഢമൂലമാക്കുന്നതിനു വേണ്ടി നിരന്തരം ശ്രമിച്ചു. ധനകാര്യം, പ്രതിരോധം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തപ്പോഴൊക്കെ തൻ്റെ അനിതരസാധാരണമായ വ്യക്തിമുദ്ര കൊണ്ട് ശ്രദ്ധേയമായ തലത്തിലേക്ക് അവയെ ഉയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ: അങ്ങേയറ്റം കൂറോടെ രാഷ്ട്രത്തെ സേവിച്ച പരിചയസമ്പന്നനായ നേതാവായിരുന്നു പ്രണബ് മുഖർജിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അനുസ്മരിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല: പാര്‍ലമെന്ററി രാഷ്ട്രീയത്തിലെ അതികായനായിരുന്നു പ്രണബ് മുഖര്‍ജിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രണബ് മുഖര്‍ജിയുടെ നിര്യാണം രാജ്യത്തിന് വലിയ നഷ്ടമാണ്. അദ്ദേഹവുമായുള്ള തന്‍റെ ദീര്‍ഘകാല ബന്ധത്തെക്കുറിച്ചും ചെന്നിത്തല ഓര്‍മ്മിച്ചു. വിദ്യാർത്ഥി രംഗത്ത് പ്രവർത്തിച്ചിരുന്ന തന്നെ പോലുള്ളവർക്ക് പ്രണബ് മുഖര്‍ജി താങ്ങും തണലുമായിരുന്നെന്നും ചെന്നിത്തല പറഞ്ഞു.

എ.കെ. ആന്റണി: പ്രണബിന്‍റെ വേര്‍പാട് ദേശീയ നഷ്ടമെന്നായിരുന്നു എ കെ ആന്‍റണിയുടെ പ്രതികരണം. രാഷ്ട്രം നേരിട്ട എല്ലാ പ്രതിസന്ധികളും വിലപ്പെട്ട ഉപദേശങ്ങള്‍ അദ്ദേഹം നല്‍കിയിരുന്നെന്നും എ കെ ആന്‍റണി ഓര്‍മ്മിച്ചു.

സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ: കക്ഷിരാഷ്ട്രീയങ്ങൾക്ക് അതീതമായി, സൗഹാർദത്തിന്റെ പ്രതീകമായി രാഷ്ട്രപതിഭവനെ 5 വർഷം മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹത്തിനു സാധിച്ചു. സാധാരണ കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന് ഇന്ത്യയുടെ പരമോന്നത സ്ഥാനം വരെ അലങ്കരിക്കാനായി എന്നതും ഏറെ ശ്രദ്ധേയമാണ്. ഇന്ദിരാഗാന്ധിയുടേയും, നരസിംഹറാവുവിന്റേയും കേന്ദ്ര മന്ത്രിസഭയിലും അംഗമായിരുന്ന അദ്ദേഹം ഒരു ജനകീയ നേതാവ്, ഭരണ കർത്താവ്, രാഷട്രതന്ത്രജ്ഞൻ എന്നീ നിലകളിലും പ്രാവീണ്യം തെളിയിച്ചിരുന്നു.രാഷട്രീയത്തിന്റെ എന്നല്ല ഏതു കാര്യത്തേക്കുറിച്ചും നല്ല അറിവുള്ള വ്യക്തി കൂടിയായിരുന്ന പ്രണബ്ദായുടെ മരണം നമ്മുടെ രാജ്യത്തിന് ഒരു വലിയ നഷ്ടം തന്നെയാണ്.

കെ.സുരേന്ദ്രൻ: അപൂർവ്വം വ്യക്തികൾക്ക് മാത്രം കാണുന്ന രാജ്യതന്ത്രജ്ഞത ഗുണമുള്ള നേതാവായിരുന്നു പ്രണബ് കുമാർ മുഖർജി. ഭാരതത്തിന്റെ രാഷ്ട്രപതിയായിരുന്ന അദ്ദേഹം അടിയുറച്ച ദേശീയവാദിയായിരുന്നു. എന്നും സ്വന്തം നിലപാട് വ്യക്തമായി പ്രഖ്യാപിക്കാൻ ധൈര്യം കാണിച്ച കരുത്തുറ്റ ഭരണാധികാരിയായിരുന്നു മുഖർജി. പ്രധാനമന്ത്രി ആവേണ്ടതായിരുന്നിട്ടും സ്ഥാനം ലഭിക്കാത്തതു കൊണ്ട് സ്വന്തം വിശ്വാസത്തിൽ നിന്നും വ്യതിചലിക്കാൻ അദ്ദേഹം തയ്യാറായില്ല. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം രാഷ്ട്രപതി എന്ന നിലയിൽ കേന്ദ്രസർക്കാരുമായി നല്ലരീതിയിൽ സഹകരിച്ച് പ്രവർത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

Advertisment